കുന്നോത്ത്: ജാതിമത ചിന്തകൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി സഭയോടും സമുദായത്തിനോടുമൊപ്പം സാമൂഹിക പ്രതിബദ്ധത പുലർത്തിയിരുന്ന മലബാറിന്റെ മോസസ് ആയിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
കുന്നോത്ത് പാരിഷ് ഹാളിൽ ചെമ്പന്തൊട്ടിയിലെ കുടിയേറ്റ മ്യൂസിയത്തിനു മുന്നിൽ സ്ഥാപിക്കുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമിക്കാനായി പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്ന വെങ്കല വസ്തുക്കൾ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ ഏറ്റുവാങ്ങുന്നതിന്റെ അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
കേരളത്തിന്റെ സംസ്കൃതി നിലനിർത്താൻ മാർ വള്ളോപ്പിള്ളി എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നും അതാണ് സഭ ഇപ്പോഴും പിന്തുടരുന്നതെന്നും മാർ പാംപ്ലാനി വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, കുന്നോത്ത് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജോസഫ് തേനമ്മാക്കൽ, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വർക്കിംഗ് കമ്മിറ്റി മെംബർ ബെന്നി പുതിയാംപുറം, സെക്രട്ടറിമാരായ പിയൂസ് പറയിടം, ഷീജ സെബാസ്റ്റ്യൻ, അതിരൂപത വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐസി മേരി, ടോമി കണയാങ്കൽ, ഷിനോ പാറയ്ക്കൽ, ജയിംസ് ഇമ്മാനുവൽ, ഷാജു ഇടശേരി, മാത്യു വള്ളോംകോട്ട്, അൽഫോൻസ് കളപ്പുര എന്നിവർ പ്രസംഗിച്ചു.