പാലാ: പാലാ നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള വിവേചനത്തിനുമെതിരേ നഗരസഭാ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നഗരസഭാ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പാലാ നഗരസഭയിലെ ദുര്‍ഭരണം 2025ലെ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി പറഞ്ഞു.
പ്രതിപക്ഷ കൗണ്‍സിലറായ ആനി ബിജോയ് പ്രതിനിധീകരിക്കുന്ന 16-ാം വാര്‍ഡില്‍ അങ്കണവാടിക്ക് അനുയോജ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുകിട്ടിയിട്ടും അവിടെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. എന്നാല്‍ ഭരണക്ഷി കൗണ്‍സിലറുടെ 24-ാം വാര്‍ഡില്‍ സ്ഥലം പോലുമില്ലാത്ത അങ്കണവാടി കെട്ടിടനിര്‍മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആശുപത്രി കെട്ടിടത്തിന്റെ അപകടാവസ്ഥ കാണിച്ചു പുറത്തുവിട്ട റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്ന നഗരസഭ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. എന്‍. സുരേഷ്, ജോര്‍ജ് പുളിങ്കാട്, ചാക്കോ തോമസ്, സന്തോഷ് മണര്‍കാട്ട്, സാബു ഏബ്രഹാം, ജോഷി വട്ടക്കുന്നേല്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, വി.സി. പ്രിന്‍സ്, മായ രാഹുല്‍, ഷോജി ഗോപി, ടോം നല്ലനിരപ്പേല്‍, ലിജി ബിജു, പി.എന്‍.ആര്. രാഹുല്‍, ജിമ്മി ജോസഫ്, ജോസഫ് പുളിക്കന്‍, ടോണി തൈപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.