ഒരു ദിവസം പെട്രോള്‍ പമ്പില്‍ കയറി ഫുള്‍ടാങ്ക് എഥനോള്‍ എന്നുപറയേണ്ടി വന്നാല്‍ അതിശയിക്കേണ്ട. ആ ദിവസം അത്ര വിദൂരമല്ല
കോട്ടയം: വൈദ്യുത വാഹനങ്ങളാണ് ഗതാഗതരംഗത്തിന്റെ ഭാവിയെന്ന വിലയിരുത്തലുകള്‍ ശക്തമാകുമ്പോള്‍, പകരം മറ്റൊരു ഇന്ധനവും ഇന്ത്യയില്‍ ശ്രദ്ധനേടുകയാണ്. അത് E100 എഥനോള്‍ ഇന്ധനമാണ്. പെട്രോളില്‍ ചെറിയ അളവില്‍ എഥനോള്‍ കലര്‍ത്തുന്ന ഘട്ടത്തില്‍നിന്നു പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കാണ് രാജ്യത്തിന്റെ പുതിയ ചുവടുവയ്പ്. രാജ്യത്തിന്റെ ഊര്‍ജനയം, കാര്‍ഷിക മേഖല, വാഹന വ്യവസായം, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ആശയമായാണ് E100 എന്ന്
വിലയിരുത്തപ്പെടുന്നത്.
എന്താണ് E100?
എഥനോളിന്റെ ശതമാനമാണ് `E` എന്ന അക്ഷരത്തിനൊപ്പം വരുന്ന സംഖ്യ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് E20ല്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ്. E100 എന്നത് പൂര്‍ണമായും എഥനോള്‍ അടങ്ങിയ ഇന്ധനമാണ്.
കരിമ്പ്, മൊളാസെസ്, ചോളം, മക്കച്ചോളം, മറ്റ് ധാന്യങ്ങള്‍ എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഭൂമിക്കടിയില്‍നിന്ന് ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വ്യത്യസ്തമായി, കൃഷിയിലൂടെ വീണ്ടും ഉത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമാണിത്. പെട്രോള്‍ രൂപപ്പെടാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുമ്പോള്‍, എഥനോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉത്പാദിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എന്തുകൊണ്ട് ഇന്ത്യ E100-ലേക്ക്?
ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ അതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാധാരണ ജനങ്ങളെയും നേരിട്ട് ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയെന്നത് സാമ്പത്തിക ആവശ്യകത കൂടിയാണ്.
ആര്‍ക്ക് അനുയോജ്യം?
നഗരങ്ങളില്‍ ഓടുന്ന, ദിവസവും കുറഞ്ഞ ദൂരം പോകുന്ന, കുറഞ്ഞ എമിഷന്‍ വേണ്ട ഫ്ലീറ്റ് വാഹനങ്ങള്‍, ടാക്സി, ഓട്ടോറിക്ഷ. എന്നിവയ്ക്ക് അനുയോജ്യം. എന്നാല്‍ ഹൈവേയില്‍ ദീര്‍ഘദൂരം ഓടുന്ന വാഹനങ്ങൾക്കും പഴയ വാഹനങ്ങള്‍ക്കും ഗുണം ചെയ്യില്ല.
ഭാവി എങ്ങോട്ട്?
E20 ലക്ഷ്യം കൈവരിച്ച ഇന്ത്യ ഇപ്പോള്‍ എഥനോളിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നോക്കുന്നത്. ടൊയോട്ട, മാരുതി സുസുക്കി, ബജാജ്, ഹീറോ, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതേസമയം, എഥനോള്‍ മാത്രം ഇന്ത്യയുടെ ഭാവി ഇന്ധനമാകില്ല. വൈദ്യുത വാഹനങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയ ബദല്‍ സാങ്കേതികവിദ്യകളോടൊപ്പം തന്നെയായിരിക്കും E100-ന്റെയും യാത്ര.
E100 പ്രവര്‍ത്തിക്കാന്‍ വാഹനത്തിന് ഫ്ലെക്സ്-ഫ്യൂവൽ സിസ്റ്റം വേണം
ഫ്യൂവല്‍ ലൈനും ടാങ്കും: സ്റ്റെയിന്‍ലെസ് സ്റ്റീലോ പ്രത്യേക കോട്ടിംഗോ വേണം
ഇന്‍ജക്ടറുകള്‍: വലിയ ഇന്‍ജക്ടറുകള്‍ വേണം, എഥനോള്‍ കുറഞ്ഞ ഊര്ജമുള്ളതിനാല് കൂടുതല്‍ ഇന്ധനം വേണം
ECU ട്യൂണിംഗ്: എഥനോളും പെട്രോളും മാറിമാറി ഉപയോഗിക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി മിശ്രിതം ക്രമീകരിക്കാന്‍ സെന്‍സറുകള്‍ വേണം. ഇതുകൊണ്ടാണ് E100 കോംപാറ്റിബിള്‍ കാറിന് 50,000- രൂപ മുതല്‍ ഒരു ലക്ഷം വരെ വില കൂടുന്നത്.
ലിറ്ററിന് വില: നിലവില്‍ എഥനോളിന് പെട്രോളിനേക്കാള്‍ വില കുറവാണ്. 2025ൽ E20 പെട്രോളിന് 94രൂപ ആണെങ്കില്‍ E100 85-90 പരിധിയില്‍ വരുമെന്ന് കണക്കാക്കുന്നു.
മൈലേജ് കുറവ്: ഒരു ലിറ്റര്‍ പെട്രോളില്‍ 20 കിലോമീറ്റർ പോകുന്ന വാഹനം E100ൽ 14 കിലോമീറ്റർ മാത്രമേ പോകൂ.
ഇന്ത്യയുടെ പ്ലാന്‍
2025ല്‍ 20% എഥനോള്‍ മിക്സ് ചെയ്ത പെട്രോള്‍ ഇറക്കി ഇന്ത്യ E20 ലക്ഷ്യം നേടി.
E100 സ്റ്റേഷനുകള്‍
2026 ഡിസംബറോടെ 500 എണ്ണം മാത്രം ലക്ഷ്യം.
1. മൈലേജ് കുറവ്: പെട്രോളിനേക്കാള്‍ 30-33% ഊര്‍ജം കുറവായതിനാല്‍ ലിറ്ററിന് പോകുന്ന ദൂരം 27-30% കുറയും.
2. സ്പെഷല്‍ എന്ജിന് വേണം: നിലവിലെ പെട്രോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റില്ല, ഫ്ളക്സ്-ഫ്യൂവൽ എന്ജിന് മാത്രമേ പറ്റൂ.
3. തണുപ്പില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട്: 10 ഡിഗ്രി താഴെ താപനിലയില്‍ എന്ജിന് സ്റ്റാര്‍ട്ടാവാന്‍ പ്രയാസമാണ്.
4. പമ്പുകള്‍ കുറവ് : 2026 ഡിസംബറോടെ 500 E100 പമ്പുകള്‍ മാത്രമേ രാജ്യം ലക്ഷ്യമിടുന്നുള്ളൂ, നിലവില്‍ ഇന്ത്യയില്‍ 90,000ലധികം പെട്രോള്‍ പമ്പുകളുണ്ട്.
5. വിലയും നാശവും: വാഹനത്തിന് 50,000രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ കൂടുതല്‍ വരും. എഥനോള്‍ ഈര്‍പ്പം വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനാല്‍ പഴയ വാഹനങ്ങളിലെ റബര്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ നശിക്കാം.
6. വെള്ളവും ഭക്ഷ്യസുരക്ഷയും: കരിമ്പ് പോലുള്ള വിളകള്‍ക്ക് വലിയ അളവില്‍ വെള്ളം ആവശ്യമാണ്. എഥനോള്‍ ഉത്പാദനം വര്‍ധിക്കുമ്പോള്‍ ജലസ്രോതസുകള്‍ക്ക് അധിക സമ്മര്‍ദം ഉണ്ടായേക്കാം. ഭക്ഷ്യവിളകള്ക്കുള്ള ഭൂമി ഇന്ധനവിളകള്ക്കായി മാറ്റിവയ്ക്കപ്പെടുമോ എന്ന ചോദ്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
7. അടിസ്ഥാനസൗകര്യ വികസനം: രാജ്യവ്യാപകമായി E100 വിജയിക്കണമെങ്കില്‍ പ്രത്യേക സംഭരണ ടാങ്കുകള്‍, വിതരണ ശൃംഖല, ഇന്ധന സ്റ്റേഷനുകള്‍, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കേണ്ടതുണ്ട്.
1. മലിനീകരണം കുറവ്: ടെയില്‍ പൈപ്പ് എമിഷന്‍ CO2, CO, NOx എല്ലാം കുറയും. സസ്യങ്ങളില്നിന്നുണ്ടാക്കുന്നതുകൊണ്ട് കാര്‍ബണ്‍ ന്യൂട്രല്‍ ആയി കണക്കാക്കുന്നു.
2. ഇറക്കുമതി കുറയും: സ്വന്തമായി കൃഷി ചെയ്ത കരിമ്പ്, ചോളം എന്നിവയില്നിന്നുണ്ടാക്കുന്നതുകൊണ്ട് വിദേശ കറന്‍സി ലാഭിക്കാം.
3. കര്‍ഷകര്‍ക്ക് ലാഭം: എഥനോള്‍ ഉത്പാദനത്തിന് ആവശ്യമായ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുതിയ മാര്‍ക്കറ്റ് കിട്ടും.
4. ഒക്ടേന്‍ റേറ്റിംഗ് കൂടുതല്‍: 100-110 RON ഉള്ളതുകൊണ്ട് എന്ജിന് പെര്‍ഫോമന്‍സ് കൂടും.
5. ഓടുന്ന ചെലവ് കുറയും: എഥനോളിന്റെ വില കുറഞ്ഞാല്‍ കിലോമീറ്ററിന് 25-35% വരെ ചെലവ് കുറയാം.