യാത്രയ്ക്കിടെ എടുത്ത ചിത്രം
പെണ്‍കുട്ടികള്‍ മാത്രമായി ഇത്ര ദൂരം യാത്ര പോകുമോ? ചോദ്യം ഇന്നത്തെ ജെന്‍ സി കാലഘട്ടത്തില്‍ അപ്രസക്തമാണ്. സ്റ്റിയറിംഗിന് പിന്നില്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ മുഖം ചുളിക്കുന്നവരും അദ്ഭുതത്തോടെ നോക്കിയവരുമുണ്ട്.
എന്നാല്‍ ഇന്ന് കാര്യം മാറി. നമ്മുടെ പെണ്‍കുട്ടികള്‍ പറക്കുകയാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി രാജ്യത്തിന്റെ അതിര്‍ത്തികള്‍ വരെ കീഴടക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന കാലത്തേക്ക് ഇന്ത്യയും മാറിക്കഴിഞ്ഞു.
ആ മാറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് യാത്രയെയും സംരംഭകത്വത്തെയും ഒരുപോലെ ചേര്‍ത്തു പിടിച്ച ഒരു പെണ് സംഘം. പുത്തന്‍ ഡിഫന്‍ഡറില്‍ ലഡാക്കിലേക്കുള്ള യാത്രയുടെ ഓരോ കിലോമീറ്ററും അവര്‍ പിന്നിടുന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കു വേണ്ടിയും അതിലുപരി, സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പറയുന്ന എല്ലാ മുന്‍വിധികളെയും പിന്നിലാക്കിക്കൊണ്ടാണ്.
യഥാര്‍ഥ സത്രീ ശാക്തീകരണം സംഭവിക്കുന്നത് സ്ത്രീകള്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ്. കഥ ആരംഭിക്കുന്നത് 2021ല്‍ ആണ്.
ലൈഫ് ഡിസൈനര്‍ എന്ന കമ്പനി ആരംഭിച്ചതോടെയാണ് ശില്‍പ്പ, ഷംന, സേറ, അനീറ്റ, നികിത എന്ന അഞ്ചംഗ സംഘം യാത്രകളും ആരംഭിച്ചത്. ബംഗളൂരുവിലെ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഈ അഞ്ചു പേരും പരിചയത്തിലാകുന്നത്. പിന്നാലെ ലൈഫ് ഡിസൈനര്‍ കമ്പനിയും ചാനലും ആരംഭിച്ചു.
പെണ്‍കുട്ടികള്‍ മാത്രമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും സമൂഹത്തിന്റെ മുന്‍വിധികളും കുടുംബങ്ങളുടെ ഭയങ്ങളും എല്ലാം മറികടന്നാണ് അവര്‍ യാത്ര ആരംഭിച്ചത്.
എന്നാല്‍ ഓരോ യാത്രയും പൂര്‍ത്തിയാകുമ്പോള്‍ ആത്മവിശ്വാസം കൂടുകയും ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു. ഒരിക്കല്‍ ആശങ്കപ്പെട്ടിരുന്ന മാതാപിതാക്കള്‍ ഇന്ന് അടുത്ത യാത്ര എപ്പോഴാണെന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
രണ്ടാമത്തെ ഓള് ഇന്ത്യ യാത്രയ്ക്കിടെയാണ് തെലുഗു വ്ലോഗ്സ് എന്ന ചാനല്‍ ആരംഭിക്കുന്നത്. യുപിയില്‍ ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ വച്ചിട്ട് പെട്ടെന്ന് എടുത്തൊരു തീരുമാനം. വ്ലോഗില്‍ ഇയോ, ഗ്രേ, സോ, ലിറ്റ്, ഡ്രിക്സ് എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്.
പെണ്‍കുട്ടികള്‍ മാത്രമായി യാത്ര പോകുന്നതില്‍ വീട്ടുകാര്‍ക്ക് ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു യാത്ര പോയതോടെ അവര്‍ക്കെല്ലാം കോണ്‍ഫിഡന്‍സ് ആയി. ഇനി എപ്പോഴാണ് അടുത്ത ട്രാവല്‍ പോകുന്നത്, എന്താ നിങ്ങള്‍ ട്രാവല്‍ പോകാത്തത് എന്നാണ് കുടുംബം ചോദിക്കുന്നത് എന്നാണ് ലേഡി വ്ലോഗേഴ്സിന് പറയാനുള്ളത്.
നെഗറ്റീവ് കമന്റ്സ് വന്നാലും അത് പോസിറ്റീവ് ആയി എടുക്കും. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഞങ്ങള്‍ എപ്പോഴും പോസിറ്റീവ് ആണ്. ഫീമെയില്‍ ഡ്രൈവേഴ്സിനോട് റോഡില്‍ പുച്ഛം കാണിക്കുന്നവരുണ്ടാകും.
