മാനന്തവാടി: ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക പ്ലാറ്റിനം ജൂബിലി വർഷത്തിന്റെ ഭാഗമായി രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള പുരാവസ്തുക്കളുടെ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു.
കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, നാണയശേഖരങ്ങൾ, എന്നിവയുടെ അപൂർവങ്ങളിൽ അപൂർവങ്ങളായ 1000 ത്തോളം വസ്തുക്കളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. കാർഷിക ഉപകരണങ്ങളായ കലപ്പ, കൊഴു, നുകം, ഞേഞ്ഞിൽ, പുൽപ്പാറ്റി, വീശുമുറം, പറ, കൊരന്പ, ഇടങ്ങഴി, സേർ, കൊരുക്കട്ട, വീട്ടുപകരണങ്ങളായ കിണ്ടി, കോളാന്പി, ചിരവ, അടച്ചൂറ്റി, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, റാന്തൽ, ചിമ്മിണി, ഓട്ടു വിളക്ക്, പാതാളക്കരണ്ടി, പുല്ലുമാന്തി, നിലംതല്ലി, നൂറ്റാണ്ടുകൾ പഴക്കമുള്ള കട്ടിലുകൾ, സംഗീതോപകരണങ്ങളായ ഹാർമോണിയം, വയലിൻ, ഓടക്കുഴൽ, കളിവീണ, ഗ്രാമഫോണ്‍, മൗത്ത് ഓർഗണ്‍, തബല, തോൽച്ചെണ്ട, ഇടക്ക, മദ്ദളം, ട്രിപ്പിൾ ഡ്രം, ആദ്യകാല കാമറകൾ, വ്യത്യസ്ത കാലഘട്ടങ്ങളിലെയും രാജ്യങ്ങളിലെയും വ്യത്യസ്ത മൂല്യങ്ങളിലുള്ളതുമായ നാണയങ്ങൾ എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം.
വിജയികൾക്ക് യഥാക്രമം 7500, 5000, 2500 എന്നിങ്ങനെ കാഷ് പ്രൈസുകളും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകി.
പ്രദർശന മത്സരം പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ജോസ് കപ്യാരുമലയിൽ അധ്യക്ഷത വഹിച്ചു. സിഎംഎൽ രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യപ്രഭാഷണം നടത്തി. എം.എം. സണ്ണി മൂലക്കര, ഇ.ജെ. സെബാസ്റ്റ്യൻ ഇടയകൊണ്ടാട്ട്, സണ്ണി ചെറുകാട്ട്, ജോർജ് ഊരാശേരിയിൽ, ഫാ. അമൽ മന്ത്രിക്കൽ, ഫാ. നിഥിൻ ആലക്കാതടത്തിൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി രൂപത റെക്ടർ ഫാ. സജി നെടുങ്കല്ലേൽ സമ്മാനദാനം നടത്തി. ജോർജ് തെക്കേതൊട്ടിയിൽ, ബിനിൽ മുള്ളൻമടയ്ക്കൽ, രഞ്ജിത് മുതുപ്ലാക്കൽ, സിബി വെള്ളക്കുഴി എന്നിവർ നേതൃത്വം നൽകി.