അങ്ങാടിപ്പുറം: ആയിരം വീടുകളിൽ ആയിരം പുതിയ പുസ്തകങ്ങൾ എത്തിക്കാനുള്ള പദ്ധതിയൊരുക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ. വായനയുടെ വാതിൽ തുറന്ന് പുസ്തകങ്ങളുമായി ആഘോഷപൂർവം വീടുകളിലേക്കെത്തുകയാണ് കുട്ടികൾ. വായന മരിക്കുന്നു എന്ന മുറവിളി ഉയരുന്പോഴാണ് വായനയുടെ സന്ദേശവുമായി കുട്ടിക്കൂട്ടം എത്തുന്നത്.
വൈകിട്ട് സ്കൂൾ വിട്ടശേഷം ചെറുസംഘങ്ങളായി മൂന്നാഴ്ച നീണ്ടുനിൽക്കും ഈ പുസ്തകയാത്ര. ഗൃഹവൈദ്യം മുതൽ ജീവചരിത്രം വരെയുള്ള പുസ്തകങ്ങൾ ഇവരുടെ പുസ്തകക്കൂട്ടത്തിലുണ്ട്.
വീട്ടുകാർക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാം. പെരിന്തൽമണ്ണയിലെ ശക്തി ബുക്സുമായി സഹകരിച്ചാണ് പരിപാടി. വായനസന്ദേശവുമായി എത്തിയ കൊച്ചുകൂട്ടുകാർക്ക് വീടുകളിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പുസ്തക വിൽപ്പനയ്ക്കൊപ്പം വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികൾ വീട്ടുകാരോട് വിശദീകരിക്കുന്നുണ്ട്. ആദ്യപുസ്തകം സ്വീകരിച്ച് പ്രധാനാധ്യാപകൻ പി.ടി.ബിജു ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപക വിദ്യാർഥി വി.അജയ്, വിദ്യാരംഗം കലാസാഹിത്യവേദി ഭാരവാഹികളായ കെ.എസ്.നിഹ ഫാത്തിമ, ജുവാന ജെയിൻ, ആൽബർട്ട് ജെറിൻ, ചിരാഗ് പി.റോബി, നന്ദിക പ്രഭാത്കുമാർ, പി.ദേവദർശൻ, ആൽബിന എലിസബത്ത് ചാക്കോ, പി.നവതേജ്, പി.മാളവിക,
കെ.മിൻഹ ഫാത്തിമ, എസ്.ശ്രീകാർത്തിക, റയോണ ജോസഫ്, പി.വി.ഫാത്തിമ സന, കെ.വി.ഫാത്തിമത്ത് അഫീഫ, പി.ഷഹ്ബ, എൻ.പി.ഫാത്തിമ റിഷ്ലി, ജുവാൻ ടിജോ എന്നിവർ നേതൃത്വം നൽകി. പുസ്തകോത്സവവും ’എഴുത്തിന്റെ വഴിയേ’ പഠനയാത്രയും ഒട്ടേറെ വായന പ്രവർത്തനങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.