x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുപ്പതോളം കുരുന്നുകളുടെ ജീവൻ രക്ഷിച്ച് അവൾ മണ്ണോടു ചേർന്നു


Published: April 23, 2026 10:34 PM IST | Updated: April 23, 2026 10:34 PM IST

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ധീരകുള എന്ന കൊച്ചുഗ്രാമം ഇപ്പോൾ കണ്ണീരിലും അഭിമാനത്തിലുമാണ്. മുപ്പതിലധികം കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ തന്‍റെ ജീവൻ തന്നെ ബലി നൽകിയ കാളി എന്ന തെരുവ് നായയുടെ കഥ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിൽ വലിയൊരു വിങ്ങലായി മാറുകയാണ്.

സ്കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തങ്ങളുടെ തൊട്ടടുത്ത് ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പിനെ കണ്ടിരുന്നില്ല. അപകടം മണത്ത കാളി ഉടൻ തന്നെ പാമ്പിനും കുട്ടികൾക്കും ഇടയിൽ ഒരു മറയായി നിലയുറപ്പിച്ചു.

കുട്ടികളെ ലക്ഷ്യമാക്കി വന്ന പാമ്പിനെ കാളി അതിശക്തമായി നേരിട്ടു. പാമ്പിന്‍റെ കടിയേറ്റ് മുഖമാകെ മുറിവേറ്റിട്ടും, ശരീരത്തിൽ വിഷം പടർന്നിട്ടും ഒരു നിമിഷം പോലും പിന്മാറാൻ അവൾ തയ്യാറായില്ല.

പാമ്പിനെ പൂർണമായും കീഴ്പ്പെടുത്തി കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷം കാളി അവിടെ തളർന്നു വീണു. വൈകാതെ തന്നെ അവൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വെറുമൊരു തെരുവ് നായയായിരുന്നില്ല കാളി, മറിച്ച് ആ ഗ്രാമത്തിന്‍റെ കാവൽ മാലാഖയായിരുന്നു. തങ്ങളെ രക്ഷിച്ച ആ ജീവനോടുള്ള ആദരസൂചകമായി, പ്രിയപ്പെട്ടൊരാളെ യാത്രയാക്കുന്ന അതേ സങ്കടത്തോടെയാണ് ഗ്രാമവാസികൾ കാളിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച വെള്ളത്തുണിയിൽ പൊതിഞ്ഞ് വിലാപയാത്രയായാണ് നാട്ടുകാർ അവളെ യാത്രയാക്കിയത്. നിസ്വാർഥമായ സ്നേഹത്തിന്‍റെയും കൂറിന്‍റെയും ഏറ്റവും വലിയ പ്രതീകമായി കാളി എന്നെന്നും ആ ഗ്രാമത്തിന്‍റെ ഓർമ്മകളിൽ നിലനിൽക്കും.

Tags : HeroDog InspiringStories AnimalRescue TrueHero Heartwarming

Recent News

Corehub Up