പത്തനംതിട്ട: കാറ്റിലും മഴയിലും ജില്ലയില്‍ കെടുതികള്‍ക്ക് ശമനമില്ല. കഴിഞ്ഞദിവസമുണ്ടായ കാറ്റില്‍ ജില്ലയൊട്ടാകെ വന്‍നാശമാണ് വിതച്ചത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വൈദ്യുതി മേഖലയ്ക്കാണ് നഷ്ടം ഏറെയും. രണ്ടുദിവസമായി ഗ്രാമീണ മേഖല ഇരുട്ടിലാണ്. തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയാത്തതാണ് പ്രശ്നം.
ഇന്നലെയും പല സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശി. മഴയും ശക്തമായിരുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. സംഭരണികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയും പ്രളയ ഭീഷണിയിലാണ്. മരങ്ങള്‍ വീണു ഗതാഗതം മുടങ്ങിയ റോഡുകളിലെ തടസങ്ങള്‍ നീക്കി. ഫയര്‍ഫോഴ്സും കെഎസ്ഇബിയും വിശ്രമരഹിതമായ ജോലിയിലാണ്.
71 വീടുകള്‍ ഭാഗികമായി തകര്‍ന്നു
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു. റാന്നിയില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. റാന്നി 17, കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്.
കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) വെള്ളിയാഴ്ച മരണമടഞ്ഞിരുന്നു. വീടിനു സമീപമുള്ള ഷെഡിലേക്കാണ് മരം കടപുഴകിയത്. ഷെഡിലുണ്ടായിരുന്ന ബേബി ജോസഫ് തല്‍ക്ഷണം മരിച്ചു. മരങ്ങള്‍ കടപുഴകിയും ശിഖരം ഒടിഞ്ഞുവീണുമാണ് വീടുകള്‍ക്ക് ഏറെയും നാശനഷ്ടമുണ്ടായത്. പല വീടുകളുടെയും മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.
ഭിത്തികള്‍ക്കും കേടുപാടുകളുണ്ടായി. സമീപ പുരയിടങ്ങളിലെ മരങ്ങളാണ് പലര്‍ക്കും നാശമുണ്ടാക്കിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഏതാനും മിനിട്ട് മാത്രം നീണ്ടുനിന്ന കൊടുങ്കാറ്റ് തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂര്‍ താലൂക്കുകളിലാണ് കൂടുതല്‍ നാശം വിതച്ചത്. കോന്നി, കോഴഞ്ചേരി താലൂക്കൂകളിലെ ചില വില്ലേജുകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായി.
ഭീഷണിയായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് എംഎല്‍എ
റാന്നി: വീടുകള്‍ക്ക് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ ജില്ലാ കളക്ടറോടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ അയല്‍വാസിയുടെ മരം വീണു കോട്ടങ്ങലില്‍ ഒരാള്‍ മരിക്കാനും റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകാനും ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടത്.
അയല്‍വാസിയുടെ മരങ്ങള്‍ വീടുകള്‍ക്ക് അപകട ഭീഷണി ഉണ്ടാക്കുന്നുവെന്ന് കാട്ടി റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. പലയിടത്തും പഞ്ചായത്ത് ഇടപെട്ടിട്ടും മരങ്ങള്‍ വെട്ടി മാറ്റാന്‍ ഉടമകള്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഉടമകള്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ തയാറാകുന്നില്ലെങ്കില്‍ പഞ്ചായത്ത് തന്നെ മുന്‍കൈയെടുത്ത് മരങ്ങള്‍ വെട്ടി മാറ്റി അതിന്റെ ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
മരങ്ങള്‍ വീണ് വീട് തകര്‍ന്ന അങ്ങാടി ഐക്കാട്ട് മണ്ണില്‍ മേലേതില്‍ ടി. കെ. വിജയൻ, പുല്ലൂപ്രം പുതുപ്പറമ്പില്‍ രാജന് എന്നിവരുടെ വീടുകള്‍ എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വളയനാട് മെംബര്‍മാരായ ബി. സുരേഷ്,രാധാകൃഷ്ണന് എന്നിവരും എംഎല്‍എ യോടൊപ്പം ഉണ്ടായിരുന്നു.
കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടം
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വീശിയടിച്ച കാറ്റില്‍ കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. വൈദ്യുത തൂണുകള്‍ നിലംപൊത്തിയും ലൈനുകള്‍ പൊട്ടിവീണുമാണ് നഷ്ടം. 11 കെവി ലൈനുകളും പോസ്റ്റുകളും തകരാറിലായി. ഒട്ടുമിക്ക സെക്ഷനുകളിലും വന്‍നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായിരിക്കുന്നത്. തകരാറിലായ വൈദ്യുതി വിതരണം ഭാഗികമായി മാത്രമേ പുനഃസ്ഥാപിച്ചിട്ടുള്ളൂ. ജീവനക്കാരെ പൂര്‍ണമായി ഫീല്‍ഡ് ജോലികള്‍ക്കു നിയോഗിച്ചിരിക്കുകയാണ്. രാത്രിയിലും പല ഫീഡറുകളിലും ജോലി നടക്കുന്നുണ്ട്.
പോസ്റ്റുകള്‍ മാറ്റിയിടേണ്ട തരത്തിലുള്ള ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകും. റാന്നി, മല്ലപ്പള്ളി, അടൂർ, തിരുവല്ല മേഖലകളില്‍ കെഎസ്ഇബിക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. കാലവര്‍ഷം ആരംഭിച്ചശേഷം കെഎസ്ഇബിക്കു തുടര്‍ച്ചയായ നഷ്ടമാണ് കാറ്റ് മൂലം ഉണ്ടാകുന്നത്. വൈദ്യുതിലൈനുകളിലേക്ക് മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണുമാണ് നഷ്ടം ഏറെയും. പലയിടങ്ങളിലും വൈദ്യുതലൈനുകള്‍ തന്നെ പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ട്. ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാറുണ്ടായ സ്ഥലങ്ങളുമുണ്ട്.
കൃഷിനാശവും വ്യാപകം
കാറ്റു മഴയും കാരണം രണ്ടുദിവസങ്ങളായി കൃഷിനാശവും വ്യാപകമായുണ്ടായി. 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയികരുത്തൽ. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്.
കാറ്റില്‍ ഏത്തവാഴവ്യാപകമായി ഒടിഞ്ഞുവീണു. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ ഏത്തവാഴയാണ് നഷ്ടപ്പെട്ടത്. മരച്ചീനി, വെറ്റില കൃഷികള്‍ക്കും നാശമുണ്ടായിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പച്ചക്കറി കൃഷിയും വ്യാപകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം
ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ സ്വകാര്യ ഭൂമിയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
ഉടമ സ്വമേധയാ മരം മുറിച്ച് മാറ്റിയോ ശിഖരങ്ങള്‍ നീക്കം ചെയ്തോ അപകടം ഒഴിവാക്കണം. സ്വകാര്യ ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നത് സംബന്ധിച്ച് ലഭിച്ച എല്ലാ അപേക്ഷകളിലും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണം.
പൊതു സ്ഥലങ്ങളിലെ അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കും. ഇത്തരത്തില്‍ ലഭിച്ച അപേക്ഷയില്‍ നിമാനുസൃത നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലെ ക്യാമ്പ് തിരുമൂലപുരം എസ്എന്‍വി സ്കൂളിലേക്ക് മാറ്റി. മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് മറ്റ് രണ്ട് ക്യാമ്പുകൾ. 14 കുടുംബങ്ങളിലായി 20 പുരുഷന്മാരും 22 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 53 പേര് ക്യാമ്പിലുണ്ട്.
കക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ് നല്കി
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി - ആനത്തോട് സംഭരണിയില്‍ ജലനിരപ്പ് ശക്തമായ മഴയേ തുടര്‍ന്ന് ഉയരുന്നു. ജലനിരപ്പ് 70 ശതമാനത്തിലെത്തിയതോടെ ആദ്യ മുന്നറിയിപ്പ് നല്കി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നീല മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 974.36 മീറ്ററില്‍ എത്തിയാല്‍ പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും അറിയിപ്പ് നല്‍കുമെന്നും ചുവപ്പ് മുന്നറിയിപ്പ് നിലയായ 974.86 മീറ്ററില്‍ എത്തിയാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റേണ്ടിവരുമെന്നും കളക്ടര്‍ അറിയിച്ചു.