വസ്ത്രങ്ങൾ പഴകുമ്പോൾ സാധാരണയായി നമ്മൾ അവ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ, അതേ പഴയ തുണിത്തരങ്ങൾക്കുള്ളിൽ പുതിയ സാധ്യതകൾ നെയ്തെടുക്കുകയാണ് മാനന്തവാടി സ്വദേശിനിയായ എം.എസ്. ഗോപിക.
അപ്സൈക്ലിംഗിലൂടെ പഴയ തുണിത്തരങ്ങൾക്ക് പുതിയ രൂപം നൽകി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ മുഖമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
തന്റെ സൃഷ്ടികൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയതിലൂടെയാണ് ഗോപികയുടെ വൈറൽ യാത്ര ആരംഭിച്ചത്. പഴയ ലുങ്കി, മാക്സി, ഷർട്ട് തുടങ്ങിയവ പുതുക്കി ട്രെൻഡിംഗ് ഡ്രസുകളാക്കി മാറ്റുന്ന വീഡിയോകളിലൂടെയാണ് ഗോപികയുടെ വൈറൽ തുടക്കം.
അച്ഛന്റെ ലുങ്കിയും അമ്മയുടെ നൈറ്റിയുമെല്ലാം ഗോപികയുടെ കൈകളിൽ പുതിയ ഫാഷൻ രൂപങ്ങളായി മാറി. സാമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ അവൾക്ക് കൂടുതൽ കരുത്തേകി.
ഫാഷൻ ഡിസൈനിംഗ് പഠിക്കാതെ തന്നെ ഇരുപത്തിനാലാം വയസിൽ "വിയർ 712' എന്ന പേരിൽ അറിയപ്പെടുന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഗോപിക. തന്റെ സൃഷ്ടികൾക്ക് ചുക്കാൻ പിടിക്കാൻ പൂർണ പിന്തുണയുമായി കുടുംബവും ഗോപികയ്ക്കൊപ്പമുണ്ട്.
തന്റെ വേറിട്ട ആശയത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടിയെടുക്കാൻ ഗോപികയ്ക്ക് കഴിഞ്ഞു. കീറിയതും പഴകിയതും നിറമങ്ങിയതുമായ തുണികൾ ഗോപികയുടെ കരവിരുതിൽ പുതുമയാർന്ന ഡിസൈൻ ഡ്രസുകളായി മാറും.
പഴകിയ തുണികൾക്ക് പുറമേ പ്ലാസ്റ്റിക് കവറുകളെയും ഡ്രസുകളാക്കി മാറ്റാൻ ഗോപികയ്ക്ക് കഴിയും. ഡ്രസുകൾക്കു പുറമേ ബാഗുകളും അനായാസം നിർമിച്ചെടുക്കും.
സ്റ്റിച്ചിംഗിലേക്കുള്ള വരവ്
പണ്ടു മുതൽ വീട്ടിൽ അമ്മയ്ക്ക് സാധാരണ തയ്യൽ മെഷീൻ ഉണ്ടായിരുന്നു. എനിക്ക് അത് ഉപയോഗിക്കാൻ അറിയില്ലായിരുന്നു. അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. പക്ഷേ എനിക്ക് ഇതിലൊക്കെ താത്പര്യമുണ്ടായിരുന്നു.
പാവക്കുട്ടിക്ക് സൂചിയും നൂലും ഉപയോഗിച്ച് ഉടുപ്പ് തുന്നാറുണ്ടായിരുന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം അച്ഛൻ വീട്ടിലേക്ക് ഇലക്ട്രിക്കൽ മെഷീൻ വാങ്ങി. അതിന് ശേഷം അതിലൂടെയാണ് ഞാൻ സ്റ്റിച്ചിംഗ് ആരംഭിച്ചത്.
ആദ്യം വീട്ടിലെ പഴയതുണികൾ കട്ട് ചെയ്ത് മൂന്നു സൈഡും തയ്ച്ച് ഒരു വള്ളിയും കൂടെ ചേർത്ത് ടോട്ട് ബാഗ് ആക്കിയാണ് തുടങ്ങിയത്. പിന്നീട് ഇതുപോലെ പഴയ തുണികൾ ഉപയോഗിച്ച് എന്റെ അളവിൽ ഉടുപ്പുകൾ സ്റ്റിച്ച് ചെയ്ത് തുടങ്ങുകയായിരുന്നു.
