തിരുവല്ല: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതനിരപേക്ഷ ഭാരതത്തിനും ജനാധിപത്യ സംവിധാന ത്തിനും കളങ്കമാണെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തു വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യമേഖലകളിൽ സന്യാസിനികൾ നടത്തുന്ന ത്യാഗപൂർണമായ ശുശ്രൂഷകൾ അവഗണിച്ചും ബോധപൂർവം കണ്ടില്ലെന്നു നടിച്ചും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ചില സംഘടനകളുടെ നടപടി അപലനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കുഷ്ഠരോഗ നിർമാർജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകൾ നൽകിയ സന്യാസസമൂഹമാണ് ഗ്രീൻഗാർഡൻസ് സിസ്റ്റേഴ്സ്. സാമൂഹിക സേവനത്തിലും സമൂഹനിർമിതിയിലും നിസ്വാർഥതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്യസ്തരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്നതും ദുരാരോപണങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചതും നീതിക്കു നിരക്കാത്തതാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
എംസി എ തിരുവല്ല മേഖല വൈദിക ഉപദേഷ്ടാവ് ഫാ. മാത്യു വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. ജോൺ മാമ്മൻ, ഷിബു ഏബ്രഹാം, സജി ഏബ്രഹാം , പി.സി. ജോർജ്, എ.സി. റെജി, ജെയ്മോൻ, മിനി ഡേവിഡ്, വൽസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.
കന്യാസ്ത്രീകൾ നേരിട്ടത് ക്രൂരത: ബിജു ഉമ്മൻ
തിരുവല്ല: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ആശങ്കയും പ്രതിഷേധവും അറിയിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ആൾക്കൂട്ട വിചാരണ കന്യാസ്ത്രീകളോടു കാട്ടിയത് ക്രൂരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിൽ പീഡനവും കേരളത്തിൽ പ്രീണനവും എന്ന സമീപനം ജനാധിപത്യസമൂഹം തിരിച്ചറിയും. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ ആശങ്കാജനകമാണ്. മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം രാജ്യത്ത് തുടർക്കഥയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ നടപടി വേണമെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയിൽവേ സ്റ്റേഷനിൽ കത്തോലിക്കാ സഭയിലെ രണ്ടു സന്യാസിനിമാരെ ബജ്രംഗ് ദൾ പ്രവർത്തകർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ആൾക്കൂട്ട വിചാരണ നടത്തി കൈയേറ്റം ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത നടപടിയെ ശക്മായി അപലപിച്ച് പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം തുടരുമെന്ന് ആന്റോ ആന്റണി എംപി. ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകിയതായും എംപി പറഞ്ഞു.
ബജരംഗ് ദൾ പ്രവർത്തകർ സന്യാസിനികളെ കൈയേറ്റം ചെയ്തപ്പോൾ പോലീസ് ഇടപെടാതിരുന്നതും ഗൗരവതരമായ വീഴ്ചയാണെന്ന് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യത്തു മതന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മൗലികവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിൽ ഉത്തരവാദികളായവർക്ക് എതിരേ ശക്തമായ നിയമനടപടി വേണമെന്നും, പോലീസ് നീതിപൂർവമായി പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല: പുതുശേരി
തിരുവല്ല: ഛത്തീസ്ഗഡിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. രാജ്യത്തിന്റെ ഭരണഘടനയെ യും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന നടപടിയാണി്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘപരിവാർ സംഘടനകൾ നിയമം കൈയിലെടുത്തുകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് നേരേ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അക്രമപരമ്പരകളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ത്യാഗനിർഭരമായ സേവനങ്ങളിലൂടെ പാവങ്ങൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന കന്യാസ്ത്രീകൾക്കു നേരേ ഭരണഘടനാവിരുദ്ധമായ, നഗ്നമായ നിയമലംഘനം നടന്നത് അക്രമികൾക്കെതിരേ ഒരു വാക്കുപോലും ഉരിയാടാതെ ഭരണസംവിധാനം അവർക്കു സംരക്ഷണം നൽകുകയാണ്. അതുകൊണ്ടാണ് നിയമലംഘനങ്ങൾ ആവർത്തിക്കുന്നത്. നിരപരാധികളെ കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കുകയും തുടർന്നും അവർക്കു ഭയരഹിതമായി ജീവിക്കാനുള്ള നിയമപരിരക്ഷ ഉറപ്പാക്കുകയും വേണമെന്ന് പുതുശേരി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ ലംഘനം: കുഞ്ഞുകോശി പോൾ
തിരുവല്ല: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതിൽ കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ പ്രതിഷേധിച്ചു. ആൾക്കൂട്ട വിചാരണയും തരംപോലെയുള്ള എഫ്ഐആറും മതേതര ഇന്ത്യ എന്ന സങ്കല്പത്തിന്റെ അടിവേരറക്കുന്നതും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും ഒത്താശയോടെയുള്ള ക്രൈസ്തവപീഡനം: പിസിഐ
തിരുവല്ല: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സിസ്റ്റർ വന്ദനയെയും സിസ്റ്റർ പ്രീതിയെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വർഗീയശക്തികൾ ക്രൈസ്തവ സമൂഹത്തിനെതിരേ കാണിക്കുന്ന ഏറ്റവും ഒടുവിലത്തെ നെറികേടാണ് ഛത്തീസ്ഗഡിൽ നടന്നത്.
സംസ്ഥാന ഭരണകൂടങ്ങളുടെയും നിയമപാലകരുടെയും പിന്തുണയോടെയാണ് ക്രൈസ്തവ പീഡനമെന്ന് പിസിഐ കുറ്റപ്പെടുത്തി.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ക്രൈസ്തവർക്കും ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പിസിഐ ദേശീയ സമിതി ആവശ്യപ്പെട്ടു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ് മാത്യൂസ്, ജനറൽ ട്രഷറാർ ജിനു വർഗീസ് നാഷണൽ കോ-ഓർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡന്റുമാരായ വൈ. യോഹന്നാൻ ജയ്പുര്‍, ഏബ്രഹാം കലമണ്ണിൽ, ഫിലിപ്പ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.