നെയ്യാറ്റിൻകര : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും പൊതുജന സുരക്ഷ ഉറപ്പു വരുത്തേണ്ട പ്രാദേശിക ഭരണസംവിധാനങ്ങൾ തന്നെ വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് ഒത്താശ ചെയ്യുന്ന അവസ്ഥ സ്വൈര ജീവിതത്തിനു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ അടിച്ചേൽപ്പിക്കുകയാണെന്നും കേരളാ ലാറ്റിൻ കാത്തൊലിക് അസോസിയഷൻ അഭിപ്രായപ്പെട്ടു.
അനാവശ്യതടവിൽനിന്നു കന്യാസ്ത്രീകളെ വിമോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തയാറാകേണ്ടി വരു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈ മനുഷ്യത്വരഹിതപ്രവൃത്തിയെ അപലപിക്കണമെന്നും അടിയന്തിരമായി ഛത്തീസ്ഗഡ് സർക്കാരിനോടു വിശദീകരണം ചോദിക്കണമെന്നും രാജ്യത്ത് അധഃസ്ഥിതവർഗത്തെ മനുഷ്യത്വത്തോടെ പരിഗണിച്ചു വിദ്യാഭ്യാസ രംഗത്തും ആതുര ശുഷ്രൂഷാ രംഗത്തും നിസ്തുലമായ സംഭാവനകൾ ചെയ്ത ക്രൈസ്തവ സന്യാസ സമൂഹങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും കെ എൽ സിഎ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ഡി. ജി. അനിൽജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു.
അൽമായ ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, ജനറൽ സെക്രട്ടറി പി.ജോൺ സുന്ദർരാജ്, ട്രഷറർ ജെ.രാജേന്ദ്രൻ, രൂപത നേതാക്കളായ ജെ. അഗസ്റ്റിൻ,എഫ്.ഫെലിക്സ്, ടി.രാജൻ, സി.ടി.അനിത, തിരുപുറം ഷാജികുമാർ, സുരേഷ് ജോസഫ്, ആർ.സുനിൽരാജ്, വി.എൻ.സൗമ്യ എന്നിവർ സംസാരിച്ചു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
തിരുവനന്തപുരം: സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നീ എഎസ്എംഐ സന്യാസിനി സഭാംഗങ്ങളെ അകാരണമായി ജയിലില്‍ അടച്ച ഛത്തീസ്ഗഡ് പോലീസിന്റെ നടപടിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തിരുവനന്തപുരത്തുചേര്‍ന്ന നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി.
ക്രൈസ്തവ പുരോഹിതന്മാര്ക്കും സന്യാസിനിമാര്ക്കുമെതിരേ മുന്‍പും ഇത്തരം അതിക്രമങ്ങള്‍ നടത്തിയപ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്നതേയുള്ളൂ. ഇപ്പോള്‍ നടന്ന സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സന്യാസിനികള്‍ക്ക് സംരക്ഷണം നല്‍കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പൗരനു ഭരണഘടനാനുശ്രതമായി നല്‍കിയിട്ടുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും ഈ രണ്ടു സിസ്റ്റര്‍മാര്‍ക്കൊപ്പം ഛത്തീസ്ഗഡില്‍ നിന്നും ജോലിക്കു പോയ നാലു പെണ്‍കുട്ടികള്‍ക്കു നിഷേധിച്ച ബംജ്റംഗദളിന്റെ പ്രവൃത്തി അത്യന്തം നിന്ദ്യവും അപലപനീയവുമാണെന്നും യോഗം വിലയിരുത്തി. വി.സി. വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോണ്‍ തെക്കേക്കര, ഫാ. ബിബിന്‍ കാക്ക പറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ്, എന്‍.എ. ഔസേപ്പ്, ജനറല്‍ സെക്രട്ടറി ജിനോദ് എന്നിവര്‍ പ്രസംഗിച്ചു.