സ്വന്തം ലേഖകൻ
കണ്ണൂർ: കാലവർഷം തിമിർത്തതോടെ മഴയിലും കനത്ത കാറ്റിലും കാർഷിക വിളകൾക്കുണ്ടായത് കോടികളുടെ നാശനഷ്ടം. ഇക്കഴിഞ്ഞ മാർച്ച് 15 മുതൽ ഇന്നലെ വരെ ജില്ലാ കൃഷി വകുപ്പിന് ലഭിച്ച കണക്ക് പ്രകാരം ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് വാഴകൾക്കാണ്. സ്ഥലം പാട്ടത്തിനെടുത്തും ബാങ്കിൽനിന്ന് വായ്പയെടുത്തും ഏറെ പ്രതീക്ഷയോടെ നട്ട് നനച്ചുണ്ടാക്കിയ വിളകളാണ് കാലവർ ഷത്തിന്റെ കലിതുള്ളലിൽ ഇല്ലാതായത്.
ജില്ലയിൽ ഇന്നലെ വരെ 2,12,335 കുലച്ച വാഴകളും 96,720 കുലക്കാത്ത വാഴകളും നശിച്ചു. കുലച്ച വാഴകൾക്ക് 12.74 കോടിയുടെയും കുലയ്ക്കാത്തതിന് 3.87 കോടി രൂപയുടെയും നഷ്ടമാണ് കണക്കാ ക്കിയിരിക്കുന്നത്. 4755 തെങ്ങുകളും അപ്രത്യക്ഷമായി. ഇതുവഴി 2.37 കോടിയുടെ നഷ്ടമുണ്ടായി. ടാപ്പിംഗ് നടത്തുന്ന 8122 റബർ മരങ്ങൾ നശിച്ചതിൽ 1.63 കോടിയും, ടാപ്പിംഗ് തുടങ്ങാ ത്ത 1430 മരങ്ങൾ നശിച്ചതിൽ 21.5 ലക്ഷത്തിന്റേയും നഷ്ടം സംഭവിച്ചു.
ജില്ലയിൽ 10,834 കുലച്ച കമുകുകളും 2433 കുലയില്ലാത്ത കമുകുകളും നശിച്ചു. ഇവയ്ക്ക് യഥാക്രമം 32 ലക്ഷം, ആറ് ലക്ഷം എന്നിങ്ങനെ നഷ്ടം കണക്കാക്കുന്നു. 1.70 ഹെക്ടർ സ്ഥലത്തെ നെല്ല് നശിച്ചു. ഇതു വഴി 2- 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 718 കശുമാവും (നഷ്ടം ഏഴ് ലക്ഷം), 1380 കുരുമുളക് ചെടികളും, 175 കൊക്കോ മരങ്ങളും നശിച്ചു. കുരുമുളകിന് 10 ലക്ഷവും കൊക്കോയ്ക്ക് 61,000 രൂപയുടെയും നഷ്ടമാണ് കണക്കാക്കിയത്.
വിളകൾക്ക് നാശനഷ്ടം സംഭവിച്ച 1524 പേർ ഇതിനകം കൃഷിവകുപ്പിന് അപേക്ഷ നല്‍കിയതായി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു പറഞ്ഞു. ഇതിൽ 1000 പരുടെ ശിപാർശ ഇതിനകം അംഗീകരിച്ചു. അവർക്ക് തുക ഉടൻ നല്‍കും. മറ്റുള്ളവരുടെ അപേക്ഷകൾ പരിശോധിച്ചു വരികയാണ്.
