കാളികാവ്: മസ്ജിദ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കള്ളൻ പോലീസ് പിടിയിൽ. കഴിഞ്ഞ 12 ന് പുലർച്ചെ കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നരപവൻ സ്വർണാഭരണങ്ങളും മോഷണം പോയ കേസിൽ കൊളത്തോടൻ നവാസ് എന്ന അളിയൻ നവാസ് (55) ആണ് പിടിയിലായത്.
നിലന്പൂർ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
മസ്ജിദിന്റെ സമീപത്ത് വാടകക്ക് താമസിക്കുകയായിരുന്നു നവാസ്. കൊല്ലം ചിതറ സ്വദേശിയായ നവാസ് ചെറുപ്പത്തിലെ നാട് വിട്ട് മട്ടന്നൂരിലെത്തി. പിന്നീട് അവിടെ നിന്ന് വിവാഹം കഴിക്കുകയും രണ്ട് കുട്ടികളായ ശേഷം ഭാര്യ മരണപ്പെട്ടതിനെത്തുടർന്ന് കുട്ടികളെ ഉപേക്ഷിച്ച് മന്പാട് ഓടായിക്കൽ, പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലെത്തി അവിടങ്ങളിൽ നിന്നെല്ലാം പ്രതി വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ മലപ്പുറം ജില്ലയിലെ കാളികാവ് പള്ളിശേരിയിൽ നിന്ന് വിവാഹം കഴിച്ച് തൊടികപ്പുലം മസ്ജിദിന് സമീപം ക്വാർട്ടേഴ്സിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. എടത്തനാട്ടുകരക്കാരി ഭാര്യയുടെ വീട്ടുപേരായ കൊളത്തോടൻ എന്ന വീട്ടുപേരിൽ ആധാർ കാർഡ് എടുത്തിരുന്നു. നിർധന കുടുംബങ്ങളിലെ വിവാഹമോചനം നേടിയ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ലഭിക്കുന്ന പണവും സ്വർണവും ഉപയോഗിച്ച് ആർഭാടമായി ജീവിക്കുകയായിരുന്നു ഇയാളുടെ രീതി. ഒരു ഭാര്യയുടെ കൂടെ പരമാവധി ആറു മാസത്തോളമാണ് ഇയാൾ കഴിഞ്ഞിരുന്നത്.
തുടർന്ന് അവിടെ നിന്ന് മുങ്ങുന്ന ഇയാൾ മറ്റൊരു സ്ഥലത്തെത്തി പുതിയ വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്. മസ്ജിദിൽ മോഷണം നടത്തിയ ശേഷം ഇയാൾ പുലർച്ചെ ട്രെയിനിൽ ഷൊർണൂരിലേക്ക് പോവുകയും അവിടെ നിന്ന് കാസർഗോഡ്- കോട്ടാച്ചേരി, ഹോസ്ദുർഗ്, ബംഗളുരൂ, ബിദഡി, രാംനഗർ എന്നിവിടങ്ങളിലും പിന്നീട് കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കാളികാവ് പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിരുന്നു. ഇതിനിടെ ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ ഹോസ്ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
നവാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനിടെ തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന മസ്ജിദിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി. അനീഷ്, സബ് ഇൻസ്പെക്ടർ അൻവർ സാദത്ത് ഇല്ലിക്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റിയാസ് ചീനി, കെ. ഷൈജു, എം. ജയേഷ്, കെ.എം. ഷെമീർ, മൻസൂർ അലി, സ്പെഷൽ ബ്രാഞ്ച് ഓഫീസറായ ടി. വിനു, സിപിഒ എം.കെ. മഹേഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.