പാലക്കാട്: ജില്ലയിലെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി മാറ്റണമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. നവീന കൃഷിരീതികൾ അവലംബിച്ചുകൊണ്ട് ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കേരപദ്ധതി നിർവഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് ന്യായവില ഉറപ്പാക്കണം. കാർഷികോത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. ശാസ്ത്രീയമായ കൃഷിരീതികൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു.
കേരളത്തിലെ കാർഷികമേഖലയുടെ സുസ്ഥിരവളർച്ചയും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ടുള്ള കൃഷിരീതികളിലൂടെ വരുമാനവർധനവും ലക്ഷ്യമിട്ട് ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് കേര. മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും കാർഷികോത്പന്നങ്ങളുടെ ഉത്പാദനവും മൂല്യവർധനയും വിപണനവും വർധിപ്പിക്കാനും കർഷകർക്കിടയിൽ സംരംഭകത്വം വളർത്തിയെടുക്കാനുമാണ് കേര പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ അടിസ്ഥാനമാക്കി ഓരോ പ്രദേശങ്ങൾക്കും അനുസൃതമായ കൃഷിരീതികൾ നടപ്പിലാക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക സഹായവും കേരപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്. റബർ, കാപ്പി, ഏലം തുടങ്ങിയ വിളകളുടെ പുനരുജീവനത്തിനും കർഷക ഉത്പാദക കന്പനികൾ, അഗ്രി സ്റ്റാർട്ടപ്പുകൾ, അഗ്രി പാർക്കുകൾ എന്നിവയുടെ സമഗ്ര വികസനത്തിനുമായി പ്രത്യേക പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, വ്യവസായ വാണിജ്യ വകുപ്പ്, ജലസേചന വകുപ്പ്, കിൻഫ്ര, സ്റ്റാർട്ടപ്പ് മിഷൻ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ്, റബർബോർഡ്, വിഎഫ്പിസികെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൃഷിവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷനായി. മുൻസിപ്പൽ ചെയർപേഴ്സണ് പ്രമീള ശശിധരൻ മുഖ്യാതിഥിയായി. കേരസെൽ കോ-ഓർഡിനേറ്റർ ഡോ.എസ്. ലത, ജില്ലാ കൃഷി ഓഫീസർ അറുമുഖ പ്രസാദ്, ആത്മ പ്രൊജക്റ്റ് ഡയറക്ടർ എൻ. ഷീല, ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. ഗിരീഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.അരുണ്, റീജണൽ പ്രൊജക്ട്് ഡയറക്ടർ ഉണ്ണിരാജൻ, ജോസഫ് ജോണ് തേറാട്ടിൽ എന്നിവർ പങ്കെടുത്തു.