പത്തനംതിട്ട: ആറന്മുള എംഎൽഎ മന്ത്രി വീണാ ജോർജിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗ പ്പെടുത്തി നിയോജക മണ്ഡലത്തിലെ പൊതുസ്ഥലങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിലേക്ക് 99 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശേരി, കോഴഞ്ചേരി, ഓമല്ലൂർ, നാരങ്ങാനം പഞ്ചായത്ത് പരിധികളിൽ,
ഓരോ വാർഡുകളിലായി 10 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. സർക്കാർ ജെം പോർട്ടൽ മുഖാന്തരമായ ഇ-ടെൻഡർ പ്രക്രിയയിൽ നിർവഹണ ഏജൻസിയായി സ്റ്റീൽ ഇൻട്രസ്ട്രീസ് ലിമിറ്റഡ് പ്രവർത്തിക്കും. തദ്ദേശവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറെ നിർവഹണ ഉദ്യോഗസ്ഥനായും നിയമിച്ചു.
ഇന്ത്യയിലെ മികച്ച ബ്രാൻഡുകളാണ് ഹൈമാസ്റ്റ് ലൈറ്റ് പദ്ധതിയിൽഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂൾ പരിസരങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, വായനശാല, ജംഗ്ഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കുക എന്നതാണ് വെളിച്ച വിപ്ലവം പദ്ധതിയുടെ ലക്ഷ്യം. മല്ലപ്പുഴശേരി പഞ്ചായത്തിലെ കാരംവേലി, തുണ്ടഴം, കർത്തവ്യം, പുന്നയ്ക്കാട്, കുഴിക്കാല, ചക്കിട്ടമുക്ക്, കാഞ്ഞിരംവേലി എന്നിവിടങ്ങളിലും കോഴഞ്ചേരി പഞ്ചായത്തിൽ വഞ്ചിത്ര, ടിബി ജംഗ്ഷൻ, മേലുകര, കുരങ്ങുമല, ചേക്കുളം വായനശാല, പാലക്കത്തറ, കൊല്ലിരേത്ത് അമ്പലം, കീഴുകര എന്നിവിടങ്ങളിലും ഓമല്ലൂർ പഞ്ചായത്തിൽ വാഴമുട്ടം യുപി സ്കൂൾ ജംഗ്ഷൻ, കുരിശുമൂട് ജംഗ്ഷൻ, അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിലും നാരങ്ങാനം പഞ്ചായത്തിൽ വാർഡ് 14 തെക്കേഭാഗം, മഹാണില എസ്ടി കോളനി എന്നിവിടങ്ങളിലുമാണ് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുക.