റാന്നി: റാന്നി ഇട്ടിയപ്പാറയിൽ എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമാകേണ്ട അമിനിറ്റി സെന്റർ നിർമാണം പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്.
ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് 35 ലക്ഷം രൂപ മുടക്കി 2016 - 17 ൽ നിർമിച്ച അമിനിറ്റി സെന്റർ എട്ടു വർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാത്തത് ഏതു സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് നിർമിച്ച ഈ കെട്ടിടം തുറന്നുനൽകാതെ സാമൂഹ്യവിരുദ്ധ താവളമാക്കി മാറ്റാനാണ് ശ്രമമെന്നും അഞ്ചു മുറികൾ ഉൾപ്പെടെ എല്ലാ സംവിധാനത്തോടും കൂടി നിർമിച്ച കെട്ടിടം നശിച്ചുപോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ തിരികെ ഗ്രാമപഞ്ചായത്തിനു കൈമാറണമെന്നും സതീഷ് കൊച്ചുപറന്പിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് പഴവങ്ങാടി ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അമിനിറ്റി സെന്റർ ജനങ്ങൾക്ക് തുറന്നു നൽകണമെന്നാവശ്യപ്പെട്ടു നടന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, സിബി താഴത്തില്ലത്ത്, സി. കെ. ബാലൻ, തോമസ് അലക്സ്, തോമസ് ഫിലിപ്പ്, സാംജി ഇടമുറി, ആരോൺ ബിജിലി പനവേലിൽ, റൂബി കോശി, അനിത അനിൽകുമാർ, റിജോ തോപ്പിൽ, ബാബു മാമ്പറ്റ, എബി അത്തിക്കയം, സുനിൽകുമാർ യമുന, ബെന്നി മാടത്തുംപടി, ചാക്കോ വളയനാട്ട്, ബിനോജ് ചിറക്കൽ, ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു.