കോന്നി: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന് തിയറ്റർ, എച്ച്എല്‍എല്‍ ഫാര്‍മസി എന്നിവ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലക്ഷ്യനിലവാരത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ചാണ് ലേബര്‍ റൂമും ഓപ്പറേഷന് തിയറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. ഒപി, അള്‍ട്രാ സൗണ്ട് സ്കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റർ, മൈനര്‍ ഓപ്പറേഷന് തിയറ്റർ, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റർ, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകൾ, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.
നിലവില്‍ 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. പിജി കോഴ്സ് തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കെ. വി. വിശ്വനാഥൻ, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്.എസ്.നിഷ, സൂപ്രണ്ട് ഡോ.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.