കോഴഞ്ചേരി: കോയിപ്രം ഗവൺമെന്റ് ഹൈസ്കൂളിനു സമീപമുള്ള തൃക്കണ്ണപുരം പുഞ്ചയിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽപ്പെട്ട കോയിപ്രം മാരൂപ്പറമ്പില്‍ മിഥുന് (30), കിടങ്ങന്നൂര്‍ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളിൽ രാഹുല്‍ സി. നാരായണ്‍ (28) എന്നിവരുടെ മൃതദേഹങ്ങൾ അന്നുതന്നെ കണ്ടെടുത്തിരുന്നു.
അപകടത്തിൽപ്പെട്ട മാരൂപ്പറന്പിൽ ദേവശങ്കറിന്റെ (ദേവൻ - 35) മൃതദേഹം കൂടി ഇന്നലെ ഫയർഫോഴ്സ് സംഘം കണ്ടെടുത്തതോടെ അപ്രതീക്ഷിതമായ ദുരന്തത്തിന്റെ വേദന ഏറി. ഫൈബർ വള്ളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വള്ളം മറിഞ്ഞു മൂവരും വെള്ളത്തിൽ അകപ്പെടുകയായിരുന്നു. നീന്തൽ വശമുണ്ടായിരുന്നെങ്കിലും പുഞ്ചയിലെ പുല്ലും വള്ളിപ്പടർപ്പുകളും രക്ഷപ്പെടൽ അസാധ്യമാക്കി. ശക്തമായ മഴയിൽ പുഞ്ച നിറയെ വെള്ളവും നിറഞ്ഞിരുന്നു. കരയ്ക്കു നിന്നിരുന്നവർ നീന്തി അപകടസ്ഥലത്ത് എത്തിയപ്പോഴേക്കും മൂവരും മുങ്ങിത്താഴ്ന്നു.
നീന്തലിൽ വൈദഗ്ധ്യമുണ്ടായിരുന്ന മിഥുൻ മറ്റുള്ളവരെ രക്ഷിച്ചു താനും രക്ഷപ്പെടാൻ ഏറെ ശ്രമിച്ചുനോക്കിയെങ്കിലും കുഴഞ്ഞുപോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു പ്രദേശവാസികൾ രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തുവെങ്കിലും ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ദേവന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ടെടുത്തത്.
പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് ടീം ഇന്നലെ രാവിലെ തന്നെ സ്ഥലത്തെത്തി തെരച്ചിൽ പുനരാരംഭിച്ചിരുന്നു. എന്നാൽ, പുല്ല് നിറഞ്ഞുനിൽക്കുന്ന പുഞ്ചയിൽ തെരച്ചിൽ ശ്രമകരമായിരുന്നു. ഫയർഫോഴ്സിനൊപ്പം പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സഹായികളായി.
സ്കൂബ അംഗങ്ങൾക്കു പുല്ലിനിടയിലേക്കു കയറി തെരച്ചിൽ നടത്താൻ കഴിയുന്നില്ല. കാറ്റാടി കഴകളുമായി നാട്ടുകാരുടെ സഹായത്തോടെ കുത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. മുങ്ങൽ വിദഗ്ധർ അടക്കമാണ് മണിക്കൂറുകൾ ശ്രമകരമായ ജോലി നടത്തിയത്. ഒടുവിൽ ഉച്ചകഴിഞ്ഞ് 2.50 ഓടെ മൃതദേഹം പുല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.പി. ദില്ലു, കെ.പി. പ്രദീപ്, സുജിത് നായർ, കെ.കെ. ശ്രീനിവാസ് എന്നിവരും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകുമാർ, അജിലേഷ്, ജി.കെ. ഷിജു, പി. സണ്ണി, സി. ശ്രീദാസ്, എസ്. സുനിൽശങ്കർ, സി. ശരത്ചന്ദ്രൻ, പ്രദീപ്കുമാർ എന്നിവരുമാണ് തെരച്ചിലിൽ പങ്കെടുത്തത്.
ലഹരി വില്ലൻ
വെള്ളവുമായി ബന്ധപ്പെട്ട മരണങ്ങളിൽ പലപ്പോഴും വില്ലനാകുന്നത് ലഹരി ഉയർത്തുന്ന ആവേശമാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം ജലാശയങ്ങളിൽ ഇറങ്ങുന്നത് കൂടുതൽ അപകടകരമാകും. നീന്തൽ അറിയാവുന്നവർക്കു പോലും വേഗത്തിൽ കൈ കുഴയാൻ ഇതു കാരണമാകുന്നുണ്ട്. ശരിയായി നീന്തലറിയാത്തവർ സുഹൃത്തുക്കളുടെ പിൻബലത്തിൽ വെള്ളത്തിൽ ഇറങ്ങുന്നത് കൂടുതൽ അപകടകരമാണ്. നീന്തൽ അറിയാവുന്നവർക്കു പോലും വെള്ളത്തിന്റെ ഗതിയും ചുഴികളും കാരണം രക്ഷാപ്രവർത്തനം സാധ്യമാകാതെ വരികയും തങ്ങൾകൂടി അപകടത്തിൽപെടുന്നതിനു കാരണമാകുകയും ചെയ്യും.
നദികളുടെ കടവുകളിലെ സ്ഥിതി പലപ്പോഴും മുൻകൂട്ടി കാണാനാകില്ല. 2018ലെ പ്രളയശേഷം ജില്ലയിലെ നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും രൂപപ്പെട്ടിട്ടുള്ള കയങ്ങളും അപകടകാരികളാണ്. ആഴം കുറവെന്ന ധാരണയിൽ വെള്ളത്തിലേക്ക് ഇറങ്ങുന്നവർ പലരും അപകടത്തിൽപ്പെടുന്നതു പതിവായിട്ടുണ്ട്.
പ്രളയകാലങ്ങളിൽ പമ്പാ തടത്തിലെ നെൽപാടങ്ങളിൽ കയറി ഒതുങ്ങുന്ന നദീജലത്തിൽ ഇറങ്ങുന്നത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം കോയിപ്രം പഞ്ചായത്തിലെ നെല്ലിക്കൽ തൃക്കണ്ണപുരം വയൽ മേഖലയിൽ ഫൈബർ ബോട്ടിൽ തുഴഞ്ഞുനീങ്ങിയ മൂന്നു യുവാക്കളാണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്. ഇതിൽ രണ്ടു പേർക്കു നീന്തൽ നന്നായി അറിയാമായിരുന്നിട്ടും രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിശാലമായ വയൽ പരപ്പിന്റെ ഒരു കോണിൽനിന്നു നീന്തി കരയ്ക്കെത്തണമെങ്കിൽ അതിനുള്ള ശാരീരിക ക്ഷമത ഉണ്ടാകണം. കരയിൽ രക്ഷാപ്രവർത്തനത്തിനു വേണ്ട ക്രമീകരണങ്ങൾ ഇല്ലെങ്കിൽ സംഭവിക്കുക വൻ ദുരന്തമായിരിക്കും.
നാടിനു നൊന്പരമായി
നാട്ടിൽ സജീവമായി ഇടപെട്ടിരുന്ന മൂന്ന് യുവാക്കളുടെ മരണം നാടിനു നൊന്പരമായി. മരിച്ച മിഥുൻ കോയിപ്രം പള്ളിയോടത്തിലെ സജീവ സാന്നിധ്യമായിരുന്നു. നാട്ടിലെ പൊതുപരിപാടികളിൽ ഇവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
കോയിപ്രം തൃക്കണ്ണപുരം പുഞ്ചയിൽ ചെറുവള്ളങ്ങളിൽ മീൻപിടിക്കാനെത്തുന്നവരേറെയാണ്. എല്ലാദിവസവും ഇത്തരക്കാരെ കാണാനാകും. എന്നാൽ ഇ്തരത്തിലൊരു ദുരന്തം ഇതാദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. പുഞ്ചയിലെ വെള്ളക്കൂടുതലാണ് അപകടത്തിനു കാരണമായത്.
മരിച്ച മിഥുന്റെയും ദേവന്റെയുംനെല്ലിക്കല് ഉള്ള വീടുകളിലും കിടങ്ങന്നൂര്‍ രാഹുല്‍ സി. നായരുടെ വീട്ടിലും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എത്തി അനുശോചനം അറിയിച്ചു. എഴുമറ്റൂര്‍ അമൃതധാര ഗോശാല ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്യുഴത്തിലും ഒപ്പമുണ്ടായിരുന്നു.
ഏഴു മാസത്തിനിടെ 28 പേർ മുങ്ങിമരിച്ചു; ഏറെയും കൗമാരക്കാരും യുവാക്കളും
ഇക്കൊല്ലം ഏഴുമാസത്തിനിടെ ജില്ലയിൽ മുങ്ങിമരിച്ചത് 28 പേർ. ഞായറാഴ്ച വൈകുന്നേരം കോയിപ്രം തൃക്കണ്ണപുരം പുഞ്ചയിൽ ഫൈബർ വള്ളം മറിഞ്ഞു മരിച്ചത് മൂന്നു പേരാണ്. ഇതോടെ ഫയർഫോഴ്സ് പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ 12 പേരാണ് ഇക്കൊല്ലം മരിച്ചത്. പന്തളത്ത് പുഞ്ചയിൽ ഒരു ഇതര സംസ്ഥാന തൊഴിലാളി ഇന്നലെ മുങ്ങിമരിച്ചതോടെ കഴിഞ്ഞ രണ്ടുദിവസങ്ങൾക്കുള്ളിൽ നാല് മുങ്ങിമരണമാണ് ജില്ലയിലുണ്ടായത്.
മുങ്ങിമരണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ഫയർഫോഴ്സാണ്.തിരുവല്ല സ്റ്റേഷൻ പരിധിയിൽ ഒന്‍പത്, അടൂരിൽ മൂന്ന്, റാന്നി, കോന്നി ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളുടെ പരിധിയിൽ മരിച്ചവരുടെ എണ്ണം. ഏറെപ്പേരും നദികളുമായി ബന്ധപ്പെട്ട കയങ്ങളിലാണ് മുങ്ങിമരിച്ചത്. കാലവർഷക്കെടുതിയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടു മരിച്ചവരുമുണ്ട്.
മരിച്ചവരിൽ നല്ലൊരു പങ്കും നീന്തൽ വശില്ലാത്തവരാണെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തൽ. നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാൾ വെള്ളക്കെട്ടിൽ അകപ്പെട്ടാൽ മൂന്നു മിനിട്ടിനുള്ളിൽ രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടമാകാനാണ് സാധ്യത. മഴക്കാലത്ത് പാടശേഖരങ്ങളും പുഞ്ചകളും അപകട മുനന്പുകളാകാറുണ്ട്. വെള്ളം കൂടുതലായി ഉയരുകയും ഒഴുക്കു കൂടുകയും ചെയ്യുന്നതിനാൽ ഇത്തരം സ്ഥലങ്ങളിൽ വീണാലും രക്ഷാപ്രവർത്തനം ദുഷ്കരമാകും.