വെള്ളിയാമറ്റം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ പുത്തൻ പാഠങ്ങളുമായി ഒന്പതു സ്കൂളുകളിലെ കുട്ടിക്കർഷകർ.
സ്കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളെ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചട്ടികളിൽ പച്ചക്കറി കൃഷിക്കുള്ള തൈകളും വളവും പഞ്ചായത്ത് സൗജന്യമായി നൽകും. ഇതിനാവശ്യമായ തൈകൾ കൃഷിഭവൻ വഴിയാണ് വിതരണം ചെയ്യുന്നത്. ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, ചീനി, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഓരോ സ്കൂളിലും കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകരും, പിടിഎ ഭാരവാഹികളും ചേർന്ന് പച്ചക്കറി തൈകൾ നടും. തൈകളുടെ പരിപാലനം കുട്ടികളാണ് ചെയ്യുന്നത്. 450 പച്ചക്കറി ചട്ടികളാണ് സ്കൂളുകൾക്ക് വിതരണം ചെയ്തത്. വെള്ളിയാമറ്റം സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കരിപ്പലങ്ങാട് ഗവ. യുപിഎസ് , പൂച്ചപ്ര ഗവ. എച്ച്എസ്, വെള്ളിയാമറ്റം സികെവിഎച്ച്എസ്എസ്, വെള്ളിയാമറ്റം സെന്റ് ജോസഫ് യുപിഎസ്, വെട്ടിമറ്റം ഗവ. എൽപിഎസ്, ഇളംദേശം സെന്റ് ജോസഫ് എൽപിഎസ്, പന്നിമറ്റം സെന്റ് ജോസഫ് എൽപിഎസ്, പൂമാല ട്രൈബൽ എച്ച്എസ്എസ്, നാളിയാനി ഗവ. എൽപിഎസ് എന്നീ സ്കൂളുകളിലെ കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്.