ഇന്ത്യയിലെ ചില ഫാക്ടറികളിൽ നിന്നും ഡാറ്റാ ലാബുകളിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോകത്തെ കറുത്ത യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.
'ഹാൻഡ് മൂവ്‌മെന്‍റ് ഫാമുകൾ' എന്നറിയപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളാണ് തങ്ങളുടെ ഓരോ ശാരീരിക ചലനങ്ങളും പകർത്താനായി തലയിൽ ക്യാമറകൾ ഘടിപ്പിച്ച് ജോലി ചെയ്യുന്നത്.
ഭാവിയിൽ വരാനിരിക്കുന്ന റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ പെരുമാറാനും പ്രവർത്തിക്കാനും ഉള്ള പരിശീലനം നൽകുകയാണ് ഈ മനുഷ്യരുടെ പ്രധാന ദൗത്യം. യഥാർഥത്തിൽ, തങ്ങളുടെ ജോലി എന്നെന്നേക്കുമായി നഷ്ടപ്പെടുത്താൻ പോകുന്ന റോബോട്ടുകളെ സ്വന്തം കൈകൾ കൊണ്ട് തന്നെ പരിശീലിപ്പിക്കാൻ ഇവർ നിർബന്ധിതരാവുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.
മൈക്രോ1 പോലുള്ള ആഗോള കമ്പനികൾ ഇന്ത്യയെ കൂടാതെ നൈജീരിയ, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളിലായി ആയിരക്കണക്കിന് കരാർ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
തുണികൾ മടക്കുക, പാത്രങ്ങൾ കഴുകുക, ഭക്ഷണം പാകം ചെയ്യുക, സാധനങ്ങൾ അടുക്കി വെക്കുക എന്നിങ്ങനെയുള്ള ദൈനംദിന ജോലികൾ ഇവരെക്കൊണ്ട് ആവർത്തിച്ച് ചെയ്യിപ്പിക്കുന്നു.
ഓരോ വിരലനക്കവും കൈകളുടെ ചലനങ്ങളും മൈക്രോ സെക്കന്‍റുകൾ പോലും വിടാതെ ക്യാമറകൾ ഒപ്പിയെടുക്കും. അമേരിക്കയിലെ എഐ ലാബുകളിലേക്ക് അയക്കുന്ന ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ടെസ്‌ല, ഫിഗർ എഐ തുടങ്ങിയ വമ്പൻ കമ്പനികൾ അവരുടെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ബുദ്ധി വികസിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രതിമാസം 19000 രൂപ മുതൽ 21000 രൂപ വരെ മാത്രമാണ് ഇന്ത്യയിലെ ഈ തൊഴിലാളികൾക്ക് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ഈ തുകയ്ക്ക് പിന്നിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കുന്നുണ്ട്. മണിക്കൂറുകളോളം തലയിൽ ഭാരമുള്ള ക്യാമറ കെട്ടി വെക്കുന്നത് കണ്ണിനും കഴുത്തിനും കഠിനമായ വേദന ഉണ്ടാക്കുന്നു.
കൂടാതെ ഒരേ ജോലി ആവർത്തിച്ച് ചെയ്യുന്നത് കൈത്തണ്ടയ്ക്ക് തകരാറുകൾ സൃഷ്ടിക്കുന്നുമുണ്ട്. സാങ്കേതികമായി ഇതിനെ ഡാറ്റാ ക്യാപ്‌ചർ എന്ന് വിളിക്കുന്നുണ്ടെങ്കിലും, മനുഷ്യന്‍റെ അധ്വാനത്തെ വെറും വിവരങ്ങളാക്കി മാറ്റി അവനെത്തന്നെ പുറന്തള്ളുന്ന ഒരു പുതിയ തരം ചൂഷണമായാണ് പല സാമൂഹിക നിരീക്ഷകരും ഇതിനെ കാണുന്നത്.
വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യവും കുറഞ്ഞ വേതനവും മുതലെടുത്ത് വലിയ ടെക് കമ്പനികൾ അവരുടെ ഭാവി ലാഭത്തിനായി മനുഷ്യനെക്കൊണ്ട് തന്നെ അവന്‍റെ പകരക്കാരെ നിർമ്മിപ്പിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.
ഒരു റോബോട്ടിന് പരിശീലനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആ ജോലി ചെയ്യാൻ അവിടെ ഒരു മനുഷ്യന്‍റെ ആവശ്യം ഇല്ലാതാകുന്നു എന്നതാണ് ഇതിന്‍റെ സാരം.
?? Factory workers in India are wearing head-mounted cameras so AI can watch exactly how humans do physical work. Every hand movement, every adjustment, every shortcut.
— Mario Nawfal (@MarioNawfal) April 13, 2026
The workers are training their own replacements in real time, on the job, getting paid to do it.
The most… pic.twitter.com/EB9dKnfd3F
Tags : AI ArtificialIntelligence Robotics FutureOfWork Technology