തിരുവല്ല: ഇരട്ടപ്പാത നിർമാണത്തിൽ ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി റെയിൽവേ നിർമിച്ച അടിപ്പാതകൾ നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനായി. മഴക്കാലം ആരംഭിച്ചതിനുശേഷം അടിപ്പാതയിലൂടെ യാത്ര സാധ്യമായത് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം. തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ ഇരുവെള്ളിപ്ര, കുറ്റൂർ, തൈമറവുംകര അടിപ്പാതകളാണ് വെള്ളം നിറഞ്ഞുകിടക്കുന്നത്.
അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതിനോടകം റെയിൽവേ ലക്ഷണക്കണക്കിനു രൂപ ചെലവഴിച്ചു. എന്നാൽ, റെയിൽവേയുടെ എൻജിനിയറിംഗ് വൈദഗ്ധ്യം വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ ഇനിയും വിജയിച്ചിട്ടില്ല. മുന്‍പുണ്ടായിരുന്ന ലെവൽക്രോസ് ആയിരുന്നു ഇതിലും ഭേദമെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. ട്രെയിൻ കടന്നുപോകുന്ന സമയത്ത് കാത്തുകിടക്കണമെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളുണ്ടായിരുന്നില്ല.
സാങ്കേതിക പരിശോധനകൾ പരാജയം
റെയിൽവേ അടിപ്പാതകൾ നിർമിച്ച സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടുകളും നീരൊഴുക്ക് കൂടുതലുള്ള പ്രദേശങ്ങളാണ്. മണിമലയാറിന്റെ തീരത്തുള്ള പ്രദേശങ്ങളായതിനാൽ മഴക്കാലത്ത് പ്രശ്നങ്ങൾ രൂക്ഷമാകും. ഇതു മുന്നിൽക്കണ്ടുള്ള നിർമാണവൈദഗ്്ധ്യം തുടക്കത്തിലേ ഉണ്ടായില്ല. റെയിൽവേ ലൈൻ മുകളിലുള്ളതിനാൽ അടിപ്പാതയ്ക്കായി റോഡ് താഴ്ത്തേണ്ടിവന്നു. ഇതോടെ വെള്ളവും ഈ പ്രദേശത്ത് ഒഴുകാൻ തുടങ്ങി.
വെള്ളം വരുന്നത് ഒഴിവാക്കാനും ഒഴുക്കിക്കളയാനും നിരവധി പരീക്ഷണങ്ങൾ നടത്തി. വിജയിക്കാതെവന്നപ്പോൾ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കുമായി പാത ഉയർത്തി നിർമിച്ചുനൽകി. വെള്ളക്കെട്ട് അപകടങ്ങൾക്കു കാരണമാകുന്നതു കണ്ടതോടെ മഴക്കാലത്ത് പാത ഗേറ്റുപയോഗിച്ച് അടച്ചിടുകയാണ് ഇപ്പോൾ. ജൂണിൽ മൂന്നുതവണ വെള്ളപ്പൊക്കക്കെടുതികൾ കാരണം പാത അടച്ചിട്ടും. നിലവിൽ ഒരാഴ്ചയായി ഗതാഗതം നടക്കുന്നില്ല.
ആദ്യ വെള്ളപ്പൊക്കത്തിൽ റെയിൽവേ നേരിട്ട് കാവൽക്കാരെ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ രണ്ടാം തവണ വെള്ളപ്പൊക്കത്തിൽ റെയിൽവേയുടെ പട്രോളിംഗ് സംഘമാണ് നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വെള്ളപ്പൊക്കത്തിന് കരാർ തൊഴിലാളികളെയാണ് കാവൽ ജോലിക്കു നിയോഗിച്ചിരിക്കുന്നത്. അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനായി അലൂമിനിയം റൂഫിംഗ്, ഓടകൾ, വൺസൈഡ് വാൽവുകൾ, റോഡിനു കുറുകെ ഇരുമ്പു കവേർഡ് ഡ്രെയിനേജ്, വെള്ളം വറ്റിക്കുന്നതിനൂള്ള മോട്ടോർ പമ്പ് സ്ഥാപിക്കൽ തുടങ്ങിയ പരീക്ഷണങ്ങൾ റെയിൽവേ നടത്തിയതാണ്.
ഏറ്റവും ഒടുവിലായി രണ്ടു മാസം മുമ്പ് കുറ്റൂർ അടിപ്പാതയുടെ തറയുടെ കോൺക്രീറ്റുകൾ ഇളക്കി കമ്പികൾ നിരത്തി വാട്ടർപ്രൂഫ് കോൺക്രീറ്റ് ചെയ്യുകയും കാറുകൾ ഉൾപ്പെടെ കടന്നുപോകുന്നതിനായി അടിപ്പാതയുടെ വശത്തുള്ള ഫുട്പാത്തിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. ഇരുവെള്ളിപ്രയിലും തൈമറവുംകരയിലും ഫുട്പാത്തുകൾ നിർമിച്ചെങ്കിലും കഴിഞ്ഞ മഴയിൽ ഇതും മുങ്ങി. തുടർച്ചയായി ഉണ്ടാകുന്നവെള്ളപ്പൊക്കത്തിൽ പരീക്ഷണങ്ങൾ ഒന്നും ഫലപ്രദമാകുന്നില്ല.
