പാരിപ്പള്ളി:കല്ലുവാതുക്കൽ പഞ്ചായത്തിലെ യുഡി എഫ് നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരേ എൽഡിഎഫും ബിജെപിയും നടത്തുന്ന നുണ പ്രചാരണം അവസാനിപ്പിക്കണമെന്ന് കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ. കല്ലുവാതുക്കൽ ചിറക്കര വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 20 വർഷംപഞ്ചായത്ത് ഭരിച്ച എൽ ഡി എഫിനോ മൂന്നരവർഷം ഭരിച്ച ബിജെപി യ്ക്കോ ചെയ്യാൻ കഴിയാതെ പോയ വികസനപ്രവർത്തനങ്ങൾ ഒരു വർഷം മാത്രം ഭരിച്ച യു ഡി എഫിന്റെ ഭരണനേതൃത്വത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.പത്തു കോടിയിലധികം രൂപായുടെ ഡി പി ആർ തയാറാക്കി സർക്കാർ അനുമതിയ്ക്കായി കാത്തിരിക്കുന്ന പാരിപ്പള്ളി കമ്യുണിറ്റി ഹാളിന്റെ ഉൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ ഈ ഭരണസമിതിയ്ക്ക് സാധിക്കും എന്ന് തിരിച്ചറിഞ്ഞതോടെയാണ് കുപ്രചരണങ്ങൾക്ക് ഇവർ മുതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാറയിൽ രാജു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. പ്രതീഷ്കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ്, ഡോ. നടയ്ക്കൽ ശശി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ, സാമുവേൽ കോടക്കയം, ഏറം സന്തോഷ്,ബിനു വിജയൻ, അഡ്വ.സിമ്മിലാൽ,ധർമരാജൻ, നീന റെജി, ലൈല, ബ്ലോക്ക് പഞ്ചായത്തംഗം ആശ , നിതിൻ കല്ലുവാതുക്കൽ, രാജേഷ് , അജിത് ലാൽ,രമണൻ പിള്ള, ഇന്ദിരാ ഭായ്, വിവേക് വിനോദ്, തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുൻമണ്ഡലം പ്രസിഡന്റും കോൺഗ്രസ് നേതാവും ആയചിറക്കര രവിയെ അനുസ്മരിച്ചു.