കാർഷിക നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലയ്ക്ക് 48,40,079 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതിൽ 4,94,704 രൂപ കേന്ദ്ര വിഹിതമാണ്. തുകയുടെ വിതരണം ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വ്യാപക മണ്ണിടിച്ചില്‍
കണ്ണൂർ: തളിപ്പറമ്പ് താലൂക്കിലുണ്ടായ ശക്തമായ മഴയില്‍ വളപട്ടണം പുഴയുടെ കരയില്‍ ചെക്കിക്കടവ് മുതല്‍ എരഞ്ഞിക്കടവ് വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായതായി കയരളം വില്ലേജ് ഓഫീസര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ കമ്പില്‍ ദേശത്തെ വി. രാജേഷ്, വി. ഓമന എന്നിവരുടെ വീട്ടിനിടയിലുള്ള മതിലിടിഞ്ഞ് ഇരുവരുടെയും വീടിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കാവുമ്പായി റേഷന്‍ കടയ്ക്ക് സമീപത്തെ വാസുദേവന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകിവീണ് നാശനഷ്ടം സംഭവിച്ചു.
നിടിയേങ്ങ വില്ലേജ് പരിധിയിലെ കാവുമ്പായില്‍ കോണ്‍ക്രീറ്റ് വീടിന് മുകളിലേക്ക് തെങ്ങു വീണ് നാശനഷ്ടമുണ്ടായതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. ആളപായങ്ങളില്ല. ശ്രീകണ്ഠാപുരം പഴയങ്ങാടിയില്‍ മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് മൂന്ന് പോസ്റ്റുകള്‍ റോഡിലേക്ക് പൊട്ടി വീണ് വാഹന ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സും കെഎസ്ഇബിയും തടസം നീക്കിയിട്ടുണ്ട്. പട്ടുവം കൂത്താട്ട് കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതായി കൊളച്ചേരി വില്ലേജ് ഓഫീസര്‍ അറിയിച്ചു.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കാൻ നിര്‍ദേശം
കണ്ണൂർ: ജില്ലയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരം/മരച്ചില്ലകള്‍ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും വിവിധ വകുപ്പുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്കി.
മഴക്കാലത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമാണ് നിര്‍ദേശം. മരങ്ങള്‍ മരച്ചില്ലകള്‍ വീണ് അപകടം, നാശനഷ്ടം എന്നിവ ഉണ്ടാകുന്നി ല്ലെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകാവുന്ന എല്ലാ അപകടങ്ങള്ക്കം നഷ്ട പരിഹാരം നല്‍കേണ്ട ബാധ്യത.
അടിയന്തര സാഹചര്യങ്ങളില്‍ മരങ്ങള്‍/ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റു വകുപ്പുകള്‍ക്കും ആവശ്യമായ സഹായ - സഹകരണം ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, കെഎസ് ഇബി തുടങ്ങിയ വകുപ്പുകള്‍/ഏജന്‍സികള്‍ കൃത്യമായി ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കണ്ണൂരിൽ ഒന്‍പത് വീടുകൾ പൂർണമായും 252 വീടുകൾ ഭാഗികമായും തകർന്നു
ശക്തമായ കാലവർഷപെയ്ത്തിൽ വീടുകൾക്കും വ്യാപക നാശനഷ്ടം. മേയ് 15 മുതൽ ജൂലൈ 17 വരെ ജില്ലയിൽ ഒന്‍പതു വീടുകൾ പൂർണമായും 252 വീടുകൾ ഭാഗികമായും തകർന്നു. പൂർണമായി തകർന്ന അഞ്ചു വീടുകൾ കണ്ണൂർ താലൂക്കിലാണ്. വെള്ളത്തിൽ വീണും മറ്റും അഞ്ചു മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. അഞ്ചു വളർത്തുമൃഗങ്ങളും ചത്തു.
ജില്ലയിൽ മാർച്ച് 13 മുതൽ ജൂലൈ 17 വരെ വൈദ്യുതി വകുപ്പിനുണ്ടായ നഷ്ടം 14. 33 കോടി രൂപയാണ്. വൈദ്യുത പോസ്റ്റ്, വൈദ്യുത ലൈൻ, ട്രാൻസ്ഫോർമർ എന്നിവയ്ക്കുണ്ടായ നാശനഷ്ടമാണിത്. മാർച്ച് 13 മുതൽ ജൂൺ 11 വരെ 12. 04 കോടിയുടെയും ജൂൺ 11 മുതൽ ജൂലൈ 17 വരെ 2.29 കോടിയു ടെയും നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.