നൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് വീട്ടിലെത്തിയാല്‍ അധ്യാപകന് നേരേ പോകുന്നത് കൃഷിയിടത്തിലേക്ക്. അധ്യാപനം മാത്രമല്ല കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്തുപിടിച്ച് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വിനോദ്കുമാര്‍ എന്ന അധ്യാപകന്. താമരക്കുളം വിവിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപകനായ വിനോദ്കുമാര്‍ തന്റെ 80 സെന്റ് സ്ഥലത്ത് കൃഷി നടത്തിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുന്നത്.
ഏത്തവാഴ, ഞാലിപ്പൂവന്, പാളയം കോടന്, ചാരപ്പൂവന് എന്നീ ഇനങ്ങളില്‍ എഴുന്നൂറോളം വാഴകളും, കപ്പ, ചേന, ചേമ്പ്, കാച്ചില്, മത്തന്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളും ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവല്‍, തക്കാളി, കറിവേപ്പ്, വിവിധയിനം പച്ചമുളക്, ചീര, പടവല്‍, പാവല്‍, കുരുമുളക് തുടങ്ങി പച്ചക്കറി ഇനങ്ങളും മാത്രമല്ല പപ്പായ തോട്ടവും കൂണ് കൃഷിയും ബന്ദിയും കൃഷിത്തോട്ടത്തില്‍ നന്നായി പരിപാലിക്കുന്നു.
കൂടാതെ പത്തുവര്‍ഷമായി ആട് കൃഷിയും ചെയ്തുവരുന്നു. ആട്ടിന്‍ കാഷ്ഠവും കോഴിക്കാഷ്ടവും വളമായും ജൈവകീടനാശിനിയായുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എഴുപതോളം തെങ്ങും, മാവ്, അഗത്തിചീര, അടയ്ക്കാമരം എന്നിവയും ഈ അധ്യാപ കന്റെ കൃഷിസ്ഥലത്തുണ്ട്. കഴിഞ്ഞവര്‍ഷം മുന്നൂറോളം നേന്ത്രക്കുലകളും പച്ചക്കറികളും തന്റെ കൃഷിത്തോട്ടത്തില്‍ ഉത്പാദിപ്പിച്ചതായി വിനോദ് കുമാര്‍ പറയുന്നു.
കരിമുളയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണിയിലൂടെയാണ് പ്രധാനമായും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. മണ്ണിനോടും കാര്‍ഷിക സംസ്കൃതിയോടുമുള്ള സ്നേഹവും പ്രവര്‍ത്തനവുമാണ്, കാല്‍നൂറ്റാണ്ടായി അധ്യാപനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിനോദ് മാഷിനെ കാര്‍ഷികരംഗത്തേക്ക് നയിച്ചത്. ചുനക്കര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോമല്ലൂര്‍ മെഴുവേലില്‍ വിനോദ് കുമാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടാണ് കാര്‍ഷികരംഗത്ത് സജീവമായത്.
നിര്‍ദേശവും സാങ്കേതികമായ ഉപദേശങ്ങളും നല്കി ചുനക്കര കൃഷി ഓഫീസറും മുന്‍ കൃഷി ഓഫീസറും ചുനക്കര കൃഷിഭവന് ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്.
മക്കളായ വിനായക് വിനോദ്, വൈഷ്ണവി വിനോദ്, ജിഎസ്ടി വകുപ്പില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയ ഭാര്യ പി.ആര്. രശ്മി, ഭാര്യയുടെ മാതാപിതാക്കളായ രാധാകൃഷ്ണന് നായര്‍, രമാദേവി എന്നിവര്‍ അടങ്ങുന്ന കുടുംബം നല്കുന്ന പരിപൂര്‍ണ പിന്തുണയാണ് കൃഷിയടെ വിജയരഹസ്യമെന്ന് വിനോദ് കുമാര്‍ പറയുന്നു.