തിരുവല്ല: നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സമൂഹത്തില്‍ തുല്യതയും സമത്വവും പാരസ്പരികതയും വൈവിധ്യവും കൈവരിക്കാനുള്ള ദര്‍ശനം വിശ്വാസജീവിതത്തിലൂടെ ലോകത്തിന് മുമ്പാകെ സാക്ഷ്യപ്പെടുത്തണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍ മാര്‍ത്തോമ്മ സുറിയാനി സഭ നിരണം -മാരാമണ്‍ ഭദ്രാസന അസംബ്ലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ വെല്ലുവിളികളില്‍ പരാജിതരാകാതെ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റുവാന്‍ സാധിക്കണമെന്നും ക്രിസ്തുഭാവം നമ്മുടെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തണമെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മാര്‍ അപ്രേം മെത്രാപ്പോലീത്ത,
മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ, വൈദികര്‍, അല്മായ നേതാക്കള്‍ തുടങ്ങിയവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു. റവ. ഡോ. ഏബ്രഹാം മാത്യു ധ്യാനപ്രസംഗം നടത്തി.
ഭദ്രാസനത്തിന്റെ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് - ചെലവ് കണക്ക് എന്നിവ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു അവതരിപ്പിച്ചു. ഭദ്രാസന ട്രഷറര്‍ അനീഷ് കുന്നപ്പുഴ 2025-26 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു .
റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, ട്രഷറാര്‍ അനീഷ് കുന്നപ്പുഴ, മാര്‍ത്തോമ്മ മെത്രാപ്പോലിത്തന്‍ സെക്രട്ടറി റവ. കെ. ഇ. ഗീവറുഗീസ്, ഭദ്രാസനകൗണ്‍സില്‍ അംഗങ്ങളായ ലിനോജ് ചാക്കോ, ബിനു ജോണ്‍, സി. തോമസ്, ഇടവക വികാരി റവ. മാത്യു കെ. ജാക്സൺ, എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ മികച്ച സണ്‍ഡേസ്കൂളായി തെരഞ്ഞെടുക്കപ്പെട്ട തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ സണ്‍ഡേ സ്കൂളിന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ട്രോഫി സമ്മാനിച്ചു. വിവിധ ഇടവകകള്‍ക്കും സെന്ററിനുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.