കേരള ക്രിക്കറ്റ് ലീഗിൽ ഇറങ്ങുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ടീം.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് അരങ്ങുണരുമ്പോൾ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കത്തിലാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീം ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമി ഫൈനലിലുമാണ് പുറത്തായത്. കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇത്തവണ കാലിക്കറ്റ് കളത്തിലിറങ്ങുന്നത്.
രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവർ കഴിഞ്ഞ സീസണുകളിലെപ്പോലെ ഇത്തവണയും ഗ്ലോബ് സ്റ്റാർസിനൊപ്പമുണ്ട്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാൻ പോന്ന മികച്ച ഓൾറൗണ്ടർമാരാണ് അഖിൽ സ്കറിയയും അബ്ദുൾ ബാസിതും. കഴിഞ്ഞ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് അഖിൽ സ്കറിയ.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അബ്ദുൾ ബാസിത് ട്രിവാൺഡ്രം റോയൽസിൽ നിന്നാണ് കാലിക്കറ്റിലെത്തുന്നത്. വിക്കറ്റ് വേട്ടയിൽ മുൻനിരയിലുള്ള അഖിൽ സ്കറിയയും, വേഗം കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന അഖിൻ സത്താർ, ഇബ്നുൽ അഫ്താബ് എന്നിവരും ടീമിന്റെ പ്രധാന ആയുധങ്ങളാണ്.
ഒപ്പം വിഘ്നേഷ് പുത്തൂർ, ഹരികൃഷ്ണൻ, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിൻ സഖ്യം കൂടി ചേരുമ്പോൾ ബൗളിങ് ലൈനപ്പ് കൂടുതൽ ശക്തമാകുന്നു. ബിജുമോനാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകൻ.
ടീം അംഗങ്ങൾ: രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ, അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ, വരുൺ നയനാർ, അഖിൻ സത്താർ, അബ്ദുൾ ബാസിത്, എം.യു.ഹരികൃഷ്ണൻ, അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, കെ.എസ്.അരവിന്ദ്, കൃഷ്ണദേവൻ, എൻ.അഫ്രാദ് , ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ്.
Tags : Kerala Cricket League Calicut Globestars Rohan Kunnummal