വെഞ്ഞാറമൂട്: വീട്ടമ്മയില്‍ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മറ്റു നിരവധി തട്ടിപ്പു കേസുകളിലും പ്രതികളായ രണ്ടു പേര് അറസ്റ്റില്‍. വായ്പാ കുടിശിക എഴിത്തള്ളാന് സഹായിക്കാമെന്നു പറഞ്ഞായിരുന്നു വീട്ടമ്മയില്‍ നിന്നും പണം തട്ടിയത്. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയത്തില്‍ കെ.എം. ജിഗേഷ് (40), മാന്നാര്‍ ഇരുമന്തൂര്‍ അച്ചത്തറ വടക്കതില്‍ വീട്ടില്‍ സുമേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഒരു ആഡംബര കാര്‍, 91,000 രൂപ, ലാപ്ടോപ്, പ്രിന്റർ, ഏഴ് മൊബൈല്‍ ഫോണുകള്‍, യുപിഎസ്സിയുടേതു ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്കു പലര്‍ക്കായി തയാറാക്കി വച്ചിരുന്നു വ്യാജ നിയമന ഉത്തരവുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്കു തുടക്കം. പരാതിക്കാരി കേരളാ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതു തിരിച്ചടവു മുടങ്ങുകയും ബാങ്ക് ജപ്തി നടപടികളിലേക്കു കടക്കുകയും ചെയ്തു. വീട്ടമ്മയുടെ ഒമാനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ഇക്കാര്യം കൂടെ നോലിചെയ്യുന്ന മൂവാറ്റുപുഴ പൈങ്ങോട്ടുകര സ്വദേശിയായ ഷിജുവിനോടും പറഞ്ഞിരുന്നു.
പ്രശ്ന പരിഹാരമെന്ന നിലയില്‍ തന്റെ പരിചയത്തില്‍ കേരളാ ബാങ്കിന്റെ കാര്യങ്ങള്‍ നോക്കുന്ന ജഡ്ജിയുണ്ടന്നും താല്പര്യമുണ്ടങ്കില് അയാളെ ഏര്‍പ്പാടാക്കാമെന്നും ഷിജു പറയുകയുണ്ടായി. ഇതിന് പ്രകാരം വീട്ടമ്മയെ ഭര്‍ത്താവു വിളിച്ച് കാര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും 2022ല്‍ വെമ്പായത്തെ ആഡംബര ഹോട്ടലിനു മുന്നില്‍വച്ച് വീട്ടമ്മ അന്നേ ദിവസം ഒന്നര ലക്ഷം രൂപയും അടുത്ത മാസത്തില്‍ മൂന്നു തവണകളായി നാലര ലക്ഷം രൂപയും കൂടി കൊടുക്കുകയുമുണ്ടായി.
ഇതൊക്കെയായിട്ടും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ സംശയം തോന്നിയ വീട്ടമ്മ പ്രതികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസും പ്രതികളെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ഫോണുകള്‍ മാറിമാറി ഉപയോഗിക്കുതിനാല് വിജയിച്ചില്ല. ഒടുവില്‍ നിരന്തര ശ്രമത്തിനൊടുവില്‍ ഫോണില്‍ കിട്ടിയെങ്കിലും പോലീസാണെന്നു മനസിലാക്കി പ്രതികള്‍ ഫോണ്‍കട്ട് ചെയ്തു.
ഇതോടെ പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതികൾ ആലപ്പുഴ ഭാഗത്തുണ്ടെന്നു മനസിലാക്കി നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വ്യാജ ജഡ്ജി എസ്എസ്എല്‍സി തോറ്റയാളാണെന്നു കണ്ടെത്തി.
പല സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് ഫോണ്‍ നമ്പരുകള്‍ മാറ്റി പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ആളുകളെ വീഴ്ത്തുന്നത്. പിടികൂടിയ 91,000 രൂപ ദേവസ്വം ബോര്‍ഡില്‍ വ്യാജ നിയമന ഉത്തരവ് നല്കി തട്ടിയെടുത്തതാണെന്നും കണ്ടെത്തി. പ്രതികള്‍ക്കെതിരെ 2014 ല്‍ കണ്ണൂരിലും 2018 ല്‍ പെരുമ്പാവൂരിലും, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലും സമാനമായ രീതിയുള്ള തട്ടിപ്പുകള്കള്ക്കു കേസുകളുണ്ടന്നും മനസിലാക്കാനായെന്നും പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട് എസ്എച്ച്ഒ ആ സാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്ഐ സജിത്ത്, എം.എ. ഷാജി, വി. ഷാജി, സിപിഒമാരായ സന്തോഷ്, ഷാനവാസ്, എന്നിവടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.