അ​ന്ത്യ​വി​ശ്ര​മം പ്ര​ത്യേ​ക​മൊ​രു​ക്കി​യ സ്ഥ​ല​ത്ത്
Wednesday, July 23, 2025 11:20 PM IST
ആ​ല​പ്പു​ഴ: ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​യ ടി.​വി.​ തോ​മ​സും പി.​ടി.​പു​ന്നൂ​സും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​തി​ന് ചാ​രെ വി​.എ​സി​ന് അ​ന്ത്യ​വി​ശ്ര​മ​ഭൂ​മി. പു​ന്ന​പ്ര സ​മ​രനാ​യ​ക​ന്‍റെ ജ്വ​ലി​ക്കു​ന്ന സ​മ​രാ​വേ​ശം അ​നേ​ക​ർ​ക്ക് പ​ക​ർന്ന് ഇ​നി വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ പ്ര​ത്യേ​കം സ്ഥ​ല​ത്ത്. പു​ന്ന​പ്ര സ​മ​ര​നാ​യ​ക​ര്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​നം വി​.എ​സി​ന്‍റെ പേ​രി​ലാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ക. സ്മാ​ര​ക​ത്തി​ല്‍ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം വേ​ര്‍​തി​രി​ച്ച ഭൂ​മി​യു​ണ്ട്. പു​ന്ന​പ്ര സ​മ​ര നേ​താ​വാ​യി​രു​ന്ന പി.​കെ.​ ച​ന്ദ്രാ​ന​ന്ദ​ന്‍, കെ.​ആ​ര്‍. ഗൗ​രി​യ​മ്മ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ള്‍ ഇ​വി​ടെ​യാ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. എ​ന്നാ​ല്‍, സ​മ​ര​നാ​യ​ക​നും സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നു​മാ​യ വി​.എ​സി​നാ​യി പ്ര​ത്യേ​കം സ്ഥ​ലം പാ​ര്‍​ട്ടി ത​യാ​റാ​ക്കു​കാ​യി​രു​ന്നു.​

വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ പ്ര​വേ​ശ​ന ഗേ​റ്റി​ന്‍റെ ഇ​ട​തുഭാ​ഗ​ത്താ​ണ് വി​എ​സി​ന്‍റെ സം​സ്‌​കാ​രം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ്ര​ത്യേ​കം സ്മാ​ര​കം ത​യാ​റാ​ക്കു​ന്നു​ണ്ടോ എ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ സം​സ്‌​കാ​രച്ചട​ങ്ങു​ക​ള്‍​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക​ളോ​ടെ. സി​പി​എം ഏ​രി​യ സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ന്ന​ത്. രാ​മ​ച്ച​വും വി​റ​കും കൊ​തു​മ്പും മാ​ത്ര​മാ​ണ് ചി​ത​യ്ക്ക് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സെന്‍റര്‍ അം​ഗം പ​റ​ഞ്ഞു.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച​തി​നുശേ​ഷം വി​എ​സി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍കു​മാ​ര്‍ ചി​ത​യി​ല്‍ തീ ​പ​ട​ർ​ത്തി. മ​റ്റു ച​ട​ങ്ങു​ക​ള്‍ ഇ​വി​ടെ ഇ​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ള്‍​ക്ക് നി​ല്‍​ക്കാ​നാ​യി പ്ര​ത്യേ​കം പ​ന്ത​ലും ഒ​രു​ക്കി​യി​രു​ന്നു.