ഗാന്ധിനഗര്‍: സംക്രാന്തി ഗ്രാമത്തിന്റെ പാരമ്പര്യവും പഴമയും വിളിച്ചറിയിച്ച സംക്രമവാണിഭത്തില്‍ തലമുറകള്‍ സംഗമിച്ചു. ഒപ്പം സംക്രാന്തി വിളക്കമ്പലത്തില്‍ കര്‍ക്കിടക സംക്രമ ഉത്സവവും ഇന്നലെ നടന്നു.
കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ നഗരസഭയുടെ നേതൃത്വത്തിലായിരുന്നു വാണിഭം. കാര്‍ഷിക പണിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, മണ്‍ചട്ടികള്‍, ഇരുമ്പ് സാധനങ്ങള്‍ തുടങ്ങി കാലം മറന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സാമഗ്രികള്‍ ഇന്നലെ വില്ക്കാനുണ്ടായിരുന്നു.
ഈറ്റകൊണ്ടുള്ള മീന്‍കൂട, വാലന്‍ കുട്ട, വട്ടക്കുട്ട, ചോറ്റുകുട്ട, മുറം, ഭരണി, തഴപ്പായ, കുട്ട, വട്ടി, തവി, കോടാലിക്കൈ, പായ തുടങ്ങിയവയുമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും കുലത്തൊഴിലാളികളും അണിനിരന്നു. കാര്‍ഷിക ഉപകരണങ്ങളായ തൂമ്പ, വാക്കത്തി, അരിവാള്‍, ഇരുമ്പ് ഉപകരണങ്ങള്‍, കോടാലിക്കൈ തുടങ്ങിയവയും വഴിയോര വാണിഭത്തില്‍ നിരന്നു.