ചെമ്പന്തൊട്ടി: തലശേരി അതിരൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മാരകമായി ചെമ്പന്തൊട്ടിയിൽ പ്രവർത്തനമാരംഭിക്കുന്ന മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയം ഓഗസ്റ്റ് നാലിന് തുറന്നു കൊടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന് 'പൈതൃകം' ചരിത്ര സെമിനാർ പയ്യാവൂരിൽ നടക്കും. ഓഗസ്റ്റ് മൂന്നിനും നാലിനും മ്യൂസിയം കോമ്പൗണ്ടിൽ കുടിയേറ്റ ചരിത്ര പ്രദർശനവും ഉണ്ടായിരിക്കും. മ്യൂസിയത്തിന്റെ മുന്നിൽ സ്ഥാപിക്കാനുള്ള മാർ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമിക്കും.
ശില്പ നിർമാണത്തിനാവശ്യമായ വെങ്കല വസ്തുക്കളുടെ ശേഖരണം തലശേരി അതിരൂപതയിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിവരികയാണ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, മലബാർ, വെള്ളാട് ദേവസ്വം ബോർഡുകൾ, വിവിധ അമ്പലങ്ങൾ എന്നിവയും ഈ ഉദ്യമത്തിൽ പങ്കാളികളാകും. ഉദ്ഘാടന ചടങ്ങിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. തോമസ് തെങ്ങും പള്ളിൽ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി. ജോസഫ്, കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, ഇഗ്നേഷ്യസ്, ജോർജ് ആലപ്പാട്ട്, ജിയോ ജേക്കബ്, ബിനു ഇലവുങ്കൽ, സണ്ണി തുണ്ടിയിൽ, ജോയി കൊച്ചുപുരയ്ക്കൽ, ജോർജ് തയ്യിൽ, ഫാ. ബിബിൻ വരമ്പകത്ത് എന്നിവർ പ്രസംഗിച്ചു.