അങ്ങാടിപ്പുറം: ഐശ്വര്യത്തിന്റെയും സന്പൽസമൃദ്ധിയുടെയും പ്രതീകമായി ക്ഷേത്രങ്ങളിൽ ’നിറ’ ആഘോഷിച്ചു. കർക്കടക മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് നിറ ആചരിക്കുന്നത്. പുതിയ നെൽക്കതിരും നിറവല്ലവും പൂജിച്ച്, നാക്കിലയിൽ വച്ച് ശിരസിലേറ്റി നിറ.. നിറ... പൊലി... പൊലി എന്ന് ഉരുവിട്ട് ക്ഷേത്ര ശ്രീകോവിലുകളിലും മറ്റു പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കുന്നു. അടുത്ത ഒരു വർഷം നാട്ടിലും വീട്ടിലും ഐശ്വര്യം ഉണ്ടാകുവാനും കൃഷിയുടെ അഭിവ്യദ്ധിക്കുമായാണ് പുരാതനകാലം മുതൽ നിറ ആചരിച്ചുവരുന്നത്.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ എട്ട് മണിയോടെ കിഴക്കെ ആൽത്തറയിൽ നിന്ന് കതിർക്കറ്റകൾ കീഴ്ശാന്തിമാർ ശിരസിലേറ്റി കുത്തുവിളക്കിന്റെയും വാദ്യങ്ങളുടെയും ശംഖൊലിയുടെയും അകന്പടിയോടെ ക്ഷേത്രത്തിൽ വലംവച്ച് വടക്കെ നടയിലെ ബലിക്കൽപുരയിലെത്തി. അവിടെ ആരതി ഉഴിഞ്ഞ്, അരിയെറിഞ്ഞ് എതിരേറ്റ് നാലന്പത്തിനകത്ത് ശിവന്റെ മുഖമണ്ഡപത്തിൽ ഇറക്കിവച്ചു.
കതിർക്കുകളും നിറവല്ലവും (അത്തി, ഇത്തി, ഇല്ലി, നെല്ലി, അരയാൽ, പേരാൽ, മാവ്, പ്ലാവ്, ദശപുഷ്പം, വള്ളിപ്പാല, കൊടകപ്പാല, ഓരില, മൂവില തുടങ്ങിയവ) പൂജിച്ച് പവിത്രമാക്കിയ ശേഷം ശാന്തിക്കാർ തന്നെ എല്ലാ ശ്രീകോവിലുകളിലും സ്ഥാപിച്ചു. തുടർന്ന് ഭക്തജനങ്ങൾക്ക് പൂജിച്ച നെൽക്കതിരും നിറവല്ലവും വിതരണം ചെയ്തു.
ഭക്തർ കതിരും നിറവല്ലവും നാക്കിലയിൽ എറ്റുവാങ്ങി ഭവനങ്ങളിലേക്ക് കൊണ്ടുപോയി. തുടർന്ന് നിലവിളക്ക് കൊളുത്തി എതിരേറ്റ് ആദ്യം അരിമാവ് അണിഞ്ഞ പലകമേൽ വക്കുന്നു. പിന്നീട് പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതോടെ ചടങ്ങ് പൂർണമാകുന്നു. ഈ വർഷം രാമപുരം ആലിക്കൽ ഹംസയും പ്രകാശൻ ആനമങ്ങാടുമാണ് ക്ഷേത്രത്തിലേക്കാവശ്യമായ നെൽക്കതിരുകൾ നൽകിയത്.
ക്ഷേത്രം കീഴ്ശാന്തിമാരായ അനിൽ നന്പൂതിരി, വിനീത് നന്പൂതിരി, ദീപക് നന്പൂതിരി, രാമൻ എന്പ്രാന്തിരി, ഹരിദാസ് നന്പൂതിരി എന്നിവരാണ് നെൽക്കതിരുകൾ മാതൃശാലയിലേക്ക് എഴുന്നള്ളിച്ചത്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നിറ ഉത്സവമുണ്ടായിരുന്നു.