അങ്ങാടിപ്പുറം: പത്രവായനയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ ഒരുക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. പത്രവായനയിലൂടെ അറിവിന്റെ ലോകം തുറക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ ഒരുക്കിയും പുസ്തകങ്ങൾ സമ്മാനമായി നൽകിയും സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ രംഗത്തെത്തി.
രക്ഷിതാക്കൾക്കായി നടത്തിയ പത്രപാരായണം സൂപ്പർ ഹിറ്റായി. 80 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. പത്രവാർത്ത ഒഴുക്കോടെയും സ്ഫുടമായും വായിക്കുന്നത് മൊബൈലിൽ പകർത്തി കുട്ടികൾ അധ്യാപകർക്ക് അയച്ചുകൊടുത്തു. മത്സരത്തിൽ ദീപു ദേവസ്യ ഒന്നും എസ്.ജയന്തി രണ്ടും സ്ഥാനം നേടി. ഇ.വി.ജലജ, ഷിൻസി മാത്യു, ജിജി ജിജോ, രേഷ്മ ലതീഷ് എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
’വീടുകളിലേക്ക് വായന’ എന്ന സ്കൂളിലെ വായന പ്രവർത്തനത്തെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്ത വായിച്ചാണ് കുട്ടികൾ മത്സരത്തിന് തയാറായത്. എസ്.ശ്രീകാർത്തിക ഒന്നും അനബേൽ വർഗീസ് രണ്ടും ജുവാന ജയിൻ, എ.എൻ.എസ്.അൽന മരിയ എന്നിവർ മൂന്നും സ്ഥാനം നേടി. അമ്മമാർക്കായി ഒരുക്കിയ അനുഭവക്കുറിപ്പ് മത്സരത്തിൽ പങ്കെടുക്കാനും നിരവധിപേർ മുന്നോട്ടുവന്നു.
ഷിൻസി മാത്യു, തുളസി പ്രദീപ്, കെ.ഫാത്തിമത്ത് സുഹറ, ജിത വി.ഗോപാൽ, സി.ദിവ്യ എന്നീ അമ്മമാർ വിജയികളായി. അധ്യാപകർക്കായി നടത്തിയ അടിക്കുറിപ്പ് മത്സരത്തിൽ വി.ഷാമില ജഹാൻ, പി.വിഷ്ണു, ജോയ്സി തോമസ്, അമൃത ബാബു എന്നിവർ ജേതാക്കളായി.
സ്കൂളിൽ 35 ദിനപത്രങ്ങളാണ് എല്ലാ ദിവസവും ക്ലാസ് മുറികളിലും ലൈബ്രറിയിലുമായി എത്തുന്നത്. പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ’അക്ഷരപ്പച്ച’ പദ്ധതിയിലൂടെ നിരവധി പുസ്തകങ്ങളാണ് കുട്ടികൾ ശേഖരിച്ച് ലൈബ്രറിയിലേക്ക് സമ്മാനിച്ചത്. ’എഴുത്തിന്റെ വഴിയേ’ പഠനയാത്ര, ’വായന വീടുകളിലേക്ക് ’ പദ്ധതി, ഹ്രസ്വചിത്ര നിർമാണം, വായനവസന്തം പരിപാടി തുടങ്ങിയവയും ഏറെ ശ്രദ്ധേയമായി.
പ്രസംഗം, കാവ്യാലാപനം, കേട്ടെഴുത്ത്, കഥാരചന, കവിതാരചന, മുദ്രാവാക്യ രചന, ആസ്വാദനക്കുറിപ്പ്, ആസ്വാദന വീഡിയോ, വായന ക്വിസ്, കൈയെഴുത്ത്, സ്ഫുട വായന, അനുഭവം തയാറാക്കൽ, വായന പോസ്റ്റർ, ചിത്രരചന, ഭാഷാ പ്രതിഭാനിർണയ പരീക്ഷ, കവിയോടൊപ്പം കുറച്ചുനേരം, വായനശാല സന്ദർശനം, അനുഭവക്കുറിപ്പ് തുടങ്ങിയ പരിപാടികളിലും കുട്ടികൾ ആവേശപൂർവം പങ്കാളികളായി.
പ്രധാനാധ്യാപകൻ പി.ടി.ബിജു, വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ പി.അഞ്ജിത, ദീപ സഖറിയാസ്, കെ.കെ.ബിന്ദു, ലിജി, വിദ്യാരംഗം ഭാരവാഹികളായ കെ.എസ്.നിഹ ഫാത്തിമ, നന്ദിക പ്രഭാത് കുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.