പക്ഷെ, ഫോര്‍ച്യൂണറിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അതിന്റേതായ ബഹുമാനം കിട്ടാറുണ്ട്. ഫോര്‍ച്യൂണറും ഡിഫന്‍ഡറും കാണുമ്പോള്‍ ആളുകള്‍ മാറി തരാറുണ്ട്. അതുകൊണ്ടാണ് ഒരു വലിയ വണ്ടി തന്നെ അടുത്തതായി വാങ്ങിയത്. എല്ലാവരും ഡ്രൈവ് ചെയ്യും. കൂട്ടത്തിലെ പ്രോ ഡ്രൈവേഴ്സ് സോയും ഇയോയുമാണ്.
നല്ല അനുഭവങ്ങള്‍ മാത്രം
ട്രാവല്‍ ചെയ്യുന്നതിനിടെ നല്ല അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സ്നേഹം കിട്ടിയിട്ടുണ്ട്. ഒരു ട്രിപ്പിനിടെ രാജസ്ഥാന്-പാകിസ്ഥാന് ബോര്‍ഡറിനടുത്ത് വണ്ടി നിന്നു പോയപ്പോള്‍ അവിടെയുള്ള ഗ്രാമത്തിലെ ആളുകള്‍ ഒരുപാട് സഹായിച്ചു.
ബോര്ഡറില് ആയിരുന്നതിനാല്‍ സെക്യൂരിറ്റി പ്രശ്നങ്ങളുണ്ടാകുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി. എന്നാല്‍ അവിടെനിന്നും ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു, ഭക്ഷണം കൊണ്ടുതരികയും ചെയ്തു.
അതിനുശേഷം അവിടെ നിന്നും രണ്ടുപേര്‍ ഞങ്ങളുടെ ഓഫീസിന്റെ അഡ്രസ് തേടിപ്പിടിച്ച് വന്നു. ക്രിക്കറ്റ് കളിക്കാന്‍ താല്പര്യമുള്ള രണ്ട് പയ്യന്മാര് ആയതിനാല്‍ അവരെ ക്രിക്കറ്റ് അക്കാദമിയിലേക്ക് കയറ്റി വിട്ടു.
മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാളെ പാമ്പ് കടിച്ചിട്ടുണ്ട്. അണലിയാണ് കടിച്ചത്. കൊക്കയിലേക്ക് വീഴാന്‍ പോയിട്ടുണ്ട്, കടലില്‍ മുങ്ങിത്താഴാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും രക്ഷിക്കാനായി ഏതറ്റം വരെയും പോകും.
ഇപ്പോള്‍ അഞ്ച് ഓള് ഇന്ത്യ യാത്ര നടത്തി. ഓരോ ട്രിപ്പ് പോകുമ്പോഴും ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ട്, എത്രത്തോളം വികസനങ്ങള്‍ ഓരോ സ്ഥലത്തും വന്നിട്ടുണ്ടെന്ന്. റോഡിന്റെ മാറ്റങ്ങള്‍, പുതിയ കെട്ടിടങ്ങള്‍ വരുന്നു, ഇന്ത്യ മാറിക്കൊ ണ്ടിരിക്കുകയാണ്.
ആദ്യമൊക്കെ വരുമ്പോള്‍ ചില പ്രദേശങ്ങളില്‍ ചായ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അന്വേഷിച്ച് നടക്കാറാണ് പതിവ്. മൂന്നാമത്തെ ട്രിപ് ആയപ്പോള്‍ അവിടെയൊക്കെ ചായക്കട വന്നു. ആദ്യ ട്രിപ്പുകളില്‍ വന്നിറങ്ങിയ കടകള്‍ ഒക്കെ ഇപ്പോള്‍ ഒരുപാട് മാറി.
അഞ്ചു വര്‍ഷം മുമ്പ്, ആദ്യത്തെ ട്രിപ്പില്‍ അരക്കുവാലിയില്‍ ആദിവാസി ടീമിനൊപ്പം ഒരു വീഡിയോ ചെയ്തിരുന്നു. ഈയടുത്ത് അതേ സ്ഥലത്തേക്ക് ഒരു ട്രിപ് പോയപ്പോള്‍, ആ പ്രദേശം ഒട്ടാകെ മാറി. പുതിയ റോഡ് വന്നു, ലാന്‍ഡ്മാര്‍ക്ക് ആയ മരം പോലും കണ്ടുപിടിക്കാനായില്ല.

അരക്കുവാലിയുള്ളവര്‍ക്ക് ഒരു ഫോണ്‍
അന്ന് അരക്കുവാലിയില്‍ ഞങ്ങളുടെ കൂടെ ഡാന്‍സ് ഒക്കെ കളിച്ച ഒരാള്‍ ഉണ്ടായിരുന്നു. ഇത്തവണ എവിടെ എത്തിയപ്പോഴാണ് അയാള്‍ മരിച്ച വിവരം അറിഞ്ഞത്. അവരുടെ കൈയില്‍ ഒരു ഫോണോ ഫോട്ടോയോ ഒന്നുമുണ്ടായിരുന്നില്ല.
