കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റെയും സീ പാത്ത്വേയുടെയും ശിലാഫലകം നീക്കം ചെയ്തത് പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ശിലാഫലകം പയ്യാമ്പലം പാത്ത് വേ കവാടത്തില്‍ സിമന്റിട്ടുറപ്പിച്ചത്.
ഇതേ പദ്ധതിയുടെ നവീകരണം നടത്തിയത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം അടര്‍ത്തിമാറ്റി അതേസ്ഥലത്ത് പുതിയ ശിലാഫലകം സ്ഥാപിക്കുകയായിരുന്നു.
സംസ്ഥാന ടൂറിസം സെക്രട്ടറിക്കും, ഡിടിപിസി ചെയർമാനായ ജില്ലാ കളക്ടർക്കും ഡിടിപിസിക്കും പരാതി നൽകിയിട്ടും ഇത് പുനഃസ്ഥാപിക്കാന്‍ ടൂറിസം വകുപ്പില്‍ നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർന്റെ നേതൃത്വത്തില്‍ ശിലാഫലകം സിമന്റിട്ടുറപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല് ചൂലെടുത്തുവച്ചതായാണ് കണ്ടത്. സംഭവമറിഞ്ഞയുടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വരികയും ശിലാഫലകം കവാടത്തില്‍ എടുത്തുവയ്ക്കുകയും ചെയ്തിരുന്നു.
നേതാക്കളായ ടി.ഒ. മോഹനൻ, എം.കെ. മോഹനൻ, പി. മുഹമ്മദ് ഷമ്മാസ്, കായക്കൽ രാഹുൽ, വിജിൽ മോഹനൻ, കൂക്കിരി രാജേഷ്, പി.ഇന്ദിര, സി.എം. ഗോപിനാഥ്, റോബർട്ട് വെള്ളാംവെള്ളി, ഫർഹാൻ മുണ്ടേരി, കെ.കെ. ഷിബിൽ, ഷിബു ഫെർണാണ്ടസ്, പി.എ. ഹരി , വി.സി. നാരായണൻ, വിഹാസ് അത്താഴക്കുന്ന്,ആഷിത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി റിപ്പോർട്ട് തേടി
കണ്ണൂർ: സീ വ്യൂ പാർക്കിൽ മുൻ സർക്കാരിന്റെ കാലത്തെ നവീകരണ പ്രവർത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. 2022 മാര്‍ച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീ വ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുന്‍ സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ തമസ്കരിക്കുന്ന രീതി ഇടതുസർക്കാർ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.