പെരിന്തൽമണ്ണ: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരെ ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണക്കൊടുവിൽ മലയാളി കന്യാസ്ത്രീകളായ രണ്ടു പേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ - മരിയാപുരം ഫൊറോന പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാർക്ക് നേരേ നടക്കുന്ന തീവ്ര ഹിന്ദുത്വ വർഗീയവാദികളുടെ നരനായാട്ടിന് അറുതിവരുത്തണമെന്നും പോലീസിന്റെ പക്ഷതപരമായ സമീപനം അവസാനിപ്പിക്കണമെന്നും ക്രിസ്ത്യൻ മിഷനറിമാർക്ക് സുരക്ഷ നൽകണമെന്നും പ്രതിഷേധ യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് വർഗീസ് കണ്ണാത്ത്, ഡയറക്ടർ ഫാ. ജിൽസ് കാരിക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, രൂപത വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയിൽ, രൂപത സമിതിയംഗം ബോബൻ കൊക്കപ്പുഴ, ഫൊറോന വൈസ് പ്രസിഡന്റ് ജോർജ് ചിറത്തലയാട്ട്, പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ് ബിനോയ് മേട്ടയിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോന സെക്രട്ടറി ഷാജു അറക്കൽ നെല്ലിശേരി, ട്രഷറർ ജെയിംസ് തെക്കേക്കൂറ്റ്, ബിനിത ഷിബു, ദീപു എന്നിവർ നേതൃത്വം നൽകി.
കരുവാരക്കുണ്ട് :മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ആർജെഡി പ്രതിഷേധിച്ചു. മാനവസേവക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ടു കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെ തുടർന്ന് ഛത്തിസ്ഗഡ് പോലീസ് അറസ്റ്റു ചെയ്തത്.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കയറി അക്രമം അഴിച്ചുവിടുകയാണെന്നും ആർജെഡി നേതാക്കൾ കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷക്കാർക്കെതിരായ അക്രമങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കന്യാസ്ത്രീകളെ വിട്ടയക്കണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്രആഭ്യന്തര മന്ത്രിയോടും വണ്ടൂർ ആർജെഡി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആർജെഡി ജില്ലാ കമ്മിറ്റി അംഗം ഒ.പി. ഇസ്മായിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനുവൽകുട്ടി മണിമല അധ്യക്ഷത വഹിച്ചു. ചന്ദ്രൻ നീലാന്പ്ര, സുനിൽ ജേക്കബ് കടമപ്പുഴ, ബെന്നി മുണ്ടമറ്റം, പി.എ. സലാം, ഉണ്ണി താഴത്തേത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്ങാടിപ്പുറം: കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടയ്ക്കുകയും ബജ്രംഗ്ദൾ ഭീകരരുടെ വിചാരണക്ക് വിട്ടുകൊടുക്കുകയും ചെയ്ത ബിജെപി സർക്കാർ നടപടിയിൽ പരിയാപുരം -പുത്തനങ്ങാടി കോണ്ഗ്രസ് വാർഡ് കമ്മിറ്റികളുടെ സംയുക്ത യോഗം പ്രതിഷേധിച്ചു.
ല ന്യൂനപക്ഷ രക്ഷയ്ക്ക് കോണ്ഗ്രസും രാഹുൽഗാന്ധിയും അല്ലാതെ മറ്റാരുമില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുതിർന്ന കോണ്ഗ്രസ് നേതാവ് പി. രാധാകൃഷ്ണൻ പറഞ്ഞു. സാബു കാലായിൽ അധ്യക്ഷത വഹിച്ചു. ബേബി വാത്താച്ചിറ, ടി.മുരളീധരൻ, ഒടുവിൽ അഷറഫ്, സേതുമാധവൻ രാമച്ചത്ത്, ഷാന്റോ തകിടിയേൽ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിപ്പുറം : ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഎം അങ്ങാടിപ്പുറം ഈസ്റ്റ് ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിയാപുരത്ത് സംഘടിപ്പിച്ച കൂട്ടായ്മ സിപിഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. സജി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷൻ അംഗം ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. നാരായണൻ, അനിൽ പുലിപ്ര, അഡ്വ. ടി.കെ. റഷീദലി, എ. ഹരി, പി. പത്മജ, ലോക്കൽ കമ്മിറ്റി അംഗം എം.എം. ഏലിയാമ്മ, സൽമാനുൽ ഫാരിസ് എന്നിവർ പ്രസംഗിച്ചു.
മലപ്പുറം: ഛത്തീസ്ഗഡിൽ ബജ്രംഗ്ദൾ പ്രവർത്തകർ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തുകയും പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരളാ കോണ്ഗ്രസ് - ബി ജില്ലാ സെക്രട്ടറിയറ്റ് യോഗം ആരോപിച്ചു.
വർഗീയഭ്രാന്ത് മൂത്ത ഒരുപറ്റം ആളുകൾ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരേ നടത്തുന്ന കടന്നാക്രമണത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.വർഗീയ വിഷം തുപ്പുന്ന നുണകൾ പ്രചരിപ്പിച്ച് രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും മതേതരത്വവും അപകടത്തിലാക്കുന്ന നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.പി. പീറ്റർ, കെ.എം. ജോസ്, പി.ടി. ഉണ്ണിരാജ, ജാമാൽ ഹാജി, നാസർ കൊട്ടാരം, വി.കെ.എം. സുദിൻ, അനൂബ് വർഗീസ്, തോമസ് മങ്കട തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ: ബജ്രംഗ്ദളിന്റെ തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന സംഘപരിവാർ സർക്കാരിനെതിരേ നിലന്പൂർ ജോസ്ഗിരി എംസിഎ യൂണിറ്റ് പ്രതിഷേധിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നി ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് സന്തോഷ് പാടകശേരി അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് എ.വി. ബിജു പോൾ, സെക്രട്ടറി ദിലു ജോസഫ്, വൈസ് പ്രസിഡന്റ് ബൈജു എഴുമായിൽ, റെജി ചീരൻ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
സംഘപരിവാറിന്റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി. സഫീർഷ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറന്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, സി.സി. ജാഫർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ, മണ്ഡലം വൈസ് പ്രസിഡന്റ് അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ഇർഫാൻ, അബ്ദുസമദ് തൂന്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.