പൊ​തു​വ​ഴി​യെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, July 29, 2025 7:26 AM IST
പ​ത്ത​നം​തി​ട്ട: രോ​ഗി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള ഏ​ക ന​ട​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി ആ​ർ​ഡി​ഒ പ​രി​ശോ​ധി​ച്ച് പൊ​തു​വ​ഴി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റ‌ീസ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. മ​ല്ല​ശേ​രി വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​നി ശ്യാ​മ​ള​കു​മാ​രി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. 80 മീ​റ്റ​ർ നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള വ​ഴി ത​ർ​ക്ക​ത്തി​ലാ​ണെ​ന്നും വ​ഴി​യി​ൽ മ​തി​ലോ മ​റ്റു നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്താ​ൻ എ​തി​ർ​ക​ക്ഷി ശ്ര​മി​ക്കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ർ ആ​രോ​ഗ്യ​പ​ര​മാ​യി മോ​ശം അ​വ​സ്ഥ​യി​ലാ​ണെ​ന്നും ചൂ​ണ്ടാ​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി അ​ടൂ​ർ ആ​ർ​ഡി​ഒ​യ്ക്ക് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ പ​രാ​തി​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.