തൊടുപുഴ: പോഷകസമൃദ്ധവും സുരക്ഷിതവുമായ പച്ചക്കറികൾ ജില്ലയിലെ വിപണികളിൽ സുലഭമായി ലഭ്യമാക്കാൻ കൃഷിവകുപ്പ് പദ്ധതി. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന തൈകളുടെയും വിത്തുകളുടെയും വിതരണം പൂർത്തിയാക്കി. ഒന്നേമുക്കാൽ ലക്ഷത്തോളം തൈകളും അരലക്ഷത്തോളം വിത്തുകളുമാണ് കർഷകർക്ക് വിതരണം ചെയ്തത്.
വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാം, അരിക്കുഴ ജില്ലാ കൃഷി ഫാം, സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂർ, വിഎഫ്സികെ എന്നിവ വഴിയാണ് തൈകളും വിത്തുകളും കർഷകർക്ക് ലഭ്യമാക്കിയത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുക. പച്ചക്കറി ഉത്പാദനം വർധിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൃഷിക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള കാർഷിക കൂട്ടായ്മകളെ പച്ചക്കറി ഉത്പാദനം, വിപണനം എന്നിവയിൽ പങ്കാളിയാക്കും. കർഷകരുടെ വരുമാനം വർധിക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കൃഷി രീതികളും ആരോഗ്യകരമായ ഭക്ഷണ ശീലവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പച്ചക്കറി സ്വയംപര്യാപ്തതയ്ക്കൊപ്പം കുട്ടികളിലും യുവാക്കളിലും കാർഷികാവബോധം വളർത്തുക എന്നതും പ്രധാന ഉദ്ദേശ്യമാണ്.
തദ്ദേശ സ്വയംഭരണം, സഹകരണം, റവന്യു, വനം, ആരോഗ്യം, ജലസേചനം തുടങ്ങിയ 15 ഓളം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ഓണവിപണി ലക്ഷ്യമാക്കി ഓരോ പഞ്ചായത്തിലും നിലവിലുള്ളതിനേക്കാൾ 300 ടണ് പച്ചക്കറി ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. വ്യാവസായികാടിസ്ഥാനത്തിലും അല്ലാതെയും പച്ചക്കറി ഉത്പാദനം നടത്തുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാൻ കഴിയും. പഞ്ചായത്ത്, നഗരസഭാതലങ്ങൾ കേന്ദ്രീകരിച്ചാകും ഉത്പാദന വിപണനപദ്ധതികൾ തയാറാക്കിയുള്ള പ്രവർത്തനം.
പച്ചക്കറി കർഷകർ, ക്ലസ്റ്റർ അംഗങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കാർഷിക ക്ലബുകൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വാർഡുതല വിവരശേഖരണത്തിലൂടെയാണ് ഉത്പാദന, വിപണന പദ്ധതികൾ തയാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തയാറാക്കുന്ന പദ്ധതി ക്രോഡീകരിച്ച് ബ്ലോക്കുതല അംഗീകാരം വാങ്ങണം.
കതിർ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കൂ. പച്ചക്കറി വിത്തുകൾ 10 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നടീൽ നടത്തിയശേഷം തുടർനടപടികൾ സ്വീകരിക്കാനാണ്.