ഏറ്റുപാറ സെന്റ് അൽഫോൻസ
തീർഥാടന പളളിയിൽ
ചെമ്പേരി: ഏറ്റുപാറ സെന്റ് അൽഫോൻസ തീർഥാടന പള്ളിയിൽ 10 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.45ന് ഇടവക വികാരി ഫാ. ജോസഫ് ചെരിയംകുന്നേൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ആരാധന, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ കാർമികത്വം വഹിക്കും.
27 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ആരാധന, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. നോബിൾ ഓണംകുളം, ഫാ. ജോൺ നൂറമ്മാക്കൽ, ഫാ. ജെയ്സൺ വാഴകാട്ട്, ഫാ. ക്രിസ് കടക്കുഴയിൽ, ഫാ. ജയിംസ് ചെല്ലങ്കോട്ട്, ഫാ. ഷോജിൻ കണിയാംകുന്നേൽ, ഫാ. മാത്യു കുന്നേൽ, ഫാ. തോമസ് മേനപ്പാട്ട്പടിയ്ക്കൽ, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
സമാപന ദിനമായ 28ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്ക് 12.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം വാഴിക്കൽ. തുടർന്ന് സമാപനാശീർവാദം, പാച്ചോർ നേർച്ച എന്നിവയുണ്ടായിരിക്കും.
തേർമല അൽഫോൻസാഗിരി പള്ളിയിൽ
ആലക്കോട്: തേർമല അൽഫോൻസാഗിരി പള്ളിയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. വൈകുന്നേരം 4.30ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. തിരുകർമങ്ങൾക്ക് ഫാ. റോയി കുഴിപ്പാക്കൽ കാർമികത്വം വഹിക്കും. നാളെ ഉച്ചകഴിഞ്ഞു 3.30ന് ജപമാലയും തുടർന്ന് നാലിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന ഫാ. തോമസ് ആമക്കാട്ട് കാർമികത്വം വഹിക്കും.
21 മുതൽ 27 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാലയും 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയും നടക്കും. ഈ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. മാത്യു ശാസ്താംപടവിൽ, ഫാ. ജോമി തൊട്ടിയിൽ, ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, ഫാ. തോമസ് മണവത്ത്, ഫാ. തോമസ് ചെരുവിൽ, റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫാ. സാബു പുതുശേരി എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 9.30ന് ജപമാല,10ന് തിരുനാൾ കുർബാന, വചനസന്ദേശം റവ. ഡോ. മാത്യു പട്ടമന കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, പാച്ചോർ നേർച്ചയോടെ തിരുനാൾ സമാപിക്കും.