കൊല്ലം: കേന്ദ്ര സർക്കാരി െന്റ തൊഴിലാളി -കർഷക- ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര - സംസ്ഥാന ട്രേഡ് യൂണിയനുകൾ ,സ്വതന്ത്ര ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സർവീസ് സംഘടനകൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ടിയുസിസി സംസ്ഥാന പ്രസിഡ ന്റ് ബി.രാജേന്ദ്രൻ നായരും ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പുതുതായി രൂപീകരിച്ച ലേബർ കോഡുകൾ പിൻവലിക്കുക, 27900 രൂപ ദേശീയ മിനിമം വേതനമായി പ്രഖ്യാപിക്കുക, ഭരണഘടന അനുശാസിക്കും വിധം എല്ലാ തൊഴിലാളികൾക്കും കൃത്യമായ മിനിമം,ഫെയർ, ലിവിംഗ് വേതനം നടപ്പിലാക്കുക, ആശ, അങ്കണവാടി, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, സാക്ഷരത പ്രേരക് എന്നിവർക്ക് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അനുവദിക്കുക, തൊഴിൽ കരാർ വത്ക്കരണവും പുറം കരാർ തൊഴിൽ നൽകലും അവസാനിപ്പിക്കുക, ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപയാക്കുക, ഇഎസ്ഐ ഇപിഎഫ് ബോണസ് എന്നീ ആനുകൂല്യങ്ങളുടെ അർഹത ശമ്പള പരിധി പൂർണമായും നീക്കം ചെയ്യുക,
എല്ലാ വിഭാഗം തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ബാധകമാക്കുകയും പരിധി ഉയർത്തുകയും ചെയ്യുക, തൊഴിൽ അവകാശമായി പ്രഖ്യാപിച്ച് നിലവിലെ ഒഴിവുകളിൽ നിയമനം നടത്തുക, തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തുക, ഇഎസ്ഐ ആനുകൂല്യം എല്ലാം വിഭാഗം തൊഴിലാളികൾക്കും നടപ്പിലാക്കുക തുടങ്ങിയ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്നത്.
പണിമുടക്ക് ദിവസം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഗവ. ഓഫീസിന് മുന്നിൽ സമര കേന്ദ്രം തുറന്ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ തൊഴിലാളി പ്രകടനങ്ങളോടെ ധർണ സമരം സംഘടിപ്പിക്കുന്നതോടൊപ്പം 140 നിയോജമണ്ഡല കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. ഇന്ന് വിളംബര ജാഥകളും നാളെ പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.