നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Sunday, July 27, 2025 11:25 PM IST
മാ​ന്നാ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യ്ക്കു മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വ​ഴി​യ​രി​കി​ൽനി​ന്ന വ​യോ​ധി​ക​നു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ദ്യല​ഹ​രി​യി​ലാ​യി​രു​ന്ന കാ​ർ യാ​ത്ര​ക്കാ​ർ പോലീ​സു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി​യ​തി​നെത്തുട​ർ​ന്ന് പോലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നും കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രേ മാ​ന്നാ​ർ പോലീ​സ് കേ​സേ​ടു​ത്തു. ബു​ധ​നൂ​ർ തോ​പ്പി​ൽ ച​ന്ത ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ബു​ധ​നൂ​ർ കാ​വി​ൽ ബേ​ക്ക​റി​ക്കു മു​ന്നി​ലേ​ക്കാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചുക​യ​റി​യ​ത്.

അ​മി​ത വേ​ഗ​ത​യി​ൽ കാ​ർ വ​രു​ന്ന​ത് ക​ണ്ട് ഓ​ടിമാ​റി​യ ബു​ധ​നൂ​ർ തു​ള്ള​ൽ ക​ള​ത്തി​ൽ സ​ന​ൽ കു​മാ​ർ (60), കാ​ർ യാ​ത്രി​ക​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​രാ​ഗ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. പ​രി​ക്കേ​റ്റ സു​രാ​ഗ്, മ​റ്റ് കാ​ർ യാ​ത്രി​ക​രാ​യ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത് കൃ​ഷ്ണ​ൻ, അ​ഭി​ജി​ത്ത് ആ​ർ.​ നാ​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മാ​ന്നാ​ർ പോലീ​സ് കേ​സെ​ടു​ത്ത​ത്.