പീറ്റ് ഹെഗ്സെത്തും സ്കോട്ട് ബെസന്റും
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഫലം കാണാത്ത പശ്ചാത്തലത്തിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കുമെന്ന സൂചനയുമായി അമേരിക്കൻ നേതൃത്വം. ഇറാനെതിരായ നാവിക ഉപരോധം അനന്തകാലം തുടരാനാകുമെന്നും സാന്പത്തിക ഉപരോധം ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ നേതാക്കൾ വ്യക്തമാക്കി.
ഇറാനെതിരായ നാവിക ഉപരോധം അനന്തകാലം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. പശ്ചിമേഷ്യയിൽ ദീർഘകാലം നാവികസാന്നിധ്യം നിലനിർത്താൻ അമേരിക്കൻ സേനയ്ക്കു കഴിയും.
ഇറാന്റെ സന്പദ്വ്യവസ്ഥയ്ക്കു കടുത്ത ആഘാതമേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും അറിയിച്ചു. അടുത്തയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും. സാന്പത്തിക ഉപരോധത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നടപടികളാണു വരാൻപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയോടു വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്. സുപ്രധാന എണ്ണക്കടത്തു പാതയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ഉപാധികൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഹോർമുസിലൂടെ പോയ രണ്ടു കപ്പലുകളെ ഇറാൻ ആക്രമിച്ചു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഇതിനിടെ, അമേരിക്കക്കാർക്ക് ഒട്ടും താത്പര്യമില്ലാത്ത യുദ്ധം അവസാനിപ്പിക്കൻ പ്രസിഡന്റ് ട്രംപിനുമേൽ സമ്മർദം ശക്തമാണെന്നും സൂചനയുണ്ട്. ഇറാൻ യുദ്ധം മൂലം ഇന്ധനവില വർധിച്ചത് ട്രംപിന്റെ ജനപ്രീതി ഇടിച്ചു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വലിയ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്.
Tags : NavalBlockade Iran US Indefinitely PeteHegseth Scott Besant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash