പത്തനംതിട്ട: മഴയും കാറ്റും തുടരുന്നതിനിടെ ജില്ലയില്‍ നാശനഷ്ടങ്ങളും ഏറി. ഇന്നലെ വരെയുള്ള കണക്കുകളില്‍ ആറ് താലൂക്കുകളിലായി 105 വീടുകള്‍ ഭാഗികമായി തകര്‍ന്നു. റാന്നി താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. റാന്നി 30, കോന്നി 19, അടൂര്‍ 12, കോഴഞ്ചേരി എട്ട്, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി 18 വീതവും വീടുകള്‍ക്കാണ് ഭാഗിക നഷ്ടം. വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലാണ് വീടുകള്‍ക്ക് ഏറെയും നാശനഷ്ടം ഉണ്ടായത്.
മരങ്ങള്‍ കടപുഴകി വീണുണ്ടായ നഷ്ടങ്ങള്‍ ഏറെയാണ്. വീടുകളുടെ മേല്‍ക്കൂരയും ഭിത്തിയുമടക്കം പലയിടങ്ങളിലും തകര്‍ന്നിട്ടുണ്ട്. കാറ്റിലുണ്ടായ തകരാറിനൊപ്പം മഴ ശക്തമായി തുടര്‍ന്നതു കാരണം ചില വീടുകളുടെ ഭിത്തി തകര്‍ന്നും നഷ്ടമുണ്ടായിട്ടുണ്ട്.
വീടുകള്‍ കൂടാതെ പൊതുസ്ഥാപനങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയ്ക്കും വ്യാപകമായി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ് റവന്യു അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍
മഴക്കെടുതികളേ തുടര്‍ന്ന് മാറിത്താമസിക്കേണ്ടിവന്നവര്ക്കായി ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ എട്ടും അടൂരില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 39 കുടുംബങ്ങളിലായി 48 പുരുഷന്മാരും 59 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടെ 139 പേര് ക്യാമ്പിലുണ്ട്.
തിരുമൂലപുരം എസ്എന്‍വിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, ആലംതുരുത്തി സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല ഡയറ്റ്, മാരാമണ്‍ എംഎംഎഎച്ച്എസ്, മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, തുകലശേരി സിഎംഎസ്എച്ച്എസ്എസ്, പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പിഎസ്, ചേരിക്കല്‍ എസ്എന്‍എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.
കക്കി, പമ്പ ഡാമുകളില്‍ നീല മുന്നറിയിപ്പ്
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി - ആനത്തോട്, പമ്പ സംഭരണികളില്‍ ജലനിരപ്പ് 70 ശതമാനത്തിനു മുകളിലെത്തിയതോടെ നീല മുന്നറിയിപ്പ് നല്കി. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കക്കി - ആനത്തോട് സംഭരണിയില്‍ നീല മുന്നറിയിപ്പ് ശനിയാഴ്ച നല്‍കിയിരുന്നു. 74.30 ശതമാനമാണ് സംഭരണിയിലെ ജലനിരപ്പ്. 974.10 മീ്റര് വെള്ളമുണ്ട്. 981.46 മീറ്ററാണ് സംഭരണിയുടെ ശേഷി.
പമ്പാ ഡാമിലെ ജലനിരപ്പ് നീല മുന്നറിയിപ്പ് നിലയായ 982 മീറ്ററില്‍ എത്തിയപ്പോഴാണ് പ്രാഥമി മുന്നറിയിപ്പ് നല്‍കിയത്. 73 ശതമാനം വെള്ളം ഇന്നലെ രാവിലെയുണ്ട്. 986.33 മീറ്ററാണ് സംഭരണിയുടെ ശേഷി.
ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴയുള്ളതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഡാമിന്റെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 983.5 മീറ്റര്‍ എത്തിയാല്‍ പൊതു ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 984.5 മീറ്ററില്‍ എത്തിയാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം.
തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാനാകാതെ കെഎസ്ഇബി
ശക്തമായ കാറ്റിലുണ്ടായ തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാനാകാതെ കെഎസ്ഇബി. 280 സ്ഥലങ്ങളിലാണ് കെഎസ്ഇബിക്ക് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്നൂറിലിധകം വൈദ്യുതി തൂണുകള്‍ രണ്ടുദിവസങ്ങള്‍ക്കിടെ ഒടിഞ്ഞു വീണു. വൈദ്യുതി കമ്പികള്‍ പൊട്ടിയും ട്രാന്സ്ഫോര്മറുകള്ക്കുണ്ടായ നഷ്ടവും വേറെയാണ്. 61 പതിനൊന്ന് കെവി വൈദ്യുതി തൂണുകളടക്കം തകര്‍ന്നു.
റാന്നി, കക്കാട്, പെരുനാട്, വടശേരിക്കര, കോന്നി, കോഴഞ്ചേരി, അയിരൂര്‍ സെക്ഷനുകളിലാണ് നാശമേറെയും. മൂന്നു ദിവസങ്ങളായി രാപകലില്ലാതെ കെഎസ്ഇബി ജീവനക്കാര്‍ പണിയെടുക്കുകയാണ്. 13 സെക്ഷനുകളിലായി 354 കരാര്‍ തൊഴിലാളികളെയും രംഗത്തിറക്കിയിട്ടുണ്ട്. ഒടിഞ്ഞ മരങ്ങള്‍ മുറിച്ചുനീക്കിയാണ് വൈദ്യുത കമ്പികള്‍ പുനഃസ്ഥാപിച്ചത്.
പുതിയ പോസ്റ്റുകള്‍ എത്തിച്ച് സ്ഥാപിക്കാന്‍ സമയമെടുത്തു. മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി കമ്പികള്‍ തുടിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ വരുംദിവസങ്ങളില്‍ മാത്രമേ പരിഹരിക്കാനാകൂ. പരമാവധി സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിലേക്കുള്ള ശ്രമമാണ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
മൂഴിയാര്‍ സംഭരണി തുറന്നു
മൂഴിയാര്‍ സംഭരണിയുടെ മൂന്ന് ഷട്ടറുകളും ഇന്നലെ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ഒന്നും മൂന്നും ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതവും രണ്ടാം നമ്പര്‍ 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്. സംഭരണിയുടെ ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190 മീറ്ററുമാണ്.
നിലവിലെ ജലനിരപ്പ് 192.50 മീറ്ററാണ് ഇതേത്തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കക്കാട്ടാറിന്റെയും പമ്പയുടെയും തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്.
അപ്പര്‍ കുട്ടനാട് മേഖലയില്‍ വീണ്ടും പ്രളയം
തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വീണ്ടും പ്രളയക്കെടുതികൾ. ഇക്കൊല്ലം കാലവര്‍ഷം ആരംഭിച്ചശേഷം പടിഞ്ഞാറന്‍ മേഖലയിലുണ്ടാകുന്ന നാലാമത്തെ വെള്ളപ്പൊക്കമാണിത്. കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.
കുറ്റൂരിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും പ്രളയക്കെടുതികളുണ്ട്. മേപ്രാൽ, പെരിങ്ങര, നെടുമ്പ്രം ഭാഗങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. ആളുകള്‍ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. കിഴക്കന്‍മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ ശക്തി ഏറിയതോടെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയത്.