അടിയന്തര നിയമസഭാ യോഗം വിളിക്കണം: ജോസ് കെ. മാണി
Monday, July 7, 2025 3:14 AM IST
കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവുനായ ആക്രമണ ഭീഷണി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും മനുഷ്യർക്ക് സുരക്ഷിതരായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് വന്യജീവി, തെരുവുനായ ആക്രമണങ്ങൾ കാരണം നിലനിൽക്കുന്നത്. മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമാണവും നടത്തേണ്ടത് അനിവാര്യമാണ്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ അതിനെ മറികടക്കാൻ അവിടത്തെ സർക്കാർ പുതിയ നിയമം കൊണ്ടുവന്നു.ആ മാതൃക സ്വീകരിച്ച് വന്യജീവി, തെരുവുനായ ആക്രമണങ്ങൾ ചെറുക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് തയാറാകണം.
തെരുവ്-വളർത്തു നായ്ക്കളെന്ന വേർതിരിവില്ലാതെ ഉടമസ്ഥരില്ലാത്ത മുഴുവൻ നായ്ക്കളെയും കൂട്ടിലാക്കണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണം. തെരുവുനായ്ക്കൾ ഒരു കിലോമീറ്റർ പരിധിയിൽ ചുറ്റിക്കറങ്ങുന്നവയാണ്.
പക്ഷിപ്പനി, പന്നിപ്പനി ബാധിക്കുമ്പോൾ ആ പ്രദേശത്തുള്ള മുഴുവൻ പക്ഷികളെയും താറാവുകളെയും പന്നികളെയും കൊന്നുകളയുന്നതുപോലെ ഇക്കാര്യത്തിൽ മാതൃകയാക്കണം. കേരളത്തിൽ പിടികൂടുന്ന തെരുവ് നായ്ക്കളെ ഉൾക്കാട്ടിൽ വിട്ടാൽ വന്യമൃഗങ്ങളുടെ ആഹാര ക്ഷാമത്തിന് പരിഹാരമുണ്ടാക്കാനും കഴിയും.
വന്യമൃഗങ്ങൾക്ക് വനത്തിൽ മാത്രം സംരക്ഷണം നൽകിയാൽ മതിയെന്ന കർശന നിലപാട് കേരളം കൈക്കൊണ്ടില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളുണ്ടാവും. ജനവാസ മേഖലകളിൽ മനുഷ്യർക്ക് സുരക്ഷ നൽകാൻ വനംവകുപ്പിന് ഒരിക്കലും സാധിക്കില്ല. അവർക്ക് അതിനുള്ള സംവിധാനങ്ങളുമില്ല. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി തിരികെ കാട്ടിൽ കൊണ്ടുവിടുന്ന അശാസ്ത്രീയമായ രീതികൾ ഉപേക്ഷിക്കണം.ഇതിനായി നിലവിലെ മൃഗസംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്നും ജോസ് കെ. മാണി പറഞ്ഞു.