കഠിനാധ്വാനം ചെയ്ത് അഗ്നി-രക്ഷാസേന, രണ്ട് ദുരിതാശ്വാസ ക്യാന്പ് തുറന്നു
കൽപ്പറ്റ/സുൽത്താൻ ബത്തേരി: ശനിയാഴ്ച രാത്രി കാറ്റിലും മഴയിലും വയനാട്ടിൽ വ്യാപക നാശം. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി. ചിലേടങ്ങളിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇന്നലെ രാത്രി വടക്കേ വയനാട്ടിലെ തവിഞ്ഞാൽ, തൊണ്ടർനാട്, പടിഞ്ഞാത്തറ പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലുമാണ് കനത്ത മഴ പെയ്തത്.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ ബാണാസുരസാഗർ അണയുടെ രണ്ട് സ്പിൽവേ ഷട്ടർ ഇന്നലെ രാവിലെ 10 ഓടെ 85 സെന്റി മീറ്ററായി ഉയർത്തി. സെക്കൻഡിൽ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റർ) വെള്ളമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടിന് ഷട്ടറുകൾ 75 സെന്റി മീറ്ററായി ഉയർത്തിയിരുന്നു. ജില്ലയിൽ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്.
ഇന്നലെ തലപ്പുഴ കരകവിഞ്ഞ ഭാഗങ്ങളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. മക്കിമലയ്ക്കടുത്ത് പുഴയിൽ കലക്കവെള്ളം കുത്തിയൊഴുകിയത് വനത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണെന്ന സംശയത്തിനു സ്ഥിരീകരണമായില്ല.
മാനന്തവാടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാന്പ് തുറന്നു. തിരുനെല്ലി എസ്എയുപി സ്കൂളിലും പിലാക്കാവ് സെന്റ് ജോസഫ്സ് എൽപി സ്കൂളിലുമാണ് ക്യാന്പ് ആരംഭിച്ചത്. രണ്ട് ക്യാന്പുകളിലുമായി 30 കുടുംബങ്ങളിലെ 25 പുരുഷൻമാരും 43 സ്ത്രീകളും 28 കുട്ടികളുമുണ്ട്.
ചെതലയം, പൊൻകുഴി, പാടിച്ചിറ,കൊളഗപ്പാറ, നൂൽപ്പുഴ, അരിവയൽ, മന്ദംകൊല്ലി, കാരംകൊല്ലി, കുന്പളേരി, മുണ്ടേരി, സുഗന്ധഗിരി, മേപ്പാടി, വൈത്തിരി, ചുണ്ടേൽ, കമ്മന, വളളിയൂർക്കാവ്-കൂവണക്കുന്ന് റോഡ്, പേര്യ 36, ബത്തേരി-പനമരം റോഡിലെ മൂന്നാനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് മരം കടപുഴകിയത്.
മരങ്ങൾ റോഡിലേക്ക് മറിഞ്ഞതിനെത്തുടർന്നുണ്ടായ ഗതാഗത തടസം അഗ്നി-രക്ഷാസേന കഠിനാധ്വാനം ചെയ്താണ് നീക്കിയത്. പേര്യയിൽ മരം കടപുഴകിയത് നെടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗത തടസത്തിനു കാരണമായി.
പൊഴുതന കോളിച്ചാൽ വയൽക്കുന്ന് ഉന്നതിയിലെ ബാബുവിന്റെ വീടിനു മുകളിൽ മരം വീണു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ വീടിനു കൂടുതൽ നാശം ഉണ്ടാകാതെ മരം മുറിച്ചുനീക്കി. വള്ളിയൂർക്കാവ്-കാവടിക്കുന്ന് റോഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. കാട്ടിക്കുളം അണമലയിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.
പനക്കുന്നേൽ നാരായണന്റെ വീടിനു മുകളിലാണ് മരം പതിച്ചത്. വീട്ടിലുണ്ടായിരുന്ന നാരായണനും ഭാര്യയും പരിക്കില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ അടുക്കള ഭാഗം പൂർണമായും നശിച്ചു. കമ്മനയിൽ മരം വീണ് വീടിനു നാശമുണ്ടായി. ബത്തേരി മൂലങ്കാവിൽ വിളക്കുന്നിൽ സണ്ണിയുടെ വീടിനു മുകളിലേക്ക് കമുക് മറിഞ്ഞു.
ശക്തമായ മഴയിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ ഭാഗികമായി തകർന്നു. സ്റ്റേഷനുപുറകിലെ ചുറ്റുമതിലാണ് ഇന്ന് പുലർച്ചെ തകർന്നത്. മുന്പ് തകർന്നതിനോട് ചേർന്നാണ് മഴയിൽ വീണ്ടും മതിൽ തകർന്നത്. സ്റ്റേഷന്റെ പുറകിലെ തകരഷീറ്റ് മേഞ്ഞ ചാർത്തിന്റെ ഒരുഇരുന്പുതൂണും ഇളകിമാറി. ചുറ്റുമതിൽ ഇടിഞ്ഞത് സ്റ്റേഷൻ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്.
വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബത്തേരി ഈസ്റ്റ് സെക്ഷന് കീഴിൽ 11 ഹൈടെൻഷൻ പോസ്റ്റുകളും 10 ലോ ടെൻഷൻ പോസ്റ്റുകളുമാണ് കാറ്റിൽ മരം വീണും മറ്റും നിലംപതിച്ചത്. 165 സ്ക്വയർ കിലോമീറ്റർ വരുന്ന സെക്ഷന് കീഴിൽ മിക്കയിടത്തും വൈദ്യുതി ലൈനിലേക്ക് മരത്തിന്റെ കന്പുകളും മറ്റും ഓടിഞ്ഞ് വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിലാണ് വൈദ്യുതി വിതരണ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്ന് കഐസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
തുടർച്ചയായി പെയ്ത മഴയിൽ പുഴംകുനി ഉന്നതിക്ക് സമീപം പുഴ കരകവിഞ്ഞതോടെ ഉന്നതിയിലുള്ളവർ വെള്ളപൊക്ക ഭീഷണിയിലാണ്. മുത്തങ്ങ ആലത്തൂർ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഇന്നലെ രാവിലെ തടസപ്പെട്ടിരുന്നു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.
ബത്തേരി മേഖലയിൽ കണ്ണങ്കോട്, കല്ലൂർ, കോളിപാളി പാടശേഖരം, കാക്കത്തോട്, മൻമഥമൂല തുടങ്ങിയ സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കല്ലുമുക്ക് മംഗലത്ത് കുര്യാക്കോസിന്റെയും പാപ്ലശേരി കവളമറ്റത്ത് പുതുപറന്പിൽ റഷീദിന്റെ വീടിന് മുകളിലേക്കുമാണ് തെങ്ങ് വീണ് നാശം സംഭവിച്ചത്.
റഷീദിന്റെ വീട് ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം. തെങ്ങ് വീഴുന്നതിന് പത്ത് മിനിറ്റ് മുൻപാണ് റഷീദ് വീട്ടിൽ നിന്നു പോയത്. ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അടുക്കള ഭാഗം പൂർണമായും തകർന്നു. കാറ്റിലും മഴയിലും ബത്തേരി മേഖലയിൽ മാത്രം ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.
ബത്തേരി താലൂക്ക് പ്രധാന റോഡുകളിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മുത്തങ്ങ പൊൻകുഴി ക്ഷേത്രത്തിനു സമീപം മരം കടപുഴകി വീണ് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബത്തേരിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബത്തേരി - പുൽപ്പള്ളി വനപാതയിൽ അഞ്ചാംമൈലിൽ വൈദ്യുതി പോസ്റ്റ് വീണു ഗതാഗതം തടസപ്പെട്ടു അന്പലവയലിലും ബീനാച്ചി - മാനന്തവാടി റോഡിൽ മൂന്നാനക്കുഴി, അരിവയിൽ തുടങ്ങിയ സ്ഥലങ്ങളിലും മരം കടപുഴകി വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറിൽ തവിഞ്ഞാൽ പഞ്ചായത്തിലാണ് കൂടുതൽ അളവിൽ മഴ ലഭിച്ചത്-150.33 എംഎം. തൊണ്ടർനാട് പഞ്ചായത്തിൽ 145.06 എംഎം മഴ രേഖപ്പെടുത്തി. പടിഞ്ഞാറത്ത പഞ്ചായത്തിൽ 141.15ഉം മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 130.4 ഉം എംഎം മഴ പെയ്തു. മറ്റു പഞ്ചായത്തുകളിൽ പെയ്ത മഴയുടെ കണക്ക് മില്ലി മീറ്ററിൽ:
തിരുനെല്ലി-91.55. എടവക-81.5, വെള്ളമുണ്ട-71, തരിയോട്-71, പൊഴുതന-98.58, വൈത്തിരി-118.92, മേപ്പാടി-82.2, മൂപ്പൈനാട്-48.83, അന്പലവയൽ-48.6, നെൻമേനി-43.8, മുട്ടിൽ-67.49, കണിയാന്പറ്റ-73.06, വെങ്ങപ്പള്ളി-53.1, കോട്ടത്തറ-59.1, പനമരം-40.18, മുള്ളൻകൊല്ലി-44.2, പുൽപ്പള്ളി-31.26, പൂതാടി-40.72, മീനങ്ങാടി-56.51, നൂൽപ്പുഴ-41. ബത്തേരി മുനിസിപ്പാലിറ്റിയിൽ 40.33 മീല്ലി മീറ്റർ മഴ ലഭിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 59.15 എംഎം മഴ പെയ്തു.