അടിപ്പാതയ്ക്കു പുറത്തായി വലിയ കിണറുകൾ സ്ഥാപിച്ച് ഉള്ളിലെ വെള്ളം ഓടവഴി ഈ കിണറുകളിലേക്ക് എത്തിക്കുകയും ഈ കിണറ്റിൽനിന്നു വെള്ളം പുറത്തേക്ക് അടിച്ചുകളയുന്ന സംവിധാനം കുറ്റൂരിൽ പരീക്ഷിച്ചിരുന്നു.
ഗതാഗതം താറുമാറായി
ഇരുവെള്ളിപ്ര, കുറ്റൂർ അടിപ്പാതകൾ അടച്ചതോടെ ഗതാഗതം താറുമാറായിരിക്കുകയാണ്. തിരക്കേറിയ റോഡുകളിലാണ് തടസമുണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കക്കാലത്ത് പഴയ ലെവൽ ക്രോസുകൾ പുനഃസ്ഥാപിച്ച് ഗതാഗതം അനുവദിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് അഭിപ്രായപ്പെട്ടു സ്കൂൾ ബസുകളടക്കം കിലോമീറ്ററുകൾ അധികം താണ്ടിയാണ് ഓടുന്നത്.
എംസി റോഡും ടികെ റോഡുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് ഇരുവെള്ളിപ്ര അടിപ്പാത. കുറ്റൂർ അടിപ്പാത ഉപയോഗപ്പെടുത്തി നിരവധി ദീർഘദൂര യാത്രാവാഹനങ്ങളും കടന്നുപോകുന്നുണ്ട്. രണ്ടുമാസത്തിനിടെ പത്തുദിവസം മാത്രമാണ് പാത തുറന്നുനൽകിയത്. ഫുട്പാത്തുകളിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
അടിപ്പാതകളിലെ തടസം പ്രാദേശികമായ യാത്രാപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അടിയന്തരഘട്ടങ്ങളിൽ ഒരു വാഹനം പോലും ഓടിക്കാനാകാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നാടിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഇതു ബാധിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ മേഖലയിൽ പ്രളയക്കെടുതികൾ തുടരുന്നു
തിരുവല്ല: തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പ്രളയക്കെടുതികൾ തുടരുന്നു. മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളം ഒഴിഞ്ഞു വരുന്നതേയുള്ളൂ. പെരിങ്ങര, നെടുന്പ്രം, നിരണം, കടപ്ര ഗ്രാമപഞ്ചായത്ത് പരദേശങ്ങളെയാണ് വെള്ളക്കെട്ട് പ്രശ്നങ്ങൾ രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
വീടുകളിലും മറ്റും കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. ഗ്രാമീണ റോഡുകളും പൂർണമായി ഗതാഗതയോഗ്യമായിട്ടില്ല. തുടർച്ചയായ വെള്ളപ്പൊക്കക്കെടുതികൾ പ്രദേശത്തെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാന്പുകളിൽ 312 പേർ
പത്തനംതിട്ട: മഴക്കെടുതികളെത്തുടർന്ന് ജില്ലയിൽ തുടരുന്ന ഒന്‍പതു ദുരിതാശ്വാസ ക്യാന്പുകളിലായുള്ളത് 312 പേർ. തിരുവല്ല താലൂക്കില്‍ ഏഴും അടൂരില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 കുടുംബങ്ങളിലായി 114 പുരുഷന്മാരും 130 സ്ത്രീകളും 68 കുട്ടികളും ക്യാമ്പിലുണ്ട്.
തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, മാരാമണ്‍ എംഎംഎഎച്ച്എസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, തുകലശേരി സിഎംഎസ്എച്ച്എസ്എസ്, പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പിഎസ്, ചേരിക്കല്‍ എസ്എന്‍എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.
കക്കി സംഭരണിയിൽ ഓറഞ്ച് അലർട്ട്
പത്തനംതിട്ട: ജലനിരപ്പ് 974.36 മീറ്റററിലെത്തിയതോടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട് ജലസംഭരണിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 974.86 മീറ്ററിൽ എത്തിയാൽ ചുവപ്പ് അലർട്ട് പ്രഖ്യാപിച്ച് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴ കുറഞ്ഞതോടെ മൂഴിയാർ സംഭരണിയുടെ ഷട്ടറുകൾ ഇന്നലെ അടച്ചു. കിഴക്കൻ മേഖലയിലും മഴയ്ക്കു ശമനമുണ്ടായിട്ടുണ്ട്. ഇതോടെ നീരൊഴുക്കിൽ കുറവുണ്ട്.
സ്കൂൾ അവധി
പത്തനംതിട്ട: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഇന്ന് അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ സ്കൂളുകൾക്കാണ് സുരക്ഷ ഭീഷണി മുൻനിർത്തി അവധി നൽകിയത്.