മലപ്പുറം: നവകേരള സദസിൽ നിർദേശിച്ച പദ്ധതികൾക്കായി മലപ്പുറം ജില്ലയ്ക്ക് 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങൾക്കും വിവിധ പദ്ധതികൾക്കായി തുക അനുവദിച്ചിട്ടുണ്ട്.
കൊണ്ടോട്ടി മണ്ഡലത്തിലെ കാരാട്-മൂളപ്പുറം-ചണ്ണയിൽ പള്ളിയാൽ റോഡ് നവീകരണത്തിനായി പത്ത് കോടി, ഏറനാട് മണ്ഡലത്തിലെ ഏറനാട്, തിരുവന്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ പനന്പിലാവ് പാലം പുനർനിർമാണത്തിന് അഞ്ച് കോടി, അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി,
നിലന്പൂർ മണ്ഡലത്തിൽ നിലന്പൂർ നഗരത്തിലെ കെഎൻജി റോഡ് വീതി കൂട്ടുന്നതിന് അഞ്ച് കോടി, വണ്ടൂർ മണ്ഡലത്തിൽ തിരുവാലി നടുവത്ത് കൂറ്റൻപാറ ഇക്കോ ടൂറിസം പദ്ധതിക്കായി ഏഴു കോടി, മഞ്ചേരി മണ്ഡലത്തിൽ മഞ്ചേരി ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യത്തിലുള്ള കാഷ്വാലിറ്റി കെട്ടിടം നിർമാണത്തിനായി പത്ത് കോടി,
പെരിന്തൽമണ്ണ മണ്ഡലത്തിലെ പീക്കോക്ക് വാലി ടൂറിസം പദ്ധതിക്കായി ഏഴു കോടി, മങ്കട സിഎച്ച്സി നിർമാണത്തിന് ഏഴ് കോടി, മലപ്പുറം മണ്ഡലത്തിൽ മലപ്പുറം ഗവണ്മെന്റ് കോളജിൽ പുതിയ അക്കാഡമിക് ബ്ലോക്ക് നിർമാണത്തിന് അഞ്ച് കോടി, വേങ്ങര മണ്ഡലത്തിലെ കിളിനക്കോട് -മിനി റോഡ്, ടിപ്പുസുൽത്താൻ റോഡ് എന്നിവ ബിഎംബിസി ചെയ്യുന്നതിന് ഏഴ് കോടി,
വള്ളിക്കുന്ന് മണ്ഡലത്തിലെ ഇടിമൂഴിക്കൽ അഗ്രശാല പാറക്കടവ് റീച്ച് വണ് റോഡ് നവീകരണത്തതിന് ഏഴ് കോടി, തേഞ്ഞിപ്പലം വില്ലേജ് ഓഫീസിന് സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് ഒരു കോടി, തിരൂരങ്ങാടി പെരുമണ്ണ ക്ലാരി പിഎച്ച്സി കെട്ടിടം പുനർനിർമാണത്തിന് ആറ് കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.
താനൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പുതിയ നില നിർമിക്കുന്നതിന് ഏഴ് കോടി രൂപ, തിരൂർ ആതവനാട് പഞ്ചായത്തിലെ ചോറ്റൂർ മുതൽ മാട്ടൂർ ഹൈസ്കൂൾ വരെയുള്ള റോഡ് നവീകരണം, തിരൂർ മുൻസിപ്പാലിറ്റിയിലെ ഏഴൂർ കൊട്ടിലത്തറ റോഡ് നവീകരണം, അപ്രോച്ച് റോഡ് നിർമാണം എന്നിവയ്ക്കായി ഏഴ് കോടി രൂപയും അനുവദിച്ചു.
കോട്ടക്കൽ കേന്ദ്രീകരിച്ച് ആയുർവേദം, അലോപ്പതി, മറ്റ് മെഡിക്കൽ ശാഖകൾ എന്നിവ ചേർത്ത് ഹെൽത്ത് ടൂറിസം വികസന പദ്ധതിക്കും വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജ് ഹോസ്പിറ്റലിനുമായി ഏഴ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തവനൂർ മണ്ഡലത്തിലെ എടപ്പാൾ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് 3.5 കോടി രൂപയും കുറ്റിപ്പുറം മിനിപന്പ നവീകരണത്തിന് 3.5 കോടി രൂപയും പൊന്നാനി മണ്ഡലത്തിലെ കൊല്ലൻപടിയിൽ നിന്ന് തുടങ്ങി കറുകത്തിരുത്തി വളവ് വരെ ബിഎംബിസിയും മറ്റ് അനുബന്ധ പ്രവൃത്തികളും ചെയ്യുന്നതിന് 3.25 കോടി രൂപയും കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മേലെ പന്താവൂർ പാലം മുതൽ പെരുമുക്ക് വഴി കാഞ്ഞൂർ തരിയത്ത് വരെ ബിഎംബിസി ചെയ്യുന്നതിന് 3.75 കോടി രൂപയും അനുവദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്ന നവകേരള സദസിൽ ഉയർന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ചത്.