ഞങ്ങളുടെ കൈയിലുണ്ടായിരുന്ന അയാളുടെ ഫോട്ടോ കണ്ട് എല്ലാവരുടെയും കണ്ണു നിറഞ്ഞു. ആ ഗ്രാമം മുഴുവന്‍ അന്നത്തെ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അയാളുടെ എന്തെങ്കിലും ഒരോര്‍മ ഞങ്ങള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റി എന്ന സന്തോഷമുണ്ടായി.
ഫോട്ടോയുടെ ഒരു പ്രിന്റ് അവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അവര്‍ക്ക് ഒരു ഫോണ്‍ വാങ്ങി കൊടുക്കാനുള്ള പ്ലാനിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങളുടെ കമ്പനിയുടെ ഭാഗമായി ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വരുന്നുണ്ട്.
മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം ക്ലയന്റ് മീറ്റിംഗിന് പോവാറുണ്ട്. എഐ സാധ്യതകള്‍ ഉപയോഗിച്ച് ഒരു കമ്പനിയുടെ ബ്രാന്‍ഡിംഗിനും പ്രവര്‍ത്തനത്തിനും വേണ്ടിയുള്ളതെല്ലാം ചെയ്തു കൊടുക്കാറുണ്ട്.
ഞങ്ങള്‍ ഇങ്ങനെ ട്രാവല്‍ ചെയ്യുന്നതിനാല്‍ ക്ലയന്റ്സും പിന്തുണ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് സൗകര്യമുള്ള സമയം പറയുവെന്ന് അവര്‍ പറയും.
ലണ്ടനിലേക്ക് റോഡ് ട്രിപ്
ലേ ലഡാക്ക് ട്രിപ്പിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. ഇതിനുശേഷം ലണ്ടനിലേക്ക് ഒരു റോഡ് ട്രിപ് ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. അതിന് ഒരുപാട് സമയം എടുക്കുമായിരിക്കും. അതിന് വേണ്ടിയാണ് ഈ വണ്ടി വാങ്ങിയത് തന്നെ.
ഡിഫന്‍ഡര്‍ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു. ഒരുമിച്ച് ഇങ്ങനൊരു കമ്പനി വിജയകരമായി കൊണ്ടുപോകാന്‍ സാധിച്ചു, അങ്ങനെ ഈ വാഹനം വാങ്ങാനും സാധിച്ചു. ഡിഫന്‍ഡറിന് നല്ല ഫാന്‍ ഫോളോവിംഗ് ഉണ്ട്.
നമ്മള് ഓരോ സ്ഥലത്ത് നിര്‍ത്തുമ്പോഴും ആളുകള്‍ വന്ന് ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കാറുണ്ട്. ഡിഫന്‍ഡര്‍ വാങ്ങിച്ച ശേഷം ഒരുപാട് പേര് തിരിച്ചറിയാന്‍ തുടങ്ങി. ന്യൂജെന്‍ ഗേള്‍സിനെ പിന്തുണയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്.
ഒരു ക്ലയന്റ് മീറ്റിംഗും ഒരു ട്രിപ്പും ഉണ്ടെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ക്ക് അത് രണ്ടും വേണം. കമ്പനി തുടങ്ങിയ ശേഷമാണ് ഞങ്ങള്‍ യാത്ര പോകാന്‍ തുടങ്ങിയത്. ഞങ്ങള്‍ എവിടെ നിന്നാണോ വന്നത് അത് മറക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ലഹരി എന്ന് പറഞ്ഞാല്‍ ജോലി ചെയ്യുന്നതാണ്.
ഞങ്ങള്‍ ആല്‍ക്കഹോളിക് അല്ല വര്‍ക്കഹോളിക് ആണ്. ട്രാവലില്‍ ആണെങ്കിലും അല്ലെങ്കിലും പുലര്‍ച്ചെ അഞ്ചരയ്ക്ക് എഴുന്നേല്ക്കും. ഡാന്‍സ്, മാര്‍ഷ്യല്‍ ആര്‍ട്സ്, തയ്ക്കോണ്ടോ ഒക്കെ ചെയ്യും.
രാവിലെ 9 മുതല്‍ 6.30 വരെ മുഴുവനായും ജോലി തിരക്കുകളില്‍ ആയിരിക്കും. അതിന് ശേഷമാണ് റീല്‍ ഷൂട്ടിംഗും വ്ലോഗ് എഡിറ്റിംഗും. നമ്മളില്‍ ആര്‍ക്കും ഒറ്റയ്ക്ക് ട്രാവല്‍ ചെയ്യാന്‍ പറ്റില്ല. ആരെങ്കിലും ഒരാള്‍ ഇല്ലെങ്കിലും പറ്റില്ല.
ചില യാത്രകള്‍ സമൂഹത്തിന്റെ ചിന്തകളെ മാറ്റാനുള്ള പ്രസ്ഥാനങ്ങളായി മാറാറുണ്ട്. ഈ യുവതികളുടെ യാത്ര അത്തരമൊരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരുടെ വാഹന ചക്രങ്ങള്‍ മുന്നോട്ട് ഉരുളുമ്പോള്‍, അതോടൊപ്പം മുന്നേറുന്നത് സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും കൂടിയാണ്.
Tags : Youth Special Travel