എടത്വ: മഴയ്ക്ക് ശമനം വന്നെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നുതന്നെ. തലവടി, വീയപുരം, മുട്ടാര്‍, എടത്വ, തകഴി പഞ്ചായത്തുകളില്‍ ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഇന്നലെ ഉച്ചവരെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ലെങ്കിലും വൈകിട്ടോടെ ജലനിരപ്പ് അല്പം ഉയര്‍ന്നിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. തലവടി, വീയപുരം, മുട്ടാര്‍ പ്രദേശങ്ങളിലെ വീടുകളാണ് അധികവും വെള്ളത്തില്‍ മുങ്ങിയത്.
കിഴക്കന്‍ വെള്ളത്തിന്റെ ശക്തിയെ ആശ്രയിച്ചാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നത്. ഇന്നലെ ഉച്ചയോടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചു തുടങ്ങിയിട്ടുണ്ട്. കലങ്ങി മറിഞ്ഞുള്ള പ്രധാന നദികള്‍ ഇന്നലെ ഉച്ചമുതല്‍ തെളിഞ്ഞുതുടങ്ങി. കിഴക്കന്‍ മേഖലയില്‍ വെള്ളം കുറയുന്നതനുസരിച്ച് അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാറുണ്ട്. മഴ തുടര്‍ച്ചയായി പെയ്യുന്നില്ലെങ്കിലും കാറ്റിനൊപ്പം ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നലെ വൈകിട്ടും പെയ്തിരുന്നു.
വരും ദിവസങ്ങളില്‍ മഴ മാറിനിന്നാല്‍ മാത്രമേ കുട്ടനാട്ടില്‍നിന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ സാധ്യതയുള്ളൂ. ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ ജനജീവിതം കടുത്ത ദുരിതത്തിലാണ്. ഉള്‍പ്രദേശങ്ങളിലെ ഗതാഗതം പൂര്‍ണമായി നിലച്ച മട്ടിലാണ്.
മാന്നാറിന്റെ
പടിഞ്ഞാറൻ
പ്രദേശങ്ങൾ വെള്ളത്തിൽ
മാന്നാര്‍: പെയ്തൊഴിയാത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് വീണ്ടും വര്‍ധിക്കുന്നു. ഇതോടെ മാന്നാര്‍, ബുധനൂര്‍ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകളില്‍ ഒരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
മാന്നാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേല്‍, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യന് നഗര്‍, ഇടത്തേ ഭാഗം, ഇരമത്തൂര്‍, പൊതുവൂര്‍, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാവുക്കര, വള്ളക്കാലി ഭാഗങ്ങളിലെ ചില ഇടറോഡുകളില്‍ ഇന്നലെ വൈകിട്ടോടെ വെള്ളം കയറിത്തുടങ്ങി. പല കുടുംബങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മൂര്‍ത്തിട്ട മുക്കാത്താരി റോഡില്‍ കൊച്ചുവീട്ടില്പടി ഭാഗത്ത് വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര ദുരിതത്തിലായി. പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മാന്നാര്‍ കുരട്ടിക്കാട് ആംബുലന്‍സ് പാലത്തിന്റെ പരുമല ഭാഗത്തെ അപ്രോച്ച് റോഡില്‍ വെള്ളം നിറഞ്ഞു. ബുധനൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പ്ലാക്കാത്തറ ഭാഗത്ത് നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബുധനൂര്‍ തയ്യൂര്‍ പകല്‍ വീട്ടില്‍ ഇന്നലെ വൈകിട്ടോടെ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളാണുള്ളത്.
ജില്ലയില്‍ ഒമ്പതു
ദുരിതാശ്വാസ
ക്യാമ്പുകള്‍
ആലപ്പുഴ: കാലവര്‍ഷത്തില്‍ ജില്ലയില്‍ ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി ആകെ 32 കുടുംബങ്ങളാണ് കഴിയുന്നത്.
ചേര്‍ത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളെയും കുട്ടനാട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി ഒമ്പതു കുടുംബങ്ങളെയും ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 10 കുടുംബങ്ങളെയും മാവേലിക്കര താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി നാലു കുടുംബങ്ങളെയും കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ അഞ്ചു കുടുംബങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്.