മലപ്പുറം: കർക്കടക വാവുബലി പ്രമാണിച്ച് വിശ്വാസികൾ ഇന്നലെ ബലിതർപ്പണം നടത്തി. തൃമൂർത്തി സംഗമ സ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ആയിരങ്ങളാണ് പിതൃമോക്ഷം തേടി ബലിയിട്ടത്.
വാവുബലിതർപ്പണത്തിനായി അരലക്ഷത്തോളം പേരാണ് ത്രിമൂർത്തി സംഗമ സ്ഥാനത്ത് എത്തിയത്. മണ്മറഞ്ഞവരുടെ സ്മരണയിൽ ശിവനെയും ബ്രഹ്മാവിനെയും വിഷ്ണുവിനെയും പ്രാർഥിച്ച് വിശ്വാസികൾ ഭാരതപ്പുഴയിൽ സ്നാനം ചെയ്തു ശുദ്ധിവരുത്തി.
ശേഷം, ബലിപ്പടവുകളിൽ ഈറനുടുത്തിരുന്ന് പിതൃക്കളെ മനസിലാവാഹിച്ച് നാക്കിലയിൽ ഒരുക്കിയ ബലിപിണ്ഡം നിളയിൽ സമർപ്പിച്ച് മുങ്ങിയുയർന്നു. ഇടനേരങ്ങളിൽ പെയ്തിറങ്ങിയ മഴത്തുള്ളിയെ അനുഗ്രഹമായി കണ്ടു.പുലർച്ചെ 2.30നാണ് ബലിതർപ്പണം ആരംഭിച്ചത്. അതിനും മണിക്കൂറുകൾക്ക് മുന്‍പേ കടവുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നിളാ തീരത്തിനോട് ചേർന്നുള്ള പടവുകളിലിരുന്ന് പിതൃമോക്ഷത്തിനായി ഓരോരുത്തരും നിറമനോസോടെ പ്രാർഥിച്ചു.മഴയും വെയിലും ഏൽക്കാതെ ബലിയിടുന്നതിന് ക്ഷേത്രകവാടം മുതൽ പടിഞ്ഞാറ് വരെ പന്തൽ സൗകര്യം ഒരുക്കിയിരുന്നു. 16 കർമികൾ മന്ത്രങ്ങൾ ഉരുവിട്ട് നിർദേശങ്ങൾ നൽകി ചടങ്ങുകൾക്ക് നേതൃത്വം നൽകി. പടിഞ്ഞാറെ നടയിലൂടെ വന്ന് ബലികർമങ്ങൾ നടത്തി ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തി കിഴക്കേ നടയിലൂടെയാണ് വിശ്വാസികൾ തിരിച്ചുപോയത്.
നിരവധി ഭക്തർ ബുധനാഴ്ച രാത്രി തന്നെ ഇവിടെ എത്തിച്ചേർന്നിരുന്നു. ജില്ലയിലെ വിവിധ ക്ഷേത്രപരിസരത്ത് ബലികർമങ്ങൾ നടന്നിരുന്നു. മിക്കയിടത്തും നല്ല തിരക്കനുഭവപ്പെട്ടു. തിരുനാവായയിൽ തിരൂർ ഡിവൈഎസ്പി എസ്. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ 200ലധികം പോലീസ് സംഘം സുരക്ഷയ്ക്കെത്തി. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മുങ്ങൽ വിദഗ്ധരും സുരക്ഷാ ബോട്ടുകളും സജ്ജമാക്കിയിരുന്നു.
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ പണപ്പൊയിൽ - കൊമ്പൻ കല്ല് മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടത്തി. നിരവധി ആളുകൾ പങ്കെടുത്തു. മുഖ്യ കർമ്മി പുഷ്ക്കര ശർമ്മയുടെ നേതൃത്ത്വത്തിലാണ് ചടങ്ങുകൾ നടന്നത്. എല്ലാ വർഷവും കുംഭവാവിനും കർക്കിടക വാവിനും ഈ ക്ഷേത്രത്തിനു കീഴിൽ ബലിതർപ്പണം നടത്തിവരുന്നുണ്ട്.
എടക്കര: കര്‍ക്കടക വാവിനോടനുബന്ധിച്ചു പിതൃ പുണ്യം തേടി നൂറു കണക്കിനാളുകള്‍. ചുങ്കത്തറ അമ്പലപൊയില്‍ മണ്ണാത്തി ക്ഷേത്ര ശാന്തി തീരം കടവില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നൂറുകണക്കിനാളുകള്‍ മണ് മറഞ്ഞവരുടെ സ്മരണയില്‍ ബലിതര്‍പ്പണം നടത്തിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതി മണ്ണാത്തി ശാഖ സമിതിയാണ് പിതൃതര്‍പ്പണത്തിന് വേദി ഒരുക്കിയത്.
ചടങ്ങിന് സി.വി. സുബ്രമണ്യന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പോത്തുകല്‍ സ്റ്റേഷനിലെ പൊലീസ് അധികാരികള്‍, നിലമ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് തുടങ്ങിയവര്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കി.
എം. വാസുപിള്ള, എസ്. ശിവദാസന്‍, എം.പി. അഭിലാഷ് മോഹനന്, വിജയന് വയക്കര, എം.പി. അനൂപ്, എം.പി. രാജേദ്രന്‍ തുടങ്ങിയവര്‍ നേതൃത്വ നല്കി. പാലേമാട് ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പാലേമാട് ക്ഷേത്രക്കടവില്‍ നടന്ന കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ആചാര്യന് രാജേഷ് മോഹന്‍ കാര്‍മികത്വം വഹിച്ചു. പി. ഉണ്ണികൃഷ്ണന് നായര്‍, ടി.കെ. ജനാര്ദ്ദനന്, പി. രാമകൃഷ്ണന്, ജിജേഷ് കണ്ണന്, പി.ആര്. കൃഷ്ണനുണ്ണി, വേണുഗോപാലന്‍, വി.എസ്. രാജേഷ്, പ്രസാദ് മാനശ്ശേരി, അനീഷ് മണി എന്നിവര്‍ നേതൃത്വം നല്കി.
ചെമ്മലശേരി: ചെമ്മലശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രക്കടവിൽ കർക്കടക വാവിനോടനുബന്ധിച്ച് പിതൃതർപ്പണവും തിലഹോമവും നടന്നു. ക്ഷേത്രത്തിലെത്തിയ മുഴുവനാളുകൾക്കും പ്രഭാത ഭക്ഷണവും ഔഷധ കഞ്ഞിയും വിതരണം ചെയ്തു. തലേ ദിവസമെത്തുന്നവർക്ക് സൗജന്യ താമസവും ദേവസ്വം ഒരുക്കിയിരുന്നു.
പിതൃതർപ്പണത്തിന് തൃപ്രയാർ അനിൽ ശാസ്ത്രികളും , തിലഹോമത്തിന് മേൽശാന്തി കൃഷ്ണ മുരാരി ഭട്ടും മുഖ്യ കാർമികത്വം വഹിച്ചു. കോഴിശേരി തൊടി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ ഭാഗവത പാരായണവും നടന്നു.