കൊ​ളു​ക്കു​മ​ല​യി​ലേ​യ്ക്ക് സ‍​ഞ്ചാ​രി​ക​ള്‍​ക്ക് സു​ര​ക്ഷി​തയാ​ത്ര ഉ​റ​പ്പാ​ക്കി വാ​ഹ​ന വ​കു​പ്പ്
Sunday, July 6, 2025 11:46 PM IST
രാ​ജാ​ക്കാ​ട്:​ വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ര്‍​ശ​ന ന​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ല്‍ മാ​തൃ​ക​യാ​കു​ന്നു. ചി​ന്ന​ക്ക​നാ​ല്‍ സൂ​ര്യ​നെ​ല്ലി​യി​ല്‍നി​ന്നും കൊ​ളു​ക്കു​മ​ല​യി​ലേ​ക്കുള്ള ജീ​പ്പ് സ​വാ​രി​യി​ലാ​ണ് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും സ്വീ​ക​രി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മാ​തൃ​ക​യാ​കു​ന്ന​ത്.

കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി മ​ല​നി​ര​ക​ളി​ല്‍ ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന വി​സ്മ​യക്കാ​ഴ്ച ഒ​ളി​ഞ്ഞി​രി​ക്കു​ന്ന കൊ​ളു​ക്കു​മ​ലതേ​ടി ദി​വ​സേ​ന നൂ​റുക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെത്തു​ന്ന​ത്.​ ഇ​വ​രെ ദു​ര്‍​ഘ​ട​മാ​യ പാ​ത​യി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി മ​ല​മു​ക​ളി​ലെ​ത്തി​ക്കാ​ന്‍ ഇ​രു​നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​വി​ടെ ഓ​രോ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ര്‍​ന്ന് പോ​ലീ​സ് ക്ലിയ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ്രാ​യോ​ഗിക പ​രി​ജ്ഞാ​ന​വു​മു​ള്ള ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് അം​ഗീ​കൃ​ത സ്റ്റി​ക്ക​റു​ക​ളും ന​ല്‍​കും. ഇ​പ്ര​കാ​രം സു​ര​ക്ഷാബാ​ഡ്ജു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കാ​ന്‍ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ഇ​ത്ത​വ​ണ​യും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നുശേ​ഷം ഡ്രൈ​വ​ര്‍​മാ​ര്‍ സു​ര​ക്ഷി​തയാ​ത്ര സു​ന്ദ​ര​മാ​യ കാ​ഴ്ച എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ഗ്യാ​പ് റോ​ഡി​ലൂ​ടെ റോ​ഡ് ഷോ​യും ന​ട​ത്തി.

ഉ​ടു​മ്പ​ന്‍​ചോ​ല സ​ബ് ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴും പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റി​ക്ക​റു​ക​ള്‍ ന​ല്‍​കു​ന്ന​ത്. സ​വാ​രി ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി​യു​ള​ള്ള ജീ​പ്പു​ക​ളി​ല്‍ ആ​റു​പേ​ര്‍​ക്കു മാ​ത്ര​മാ​ണ് യാ​ത്രാനു​മ​തി. നി​ല​വി​ല്‍ സൂ​ര്യ​നെ​ല്ലി​യി​ല്‍നി​ന്നു കൊ​ളു​ക്കു​മ​ല​യി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് മൂ​വാ​യി​രം രൂ​പ​യാ​ണ് ചാ​ർ​ജ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.