അപ്സൈക്ലിംഗ് എന്ന ആശയം
അപ്സൈക്ലിംഗ് എന്ന വാക്ക് അറിയുന്നതിന് മുമ്പ് തന്നെ ഞാനത് ചെയ്ത് തുടങ്ങിയിരുന്നു. വീട്ടിൽ ഒഴിവാക്കാൻ വച്ചിരുന്ന ചുരിദാറിന്റെ ടോപ്പും അച്ഛന്റെ ഷർട്ടുമൊക്കെ എടുത്ത് കൈയൊക്കെ വെട്ടി തയ്ച്ച് ഇടാൻ തുടങ്ങിയിരുന്നു.
പിന്നീട് നല്ല നല്ല പഴയ തുണികൾ കിട്ടാൻ തുടങ്ങി. അതാക്കെ തയ്ച്ച് ടോപ്പുകളാക്കി മാറ്റി പുറത്തോട്ട് പോകുമ്പോഴൊക്കെ ഇടാൻ തുടങ്ങി. അതുകണ്ട് എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി.
അങ്ങനെയാണ് ഇതിനോട് കൂടുതൽ താത്പര്യം വരുകയും അപ്സൈക്ലിംഗിലേക്ക് ഫോക്കസ് ചെയ്യാൻ തുടങ്ങിയതും.
ആദ്യത്തെ വൈറൽ വീഡിയോ
അപ്സൈക്ലിംഗ് ഒരു കണ്ടന്റാക്കി ഇടാൻ തുടങ്ങിയിട്ട് ഒരുവർഷമായി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചുരിദാർ സെറ്റ് അപ്സൈക്കിൾ ചെയ്ത് പാവടയും ഉടുപ്പുമാക്കിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയ്ക്ക് നല്ല റീച്ച് കിട്ടി.
ഏകദേശം ആറ് മില്യൺ ആളുകളിലേക്ക് വീഡിയോ എത്തുകയും ധാരാളം ലൈക്കുകളും ലഭിച്ചു. അപ്പോഴാണ് ഇത് കണ്ടന്റാക്കി ഇട്ടാൽ നല്ലതായിരിക്കുമെന്ന ചിന്ത വന്നത്. പിന്നീട് പതിയെ വീഡിയോ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
ധാരാളം ആളുകൾ കണ്ട് പോസിറ്റിവ് കമന്റുകൾ വരാൻ തുടങ്ങി. ഇപ്പോൾ ഇടുന്ന വീഡിയോകൾക്കെല്ലാം നല്ല റീച്ച് കിട്ടുന്നുണ്ട്.
ഫാമിലി സപ്പോർട്ട്
അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്റെ ലുങ്കിയും അമ്മയുടെ നൈറ്റിയുമാണ് ഇപ്പോൾ ട്രെൻഡായി നിൽക്കുന്നത്. അതിലൂടെ തന്നെ അവർ നല്ല സപ്പോർട്ടാണെന്ന് മനസിലാകും. വീഡിയോ എടുക്കാനൊക്കെ നല്ല സഹകരണമാണ്.
എന്നാൽ, പണ്ട് വീട്ടുക്കാർ ഒട്ടും സപ്പോർട്ട് അല്ലായിരുന്നു. ചെറുപ്പത്തിൽ ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് തീരെ താത്പര്യമില്ലായിരുന്നു.
പഠിക്കാൻ വിടാൻ തയാറല്ലായിരുന്നു. പിന്നീട് ഡിഗ്രി കഴിഞ്ഞ ശേഷം എന്റെ ഇഷ്ടത്തിന് ക്ലോത്തിംഗ് ബ്രാൻഡ് തുടങ്ങി. തുണികൾ വാങ്ങി സ്റ്റിച്ച് ചെയ്ത് ബ്രാൻഡിന്റെ ഇൻസ്റ്റ അകൗണ്ടിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
അമ്മയുടെ ഫ്രണ്ട്സ് അതൊക്കെ കണ്ട് അമ്മയോട് എന്നെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയതോടെ അമ്മയ്ക്ക് കുറച്ച് താത്പര്യ വരാൻ തുടങ്ങി.
