എടത്വ: കുട്ടനാട്ടിലെ ജലനിരപ്പ് അപകടനിലയിലേക്ക്. ഇടറോഡുകളില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലും വെള്ളം കയറി. സംസ്ഥാനപാതയില്‍ നെടുമ്പ്രം ഭാഗത്താണ് വെള്ളം കയറിയത്. ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ല. നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, മിത്രക്കരി-മുട്ടാര്‍, എടത്വ-കളങ്ങര-വേഴപ്ര, എടത്വ-തായങ്കരി-കൊടുപ്പുന്ന, കിടങ്ങ റ-കണ്ണാടി എന്നീ റോഡുകളിലെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു.
പെരുമഴ പെയ്ത്തിന് ശമനമില്ലാത്തതിനെത്തുടര്ന്ന് കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലകള്‍ വെള്ളത്തില്‍ മുങ്ങുകയാണ്. പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയതോടെ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ പെയ്യുന്ന മഴയും ശക്തമായ കാറ്റും കുട്ടനാട് -അപ്പര്‍കുട്ടനാട് മേഖലയിലെ താമസക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ഒരുമാസത്തിനുള്ളില്‍ നാലു തവണയാണ് കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നത്. ദിവസങ്ങളായി പെയ്യുന്ന മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും വര്‍ധിച്ചതോടെ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനോടകം മുങ്ങി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ വെള്ളത്തിന്റെ വരവും നിലച്ചിട്ടില്ല. സംഭരണശേഷിക്ക് അതീതമായി ഒഴുകിയെത്തുന്ന ജലവും മഴവെള്ളവും കെട്ടിക്കിടന്ന് ജലനിരപ്പ് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മുട്ടാര്‍, തലവടി, നിരണം, വീയപുരം, എടത്വ, തകഴി, ചെറുതന, പള്ളിപ്പാട്, ചന്പക്കുളം, പുളി ങ്കുന്ന്, കാവാലം, നീലം പേരൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലവടി, മുട്ടാര്‍ പഞ്ചായത്തില്‍ ജനജീവിതം കടുത്ത ദുരിതത്തില്‍ എത്തിയിട്ടുണ്ട്. തലവടിയില്‍ നിരവധി വീടുകള്‍ ഇതിനോടകം വെള്ളത്തില്‍ മുങ്ങുകയും വീട്ടുകാര്‍ താമസം മാറുകയും ചെയ്തിട്ടുണ്ട്.
ക്ഷീരകര്‍ഷകരാണ് കടുത്ത യാതന അനുഭവിക്കുന്നത്. തൊഴുത്തുകളില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ പൊക്കപ്രദേശങ്ങളിലേക്ക് പശുക്കളെ മാറ്റിയിട്ടുണ്ട്. മറ്റ് വളര്‍ത്തു മൃഗങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. തലവടി കുതിരച്ചാല്‍ -കുന്നുമ്മാടി പ്രദേശങ്ങളില്‍ 50 ഓളം താമസക്കാര്‍ പ്രതിസന്ധിയിലാണ്. പമ്പയും അച്ചന്‍കോവിലും കരകവിഞ്ഞാല്‍ ആദ്യം വെള്ളം എത്തുന്ന പ്രദേശമായി മാറിയിട്ടുണ്ട്. മുട്ടാര്‍ പഞ്ചാത്തിലും സമാനഅവസ്ഥയാണ് നിലനില്‍ക്കുന്നത്. കുട്ടനാട്ടിലെ സര്‍വീസ് റോഡുകളില്‍ ആദ്യം മുങ്ങുന്ന മുട്ടാര്‍ പ്രദേശത്തെ ജനജീവിതം കടുത്ത ദുരിതത്തില്‍ എത്തിയിട്ടുണ്ട്.
വെള്ളം ഉയരുന്നതോടെ എസി റോഡിലോ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലോ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. റോഡില്‍ വെള്ളം ഉയരുന്നതോടെ നിത്യോപയോഗ സാധനങ്ങളും പ്രദേശത്ത് എത്തുകയില്ല. മഴ ശക്തി പ്രാപിച്ചാല്‍ വെള്ളപ്പൊക്കത്തിന് മുന്‍പേ മുട്ടാറ്റിലെ താമസക്കാര്‍ വീടുവിട്ടു പോകുന്ന കാഴ്ചയാണ്.
മറ്റ് പഞ്ചായത്തിലും സമാന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ താമസക്കാരും നദീതീരങ്ങളിലെയും പാടശേഖര പുറംബണ്ടുകളിലെ താമസക്കാരും കടുത്ത ദുരിതം അനുഭവിക്കുകയാണ്.