x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടോ ഡ്രൈവർക്ക് പണം നൽകിയത് ജി-പേ വഴി; പിന്നാലെ മോശം സന്ദേശങ്ങളും ഭീഷണിയുമായി പിന്തുടർന്ന ഡ്രൈവർക്ക് നാട്ടുകാരുടെ 'ഉഗ്രൻ പണി'


Published: April 17, 2026 11:37 PM IST | Updated: April 17, 2026 11:37 PM IST

ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്ന് താനെയിലെ മീരാ റോഡിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന ദൃശ്യം വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

ഓട്ടോറിക്ഷാ യാത്രയ്ക്ക് ശേഷം ഓൺലൈനായി പണം കൈമാറിയ 17 കാരിയെ ഫോൺ നമ്പറിലൂടെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്ത ഡ്രൈവറെ നാട്ടുകാർ പിടികൂടി ശിക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കഴിഞ്ഞ നവംബറിൽ നടന്ന ഈ സംഭവം, നമ്മുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്‍റെ ഉദാഹരണമായി മാറുകയാണ്. യാത്രാക്കൂലി നൽകാൻ പെൺകുട്ടി ഉപയോഗിച്ച ജി-പേ വിവരങ്ങളിൽ നിന്നാണ് പ്രതി പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയത്.

ഈ നമ്പറിലൂടെ ഇൻസ്റ്റാഗ്രാം ഐഡി കണ്ടെത്തിയ ഇയാൾ നിരന്തരമായി സന്ദേശങ്ങൾ അയക്കുകയും പെൺകുട്ടിയുടെ വീടിന് സമീപവും പാർക്കിലും കാത്തുനിന്ന് ശല്യം ചെയ്യുകയും ചെയ്തു. ഡ്രൈവറുടെ പെരുമാറ്റത്തിൽ ഭയന്ന പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ വളയുകയായിരുന്നു.

വീഡിയോയിൽ ദേഷ്യപ്പെട്ട നാട്ടുകാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും കാണാം. ഒടുവിൽ ചെവിയിൽ പിടിച്ച് ഏത്തമിടീച്ചും ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് മാപ്പ് പറയിപ്പിച്ചുമാണ് ഇയാളെ വിട്ടയച്ചത്.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സൈബർ ലോകത്ത് ഉയരുന്നത്. ഇത്തരക്കാരെ നാട്ടുകാർ ശിക്ഷിക്കുന്നതിന് പകരം പോക്സോ നിയമപ്രകാരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു വേണ്ടതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഡിജിറ്റൽ പേയ്‌മെന്‍റുകൾ നടത്തുമ്പോൾ നമ്മുടെ പേരും ഫോൺ നമ്പറും അനായാസം മറ്റൊരാൾക്ക് ലഭിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

ഓട്ടോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യം വീട്ടുപടിക്കൽ ഇറങ്ങാതെ അല്പം മാറി ഇറങ്ങുന്നതും, നേരിട്ട് പണം നൽകുന്നതും ഇത്തരം സൈബർ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുമെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക വിദ്യകൾ ഉപകാരപ്രദമാകുമ്പോഴും അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Tags : SafetyAlert ThaneNews ViralVideo DigitalPrivacy WomensSafety

Recent News

Corehub Up