കൽപ്പറ്റ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടവിൽ വയ്ക്കുകയും ചെയ്ത സംഭവത്തിൽ കത്തോലിക്ക കോണ്ഗ്രസ് കൽപ്പറ്റ മേഖലാ സമിതി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തീസ്ഗഡ് സർക്കാരും റെയിൽവേ ഉദ്യോഗസ്ഥരും അടങ്ങുന്ന അധികാര വർഗം നടത്തിയത്. എല്ലാ രേഖകളും ഉൾപ്പെടെ സഞ്ചരിച്ചവരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് റെയിൽവേ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഉത്തരേന്ത്യയിൽ പലയിടങ്ങളിലും സന്യസ്ത വസ്ത്രം ധരിച്ച് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടെയും ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും ഉന്നതിക്കായി അവരുടെ ഇടയിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സന്യസ്തരെ മനുഷ്യകടത്തുകാരായും മതപരിവർത്തകരായും ചിത്രീകരിക്കുന്നത് നിഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ പറഞ്ഞു.
യോഗത്തിൽ മേഖലാ പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മേഖല ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോനാ വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ജോണ്സണ് കുറ്റിക്കാട്ടിൽ, മേഖല വൈസ് പ്രസിഡന്റ് ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ വനിതാ പ്രതിനിധി റാണി വർഗീസ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു. സിബി ഒഴികെയിൽ(യൂണിറ്റ് പ്രസിഡന്റ്), രാജൻ ബാബു പാലംമൂട്ടിൽ (യൂണിറ്റ് സെക്രട്ടറി), ജിബോയ് വൈപ്പന, ജയിംസ് മേലെപള്ളി, ജെന്നി ഈപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
സന്യസ്തരുടെ അറസ്റ്റ്: കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധിച്ചു
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്താരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കത്തോലിക്ക കോണ്ഗ്രസ് ബത്തേരി ഫൊറോന എക്സിക്യുട്ടീവ് യോഗം പ്രതിഷേധിച്ചു. പെണ്കുട്ടികളെ കയ്യേറ്റം ചെയ്യുകയും കാര്യങ്ങൾ മനസിലാക്കാതെയും വിശദീകരണം ഉൾക്കൊള്ളാതെയുമാണ് അറസ്റ്റ് നടന്നതെന്നും ഇത് ശരിയായ നടപടിയല്ലെന്നും യോഗം വിലയിരുത്തി.
അവശതയനുഭവിക്കുന്ന സമൂഹത്തിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സഭയെയും സന്യാസ സമൂഹങ്ങളെയും താറടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ യോഗം അപലപിച്ചു. മാതാപിതാക്കളുടെ അനുവാദത്തോടെ യാത്രചെയ്ത പെണ്കുട്ടികളെ മതപരിവർത്തനം നടത്തി എന്ന തരത്തിൽ ചിത്രീകരിക്കുന്നത് മതേതര രാജ്യത്തിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പൗരന്റെ അവകാശത്തെയാണ് ഹനിക്കുന്നത് എന്നും യോഗം വിലയിരുത്തി.
സംഭവത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും അറസ്റ്റിലായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മേച്ചേരിൽ, ചാൾസ് വടശേരി, ജോഷി കാരക്കുന്നേൽ, സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, ജേക്കബ് ബത്തേരി, സെബാസ്റ്റ്യൻ ചക്കാലക്കൽ, മോളി മാമൂട്ടിൽ, സ്മിത അടവിച്ചിറ എന്നിവർ പ്രസംഗിച്ചു.
മതേതര ഇന്ത്യയോടുള്ള വെല്ലുവിളി: ആം ആദ്മി പാർട്ടി
കൽപ്പറ്റ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിനെതിരേ ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ബജ്രംഗ് ദൾ പോലെയുള്ള സംഘടനകൾ ന്യൂനപക്ഷങ്ങൾക്ക് നേരെ അഴിച്ചുവിടുന്ന ഉത്തരം ആക്രമണങ്ങൾ മതേതര ഇന്ത്യയോടുളള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് കുറ്റപ്പെടുത്തി. യോഗത്തിൽ ജില്ലാ സെക്രട്ടറി പോൾസണ് തോമാട്ടുചാൽ, മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, ഷെറിൻ റോയ്, ഇ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തസംഭവം മത സ്വാതന്ത്രത്തോടും ഇന്ത്യൻ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ജനതാദൾ-എസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരേ നിരന്തരമായ അധിക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ ഗുരുതര സാഹചര്യങ്ങൾ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബെന്നി കുറുന്പാലക്കാട്ട്, വി.പി. വർക്കി, എ.ജെ. കുര്യൻ, അന്നമ്മ പൗലോസ്, കെ. കുമാരൻ, അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കത്തോലിക്ക കോണ്ഗ്രസ് പുൽപ്പള്ളി മേഖല സമിതി പ്രതിഷേധിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തതിലും വ്യാജപരാതി നൽകി സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തതിലും കത്തോലിക്ക കോണ്ഗ്രസ് പുൽപ്പള്ളി മേഘല കമ്മിറ്റി പ്രതിഷേധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരേ വർധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ ഭാഗമാണിതെന്നു സംശയിക്കണ്ടിയിരിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ഗുരുതര ലംഘനമാണിതെന്നും യോഗം കുറ്റപ്പെടുത്തി. ഫാ. സുനിൽ വട്ടുക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ഡോ.കെ.പി. സാജു, ബീന കരുമാംകുന്നേൽ, ജയിംസ് മറ്റത്തിൽ, ജോർജ് കൊല്ലിയിൽ, തോമസ് പാഴൂക്കാല, ജോർജ് കച്ചിറമറ്റം, ജോസ് പള്ളത്ത്, ഷിനോയി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.