ഇപ്പോൾ അവർ നല്ല സപ്പോർട്ടാണ്. അവരെയും ഉൾപ്പെടുത്തിയാണ് വീഡിയോസ് ചെയ്യുന്നത്.
ഡിസൈനിംഗ് ഐഡിയകൾ
പുതിയ തുണിയെടുത്ത് ചെയ്യുന്ന ഡ്രസുകൾ റഫറൻസ് നോക്കി ചെയ്യാറുണ്ട്. അപ്സൈക്കിൾ ചെയ്ത് സ്റ്റിച്ച് ചെയ്യുന്ന ഉടുപ്പുകൾ മുഴുവൻ എന്റെ സ്വന്തം ഡിസൈനാണ്.
കാരണം ഒരു പഴയ ലുങ്കി കിട്ടുന്ന സമയത്ത് അതിന്റെ ഏതെങ്കിലും ഭാഗം കീറിയിട്ട് ഉണ്ടാകും. അപ്പോൾ അതൊക്കെ മാറ്റി പ്ലാൻ ചെയ്ത് ഓരോ ഐഡിയ പരീക്ഷിക്കും.
ആദ്യം കാണുമ്പോൾ ഒരു ഐഡിയ തോന്നും. പക്ഷേ ചെയ്ത് വരുമ്പോൾ അങ്ങനെ തന്നെ ആകണമെന്നില്ല. അപ്പോൾ അതിനനുസരിച്ച് ഡിസൈൻ മാറ്റും.
ഒരു തുണി കൈയിൽ കിട്ടുമ്പോൾ തന്നെ ഡിസൈനിനെപ്പറ്റി കൂടുതൽ ആലോചിക്കും. എല്ലാവരും കാണുന്ന ഡിസൈൻസിന്റെ തുടർച്ചയാകാതിരിക്കാൻ പരമാവധി ശ്രമിക്കും. എന്തെങ്കിലും അടിപൊളി അതിനകത്ത് കൊണ്ടുവരാൻ ശ്രമിക്കും.
ഫ്യൂച്ചർ പ്ലാൻസ്
ഭാവിയിൽ അറിയപ്പെടുന്ന സംരംഭക ആകണമെന്നുണ്ട്. അതിനായി കൂടുതൽ പരിശ്രമിക്കണം. ബ്രാൻഡിനെ കുടുതൽ ഉയർത്തണം. കുടാതെ, അപ്സൈക്കിംഗ് രീതി കൂടുതൽ അറിയപ്പെടുന്ന രീതിയിലേക്ക് മാറ്റണം. അതിനായി കൂടുതലായി സ്റ്റിച്ച് ചെയ്യണം.
ഇപ്പോൾ തന്നെ കൂടുതൽ മെറ്റീരിയൽ വേസ്റ്റ് വരുന്നുണ്ട്. ബാക്കി വരുന്ന തുണികൾ കളയാതെ എതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കണം.
ഞാൻ ചെയ്ത വർക്കുകൾ കണ്ട് സീരിയലിൽ നിന്നും സിനിമയിൽ നിന്നെുമൊക്കെ ഫാഷൻ ഡിസൈനിംഗ് ചെയ്യാനായി വിളിച്ചിരുന്നു. ഡിസൈനിംഗ് സ്വന്തമായി പഠിച്ചത് കൊണ്ട് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അതുകൊണ്ട് ആ അവസരം നഷ്ടപ്പെട്ടു.
ഇപ്പോൾ ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമ ചെയ്യുന്നുണ്ട്. കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പറ്റുമെങ്കിൽ നഷ്ടപ്പെട്ട അവസരം ഒന്നുകൂടി നോക്കണം.
ഡിസൈനിംഗ് ഫീൽഡിലൂടെ അറിയപ്പെടണമെന്ന ആഗ്രഹമുണ്ട്.
Tags : Youth Special MS Gopika