വെള്ളറട: അതിര്‍ത്തി മലയോരഗ്രാമങ്ങളില്‍ വന്യമൃഗശല്യം കാരണം കര്‍ഷകരും നാട്ടുകാരും വലയുന്നു. അമ്പൂരി, വെള്ളറട, കള്ളിക്കാട് പഞ്ചായത്ത് പ്രദേശങ്ങളെയാണ് കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്.
പതിറ്റാണ്ട് മുമ്പ് തമിഴ്നാടിലെ സര്‍ക്കാര്‍, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ചേരികളിലും, ചാലുകളിലും വളര്‍ത്തുന്ന പന്നികളെയും അമ്പലങ്ങളില്‍ തമ്പടിച്ചിരുന്ന കുരങ്ങുകളെയും പിടികൂടി അതിര്‍ത്തി വനത്തില്കൊണ്ട് വിട്ടതാണു പിന്നീട് മലയോര ഗ്രാമീണര്‍ക്ക് വിനയായത്. നാട്ടില്‍ കഴിഞ്ഞിരുന്ന പന്നികള്‍ക്കും, കുരങ്ങന്മാര്ക്കും കാട്ടില്‍ തീറ്റ തേടി പരിചയമില്ല, വിശക്കുമ്പോള്‍ ഇവ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുകയാണ്.
മനുഷ്യരെ ഭയമില്ലാത്തതു കാരണം വിരട്ടി ഓടിച്ചാലും കുരങ്ങന്മാര് പോകാറില്ല. അംഗബലം കൂട്ടി എത്തി അക്രമാസക്തരാവുകയാണ് പതിവ്. സഹ്യപര്‍വ്വത നിരകളില്‍ ഉള്‍പ്പെട്ട കൂനിച്ചി, കൊണ്ടകെട്ടി, കുരിശുമലകളുടെ അടിവാരങ്ങളിലെ കൃഷിത്തോട്ടങ്ങളിലാണ് ഇവയുടെ വാസം. പെറ്റു പെരുകുന്നതുമൂലം മാസങ്ങള്‍ പിന്നിടും തോറും അംഗസംഖ്യ ഇരട്ടിയാവുകയാണ്.
ഉണങ്ങാന്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും എടുത്തുകൊണ്ടു പോവുക, കാര്‍ഷിക വിളകള്‍ നശിപ്പിക്കുക, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുക, റബര്‍ തോട്ടങ്ങളില്‍ പാല് നിറഞ്ഞിരിക്കുന്ന ചിരട്ടകള്‍ തട്ടി കമഴ്ത്തുക, വീട്ടിനുള്ളില്‍ കയറി ആഹാരസാധനങ്ങള്‍ മോഷ്ടിക്കുക, മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും നശിപ്പിക്കുക എന്നിവയാണ് വാനരന്മാരുടെ വിനോദങ്ങള്‍. വിരട്ടി ഓടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ അംഗബലത്തോടെ തിരിച്ചെത്തും. രാത്രികളിലാണ് പന്നിക്കൂട്ടങ്ങള്‍ എത്തുന്നത്. മുന്നില്‍ കാണുന്നതെല്ലാം നശിപ്പിച്ചശേഷമാണ് ഇവയുടെ മടക്കം. പുലര്‍ച്ചെ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും ഏറെയുണ്ട്.
വാഴ, മരിച്ചീനി, ചേമ്പ്, ചേനകൃഷികളെല്ലാം പന്നികള്‍ കാരണം നശിച്ചു. പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും നശിക്കുന്ന കര്‍ഷക വിളകള്‍ക്ക് നഷ്ടപരിഹാരം യഥാസമയം ലഭിക്കുന്നില്ലെന്ന കര്‍ഷകരുടെ പരാതിയും വന്‍തോതില്‍ കൃഷികള്‍ നശിച്ചു കര്‍ഷകര്‍ കടക്കെ ണിയിലായി ബാങ്ക് വായ്പകളുടെ അടവുകള്‍ മുടങ്ങി നല്ലൊരു ശതമാനം കര്‍ഷകരും കടക്കെണിയിലാണ്.
ഗ്രാമങ്ങളില്‍ മഴക്കെടുതിയില്‍ കൃഷിനശിച്ചവര്‍ക്കും ധനസഹായം യഥാസമയം കിട്ടുന്നില്ല. കാട്ടിനുള്ളില്‍ ആഹാരവും വെള്ളവും കിട്ടാത്തതു കൊണ്ടാണ് വന്യമൃഗങ്ങള്‍ എല്ലാം നാട്ടിലേക്കിറങ്ങുന്നത്. ആയിരക്കണക്കിനു കുരങ്ങന്മാര് ഗ്രാമീണ മേഖലകളില്‍ വിഹരിക്കുന്നു. പ്രദേശത്തു നിന്നു കുറച്ചു പിടികൂടി മാറ്റിയാലും പ്രശ്നം തീരില്ല. ഈ ശ്രമം പലവട്ടം പരാജയപ്പെട്ടതാണ്. കുരങ്ങന്മാരുടെയും പന്നികളുടെയും ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കര്‍ഷക സംഘടനകള്‍ ഉണ്ടെങ്കിലും മലയോര പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന ഈ ക്രൂരമായ പ്രശ്നത്തിന് ആരും കൃത്യമായി പ്രതികരിക്കുകയോ, സമരം നടത്തുകയോ ചെയ്യുന്നില്ല .
വന്യമൃഗങ്ങള്‍ ഗ്രാമീണ മേഖലയില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കാരണം കര്‍ഷകര്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. ഫല വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാനും തടയണകള്‍ നിര്‍മിച്ചും വെള്ളം തടഞ്ഞ് നിര്‍ത്താനും കെ. ബി. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ പദ്ധതി ഇട്ടെങ്കിലും നടന്നില്ല. ഇപ്പോഴെങ്കിലും കാട്ടിനുള്ളില്‍ ആവാസ വ്യവസ്ഥ ഒരുക്കി വന്യമൃഗങ്ങള്‍ നാട്ടിലേക്കെത്തുന്നത തടയുന്നത് വരെ മലയോര നിവാസികള്‍ ദുരിതത്തിലാവും.
കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ കൂട്ടംചേര്‍ന്നാണ് എത്തുന്നത്. പക്ഷേ കാലങ്ങളായി കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ സംഘടിക്കുന്നുമില്ല. കര്‍ഷകര്‍ പലരും ആത്മഹത്യയുടെ വക്കിലുമാണ്.